കൊച്ചി: അർബുദമടക്കം ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ കേരളത്തിന്‍റെ ആരോഗ്യമേഖല വളരെ പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച കാർക്കിനോസ് ഹെൽത്ത് കെയറിന്‍റെ അഡ്വാൻസ്ഡ് സെന്‍റർ ഫോർ കാൻസർ ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിശു, മാതൃ മരണനിരക്ക് കുറക്കുന്നതിൽ നാം വളരെ മുന്നേറിയെങ്കിലും ജീവിതശൈലീരോഗ കാര്യത്തിൽ അത്തരമൊരു അവസ്ഥയല്ല. അർബുദം ലോകത്ത് ഒരു ലക്ഷം പേരിൽ 81 പേരെ ബാധിക്കുമ്പോൾ കേരളത്തിൽ അത് ഒരു ലക്ഷത്തിൽ 135 ആണ്. ഓരോ 15 വർഷം കഴിയുന്തോറും എണ്ണം ഇരട്ടിയാകുകയാണ്
പ്രാരംഭദശയിൽ തന്നെ അർബുദം കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാനാകും. അർബുദം പരിശോധനയിലും ചികിത്സയിലും സർക്കാർ-സ്വകാര്യ സംരംഭകർ സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അർബുദ പരിശോധനക്കുള്ള ലാബ് നെറ്റ്വർക്ക് എല്ലാ ജില്ലയിലും സംവിധാനിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ അധ്യക്ഷതവഹിച്ചു. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. അനിൽകുമാർ, കാർക്കിനോസ് മെഡിക്കൽ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.