കുട്ടമ്പുഴ വനത്തിൽ വഴിതെറ്റി അകപ്പെട്ട സ്ത്രീകളെ വനപാലകർ രക്ഷപ്പെടുത്തിയപ്പോൾ

ആനക്കൂട്ടം ഞങ്ങളെ ഓടിച്ചു, തൊട്ടടുത്ത പാറപ്പുറത്ത് ഓടിക്കയറി -വനത്തിൽനിന്ന് രക്ഷപ്പെട്ട സ്ത്രീകൾ

കോതമംഗലം: കാട്ടനക്കൂട്ടത്തെ കണ്ട് പാറപ്പുറത്ത് കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഇന്നലെ കുട്ടമ്പുഴ വനത്തിൽ വഴിതെറ്റി അകപ്പെട്ട സ്ത്രീകൾ. ‘ഞങ്ങളെ ആനക്കൂട്ടം ഓടിച്ചു, തൊട്ടടുത്ത പാറപ്പുറത്ത് ഓടിക്കയറി. വലിയ പാറയായതിനാൽ ഏത് ഭാഗത്തുനിന്ന് ആന വന്നാലും കാണാൻ കഴിയുമായിരുന്നു. ആനകൾ ഉള്ളതിനാലാണ് തിരിച്ചുവരാൻ കഴിയാതിരുന്നത്’ - കാട്ടിൽനിന്ന് വനപാലകർ രക്ഷപ്പെടുത്തിയ പുത്തൻപുര ഡാർളി സ്‌റ്റീഫൻ, മാളികേക്കുടി മായ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഏഴോടെ കാടിനുള്ളിൽ ആറുകിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. വനത്തിൽ കുടുങ്ങി 14 മണിക്കൂർ കഴിഞ്ഞാണ് ഇവർ പുറത്തെത്തിയത്. സ്ത്രീകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. ആനക്കൂട്ടം ഉണ്ടാകുന്ന സ്ഥലമാണ്. പശുക്കളെ തെരയാൻ വനത്തിനകത്തേക്ക് പോയ സ്ത്രീകൾ വഴി തെറ്റി വനത്തിൽ അകപ്പെടുകയായിരുന്നു. ഇതിൽ പാറുക്കുട്ടിക്ക് മാത്രമാണ് വനമേഖലയുമായി പരിചയമുണ്ടായിരുന്നത്.

കാട്ടാനക്കൂട്ടം ഉണ്ടായിരുന്നതിനാൽ അറക്കമുത്തിയിൽ പാറക്കൂട്ടങ്ങൾക്ക് മുകളിലാണ് ഇവർ തങ്ങിയിരുന്നത്. ആനയെ കണ്ടതിനെ തുടർന്ന് വഴിമാറി പോയതാണ് വഴി തെറ്റാനിടയാക്കിയത്. ഫോണിൽ ചാർജ് തീർന്നതോടെ ഇവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു.

തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ബുധനാഴ്ച കാണാതായ പശുവിനെ തിരഞ്ഞായിരുന്നു ഇവർ വ്യാഴാഴ്ച രാവിലെ വനത്തിനുള്ളിലേക്ക് പോയത്. ഇവരെ കാണാതായ സമയത്ത് പശു വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. വനപാലകരും അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരുമടങ്ങുന്ന സംഘങ്ങളാണ് കാട്ടിൽ തിരച്ചിൽ നടത്തിയത്.


Tags:    
News Summary - woman missing in kuttambuzha forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.