കൊച്ചി: ജീവിതശൈലിയും തൊഴിൽരീതിയുമെല്ലാം മാറ്റിയെഴുതിയ കോവിഡിെൻറ പ്രതിഫലനങ്ങൾ വിപണിയിലുമുണ്ട്. ഓണക്കാല ഗൃഹോപകരണ വിപണിയിൽ അത് പ്രകടവുമാണ്. കോവിഡിനൊപ്പം ജീവിക്കാൻ തയാറെടുക്കുന്ന ഉപഭോക്താക്കൾക്കൊപ്പം നിൽക്കാൻ ഗൃഹോപകരണ നിർമാതാക്കളും വ്യാപാരികളും ഒരുങ്ങി. പുതിയ കാലത്തെ കണ്ടറിഞ്ഞുള്ള ഉൽപന്നങ്ങളും ഓഫറുകളും വിൽപനാനന്തര സേവനവുമൊക്കെയാണ് കമ്പനികൾ മുന്നോട്ടുവെക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം എല്ലാ ഷോറൂമിലും ഒരുക്കിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ഓണക്കാലവുമായി താരതമ്യം ചെയ്യുേമ്പാൾ കച്ചവടം 35 ശതമാനം മാത്രമാണെന്ന് വ്യാപാരികൾ പറയുന്നു. ടി.വിയും റഫ്രിജറേറ്ററും വാഷിങ് മെഷീനുമെല്ലാം കുടുംബത്തോടൊപ്പമെത്തി ഇഷ്ടപ്പെട്ടത് തെരെഞ്ഞടുക്കുന്നതാണ് മലയാളിയുടെ ശീലം. എന്നാൽ, കോവിഡ് ഭീതിയിൽ ചിലരെങ്കിലും കടകളിലേക്ക് വരാൻ മടിക്കുന്നു. പ്രളയത്തിന് പിന്നാലെയെത്തിയ കഴിഞ്ഞ ഓണക്കാലത്ത് ഇതേസമയം പ്രതിദിനം 40 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയായിരുന്നു പ്രമുഖ ഗൃഹോപകരണ വിൽപനശാലകളിലെ വിറ്റുവരവ്. ഇപ്പോഴത് മൂന്നിലൊന്നായി കുറഞ്ഞു. വരും ദിവസങ്ങളിൽ വിൽപനയിൽ ഉണർവുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
ഉപഭോക്താക്കളുടെ പുതുകാല അഭിരുചികൾക്ക് അനുസൃതമായി കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തി നവീകരിച്ച വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലും ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നതിലും ഇത്തവണയും കമ്പനികൾ മുന്നിലാണ്. കാഷ് ബാക്കും സൗജന്യ സമ്മാനങ്ങളും അധികവാറൻറിയും മുതൽ പകർച്ചവ്യാധികൾക്കെതിരെ അര ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജ് ഒരുക്കിയ ബ്രാൻഡുകളുമുണ്ട്. േകാവിഡുകാലത്തെ സാമ്പത്തികപ്രതിസന്ധി കണ്ടറിഞ്ഞുള്ള ലളിത തവണവ്യവസ്ഥകളാണ് മറ്റൊന്ന്. പേമെൻറ് ആപ്പുകൾ വഴിയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും പണം നൽകുന്നവർ കൂടിയതോടെ നേരിട്ട് പണമടക്കുന്നവർ 20 ശതമാനത്തിൽ താഴെയായി. ഓഫിസിൽനിന്ന് കൊണ്ടുവരുന്ന ലാപ്ടോപ്പും പഴ്സുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ അണുമുക്തമാക്കാൻ സഹായിക്കുന്ന അൾട്രാവയലറ്റ് ഉപകരണങ്ങളാണ് ഇത്തവണ വിപണിയിലെ നവാഗതൻ.
മേയ് വരെ ഇടിഞ്ഞുനിന്ന ടെലിവിഷൻ വിൽപന ഓൺലൈൻ പഠനം തുടങ്ങിയതോടെ ജൂൺ മുതൽ കൂടിയതായി വ്യാപാരികൾ പറയുന്നു. ഇടത്തരം ബ്രാൻഡുകളുടെ വില 1000രൂപ വരെ ഉയരുകയും ചെയ്തു. 43 ഇഞ്ച് മുതൽ വലുപ്പമുള്ള ടി.വികൾക്കാണ് പ്രിയം. 6000 രൂപ മുതൽ 8കെ സാങ്കേതികവിദ്യയിൽ യഥാർഥ കാഴ്ചയുടെ മിഴിവ് നൽകുന്ന 25 ലക്ഷം രൂപയുടെ 85 ഇഞ്ച് ടി.വികൾ വരെയുണ്ട്. സ്റ്റാർ റേറ്റിങ് നിരക്കുകൾ പുതുക്കിയ റഫ്രിജേററ്ററുകളാണ് വിപണിയിലുള്ളത്. സവിശേഷതകൾക്കും സൗകര്യങ്ങൾക്കും അനുസരിച്ച് 13,000 മുതൽ മൂന്നുലക്ഷം രൂപ വരെയാണ് വില. ടോപ് ലോഡും ഫ്രണ്ട് ലോഡും ഒരുമിച്ചുള്ള ഡ്യുവൽ വാഷ് വാഷിങ് മെഷീനുകളാണ് വിപണിയിലെ പുതിയ ശ്രദ്ധാകേന്ദ്രം. 8000 രൂപ മുതൽ ഒന്നര ലക്ഷം വരെയാണ് വില. എ.സി വിൽപന കുറഞ്ഞെങ്കിലും മിക്സി, മൈക്രോവേവ് ഓവൻ, വാട്ടർ പ്യൂരിഫയർ എന്നിവക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന് ബിസ്മി സ്റ്റോർ മാനേജർ സുധീഷ് പറയുന്നു.
ഗൃഹോപകരണങ്ങളുടെ ഡിമാൻഡ് ഏതു പ്രതികൂലസാഹചര്യത്തിലും കുറയുന്നിെല്ലന്നതിനാൽ മുൻമാസങ്ങളിൽ നഷ്ടപ്പെട്ട കച്ചവടത്തിെൻറ കുറച്ചുഭാഗമെങ്കിലും തിരിച്ചുപിടിക്കാനാണ് വ്യാപാരികളുടെ ശ്രമം. ഇതിെൻറ ഭാഗമായി ഓണം കഴിഞ്ഞാലും ഓണവിൽപനയും ഓഫറുകളും ഏതാനും ആഴ്ചകൾകൂടി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.