കൊച്ചി: ജില്ലയിൽ കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു. ഉച്ചക്കുശേഷം അൽപമൊന്ന് വിട്ടുനിന്നതൊഴിച്ചാൽ തോരാമഴയായിരുന്നു ചൊവ്വാഴ്ച. കണ്ണമാലിയിൽ കടൽക്ഷോഭം രൂക്ഷമാണ്. ദേശീയപാതയില്‍ ആറ് മരങ്ങള്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കണ്ണമാലി മുതൽ വടക്കോട്ട് കടൽ കയറുകയാണ്. കണ്ടക്കടവ്, കണ്ണമാലി, പുത്തൻതോട് ഭാഗത്താണ് കടൽ കയറിയത്.
കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് കടൽവെള്ളം റോഡുകളിലേക്കും വീടുകളിലേക്കും കയറിയത്. വൈപ്പിനിലെ വിവിധ തീരപ്രദേശങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. നായരമ്പലം, വെളിയത്താംപറമ്പ്, പുത്തൻ കടപ്പുറം, എടവനക്കാട്, അണിയിൽ, പഴങ്ങാട്, ചാത്തങ്ങാട് തുടങ്ങിയ മേഖലകളിലാണ് കടൽക്ഷോഭ തീവ്രത കൂടുതൽ. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും നാശനഷ്ടമുണ്ട്.ഏലൂരിൽ ടി.സി.സി കമ്പനിയുടെ എതിർവശം നിന്ന മരം റോഡിനുകുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു.
മൂവാറ്റുപുഴയിൽ കോടതിവളപ്പിൽ പാർക്ക് ചെയ്ത കാറിന് മുകളിലേക്ക് കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായി. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. സമീപത്തെ വലിയ മൺതിട്ടയിൽനിന്ന് വലിയ പാറക്കല്ലുകൾ ഉൾപ്പെടെ കാറിന്റെ മുകൾഭാഗത്ത് പതിക്കുകയായിരുന്നു. കോലഞ്ചേരി പൂതൃക്ക സ്വദേശി ബിജു കെ. ജോർജിന്റെ വാഹനമാണ് തകർന്നത്. ആലങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ നീറിക്കോട് - കൈപ്പെട്ടി റോഡിന് സമീപവും മരം കടപുഴകി കാർ തകർന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് അപകടം നടന്നത്. നെടുകപ്പിള്ളി ബൈലൈനിൽ താമസിക്കുന്ന മഠത്തിപറമ്പിൽ വിനോദ് കുമാറിന്റെ കാറിന്റെ മുകളിലേക്കാണ് മരം വീണത്. ആലുവ മേഖലയിൽ വിവിധ ഭാഗങ്ങളിൽ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീണു. മഴ കനത്തതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിലാകെ മഴ ശക്തമായിരുന്നു. വ്യാഴാഴ്ച യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. പാലാരിവട്ടത്ത് മരം വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വെള്ളം ഇന്നലെയും കെട്ടിനിന്നു.
കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ കണ്ണമാലി സെന്റ് ആൻറണീസ് എൽ.പി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. രണ്ട് കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ രണ്ടുപേർ പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്.എളംകുളം വില്ലേജ് പി ആൻഡ് ടി കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിന് കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ക്യാമ്പ് സജ്ജമാക്കി.
മുളവുകാട് വില്ലേജ് വലിയപറമ്പ് ലക്ഷംവീട് കോളനിയിൽ ഷൈലയുടെ വീടിനുമുകളിൽ മരം വീണു. ആളപായമില്ല.എളംകുളം വില്ലേജ് തേവര ഭാഗത്ത് കേരള റോഡിൽ പുത്തൻവീട്ടിൽ പി.സി. മുരളി എന്നയാളുടെ വീടിന് മുകളിലേക്ക് മരം മറഞ്ഞുവീണത് മൂലം നാശനഷ്ടം ഉണ്ടായി. ആളപായമില്ല.പാലാരിവട്ടം ശ്രീനാരായണ പ്രതിമക്കുസമീപം നിന്ന മരം കടപുഴകി റോഡിലേക്ക് വീണു. രണ്ടുപേർക്ക് പരിക്കേറ്റു.പിറവം ഒലിയപ്പുറം, മുക്കട സ്ഥലങ്ങളിൽ റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി. കളമ്പൂർ വീടിന് മുകളിലേക്ക് വീണ മരം മുറിച്ചുമാറ്റി.
പള്ളുരുത്തി: ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണത്തിൽ നൂറുകണക്കിന് വീടുകളിൽ വെള്ളംകയറി. കടലാക്രമണത്തെ തുടർന്ന് കണ്ണമാലി സെന്റ് ആന്റണീസ് സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. വടക്കൻ ചെല്ലാന മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ കടൽവെള്ളം കരയിലേക്ക് ഇരച്ചുകയറി തുടങ്ങിയത്. കണ്ണമാലി, ചെറിയകടവ്, കമ്പനിപ്പടി ഭാഗങ്ങളിൽ രൂക്ഷമായ കടൽകയറ്റമാണ് ഉണ്ടായത്.
ചെല്ലാനം പഞ്ചായത്തിലെ നാല് മുതൽ പത്ത് വരെയുള്ള വാർഡുകളിലെ തീരപ്രദേശത്തെ മുഴുവൻ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കടൽക്ഷോഭത്തിന് പരിഹാരമായി ടെട്രാപോഡ് സ്ഥാപിച്ച തെക്കൻ ചെല്ലാനത്തെ ഹാർബർ മുതൽ പുത്തൻ തോട് വരെയുള്ള പ്രദേശത്ത് ഇക്കുറി കടൽക്ഷോഭം അനുഭവപ്പെട്ടില്ല. അതേസമയം, പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി വരെയുള്ള മേഖലയിൽ ഇക്കുറി പതിവിലും രൂക്ഷമായ കടൽകയറ്റമാണുണ്ടായത്. ജിയോ ബാഗുകളും മണൽ വാടകളും തകർത്താണ് തിരമാലകൾ കരയിലേക്ക് പ്രവേശിച്ചത്.
മേഖലയിൽ അടിയന്തരമായി ടെട്രാപോഡ് സ്ഥാപിച്ച് തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടു. ഇക്കുറി കാലവർഷത്തിന് മുമ്പ് കാര്യമായ മുൻകരുതൽ നടപടികൾ ഉണ്ടായില്ലെന്നും ഇവർ ആരോപിച്ചു. വെള്ളം വീടുകളിലേക്ക് കയറിയതോടെ തന്നെ വീട്ടിലുണ്ടായ പ്രായമായവരെയും കുഞ്ഞുങ്ങളെയും രോഗ ബാധിതരെയും ഗൃഹനാഥൻമാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.