കുന്നുകര: കുന്നുകര പഞ്ചായത്തിൽ 50 കുടുംബത്തിന് തലചായ്ക്കാൻ ഇടമൊരുങ്ങുന്നു. വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ലൈഫ് മിഷൻ ഭവന പദ്ധതിയിലെ പട്ടിക പ്രകാരം 177 ദൂരഹിതരും 404 ഭവനരഹിതരുമാണ് പഞ്ചായത്തിലുള്ളത്.
ഈ പട്ടികയിൽനിന്നാണ് ഭൂമിയോ വാസയോഗ്യമായ വീടോ ഇല്ലാത്ത ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി 1.9 ഏക്കറും ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതി 75 സെന്റും വിലയ്ക്ക് വാങ്ങുകയായിരുന്നു.
ലൈഫ് മിഷന്, ത്രിതല പഞ്ചായത്തുകൾ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്, ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
1.89 കോടി ചെലവിലാണ് ഭൂമി വാങ്ങിയത്. സർവകക്ഷി യോഗം വിളിച്ച് രൂപവത്കരിച്ച മേൽനോട്ട സമിതി നേതൃത്വത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
അതിനുശേഷം ഒരാൾ പദ്ധതിയിൽനിന്ന് സ്വമേധയാ ഒഴിവായി. അർഹരായ ഭവനരഹിതർക്ക് സുരക്ഷിതമായ ഭവനം ഉറപ്പാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി ‘കരുതലിന് ഒരു കൂട്ട്‘ എന്ന പേരിലാണ് ഭവന നിർമാണം ആരംഭിച്ചത്. 5.5 ലക്ഷം ചെലവിൽ 420 ച. അടി വിസ്ത്രിതിയിലാണ് നിർമാണം.
ഈ മാസാവസാനത്തോടെ വീടുകൾ കൈമാറാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവും വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.