വ്യവസായശാലകളും തിരക്കേറിയ വഴിയോരങ്ങളും വ്യാപാരകേന്ദ്രങ്ങളും വമ്പൻ കെട്ടിടങ്ങളും ഉൾക്കൊള്ളുന്ന നഗരത്തിനപ്പുറം ഒരു ലോകമുണ്ട്. അവിടം വിശാലമാക്കുന്ന പച്ചപ്പിൽ ഇടതൂർന്ന് നിൽക്കുന്ന വന്മരങ്ങൾ കാണാം. കായ്കനികൾ ഭക്ഷിച്ചും കൂടുകൂട്ടിയും കാട് ആശ്രയമാക്കുന്ന പക്ഷിക്കൂട്ടത്തെ കാണാം. സൂക്ഷ്മജീവികൾ മുതൽ വന്യമൃഗങ്ങൾ വരെ ജീവിച്ചുതീർക്കുന്ന അവിടം വിസ്മയങ്ങളുടെ കലവറയാണ്, ജൈവവൈവിധ്യങ്ങളുടെ ഉറവിടമാണ്. മനുഷ്യരടക്കം സർവജീവജാലങ്ങളുടെയും നിലനിൽപിന് വനം നൽകുന്ന സംഭാവന ചെറുതല്ല. സമഗ്ര സമീപനത്തോടെ ചെറുതും വലുതുമായ വനഭൂമികൾ സംരക്ഷിച്ച് മാത്രമേ സമകാലിക പാരിസ്ഥിതിക പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ സാധിക്കൂ. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും നൂതന ആശയങ്ങളിലൂടെയും പ്രകൃതിയെ ചേർത്തുനിർത്തി വനസംരക്ഷണം യാഥാർഥ്യമാക്കണം. വലിയ സംരക്ഷിത വനങ്ങൾ മാത്രമല്ല, ചെറിയ ഇതര വനങ്ങളും ജീവജാലങ്ങളും അതിലൂടെ മനുഷ്യലോകവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്
ആലുവ: നഗര വനവത്കരണത്തിന് മാതൃകയായ മണപ്പുറം കുട്ടിവനം സംരക്ഷണം തേടുന്നു. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് അനവധി സാധ്യതകളുള്ള ഇവിടം കേന്ദ്രീകരിച്ച് നിരവധി പദ്ധതികൾ ഉയർന്നുവന്നെങ്കിലും പലതും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. വർഷങ്ങൾക്കുമുമ്പ് തുടക്കം കുറിച്ച ചില പദ്ധതികൾ എങ്ങുമെത്തിയില്ല.
സാമൂഹികവിരുദ്ധരും ലഹരി കച്ചവടക്കാരും ഗുണ്ടകളുമാണ് ഇവിടെ ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സാമൂഹികവിരുദ്ധശല്യം ഇല്ലാതാക്കാനാകും. പെരിയാർതീരത്ത് മണപ്പുറത്തോട് ചേർന്ന് രണ്ടര കിലോമീറ്ററിൽ വർഷങ്ങളായി നിലകൊള്ളുന്ന കുട്ടിവനം മനുഷ്യകരങ്ങളാൽ ഒരുക്കിയതാണെന്ന് പലർക്കും വിശ്വസിക്കാൻ കഴിയാറില്ല. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രഫ. എസ്. സീതാരാമന്റെ നേതൃത്വത്തിൽ ഒരുപറ്റം പരിസ്ഥിതി സ്നേഹികൾ മൂന്ന് പതിറ്റാണ്ടുമുമ്പ് ചെറിയതോതിൽ തുടങ്ങിെവച്ചതാണ് തണൽമരങ്ങൾ നട്ടുപിടിപ്പിക്കൽ.
അത് പിന്നീട് വലിയൊരു വനമായി മാറി. പെരിയാറിന്റെ മണൽത്തിട്ട സംരക്ഷിക്കാനാണ് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. 1991, 1997 വർഷങ്ങളിൽ രണ്ട് ഘട്ടമായാണ് ഇവിടെ മരങ്ങൾ നട്ടത്. 65 തരത്തിലുള്ള മൂവായിരത്തോളം മരങ്ങളാണ് കുട്ടിവനത്തിലുള്ളത്. നൂറുകണക്കിന് പക്ഷികൾക്കും കുട്ടിവനം കൂടൊരുക്കുന്നു. നഗരത്തിലെ വഴിയോരങ്ങളിൽ പരിസ്ഥിതി പ്രവർത്തകർ നട്ടുപിടിപ്പിച്ച വൃക്ഷങ്ങളാണ് ഇന്ന് ആലുവ നഗരത്തിലും തണലേകുന്നത്.
കൊച്ചി: വിശാലമായ വ്യവസായ നഗരത്തിന്റെ നടുവിൽ മരങ്ങളും പച്ചപ്പും പക്ഷികളും നിറഞ്ഞ് തലയുയർത്തി നിൽക്കുന്ന ഇവിടമാണ് നഗരത്തിന്റെ ശ്വാസം.
കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മംഗളവനം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കാലങ്ങളായി ഓർമിപ്പിക്കുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ. ഹൈകോടതിക്കുസമീപം 2.74 ഹെക്ടറിലാണ് മംഗളവനം. 5.5 ഏക്കറോളം ചതുപ്പ് ഭൂമിയാണ് ഇവിടുള്ളത്. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷിസങ്കേതം സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള സംരക്ഷിത പ്രദേശമാണ്. ധാരാളം ദേശാടനപ്പക്ഷികളാണ് ഇവിടേക്ക് എത്താറുള്ളത്.
കണ്ടൽ വനങ്ങളിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണിതെന്നതും പ്രത്യേകതയാണ്. ഇതിനുള്ളിലുള്ള വ്യത്യസ്ത തരം കണ്ടലുകൾ മംഗളവനത്തിന്റെ സ്വത്താണ്. ഇതടക്കം അപൂർവസസ്യങ്ങളും ഇവിടെയുണ്ട്. 2006 മേയിൽ നടത്തിയ ഒരു സർവേ പ്രകാരം ഇവിടെ 32 ഇനത്തിൽപെടുന്ന 194ലധികം പക്ഷികളുള്ളതായി കണക്കാക്കപ്പെടുന്നുണ്ട്.
72തരം പക്ഷികൾ, 17 ഇനം ചിത്രശലഭങ്ങൾ തുടങ്ങിയ ഇവിടെ ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കൂടാതെ, 51 തരം വർഗത്തിൽപെട്ട ചിലന്തികളുമുണ്ട്. എല്ലാം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഈ പ്രദേശത്തിന്റെ സംരക്ഷണം കൊച്ചിയുടെ ജീവവായു നിലനിൽക്കുന്നതിന് അത്യാവശ്യമാണ്.
വിദേശ സഞ്ചാരികളടക്കം നിരവധിപേർ ഇന്നും സന്ദർശിക്കാനെത്തുന്ന ഇവിടം കൂടുതൽ ശ്രദ്ധയോടെ പരിപാലിക്കേണ്ടതുണ്ടെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യം നിറഞ്ഞ ഡ്രെയിനേജ് മംഗളവനത്തിനുള്ളിലെ നീർചാലിലേക്കെത്തുന്നത് വിവാദമായിരുന്നു.
ഇത്തരം പ്രശ്നങ്ങൾ ഇവിടുത്തെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ദേശാടനപ്പക്ഷികളുടെയടക്കം ജീവന് ഹാനികരമാകുകയും അവയുടെ വരവ് കുറയുന്നതിനും നാശത്തിനും വഴിവെക്കുകയും ചെയ്യും.
തട്ടേക്കാടിന്റെ സ്വന്തം സുധാമ്മ
കോതമംഗലം: എഴുപതിന്റെ പടിവാതിൽക്കലും വനത്തെ അറിഞ്ഞും പക്ഷികളെയും ജീവജാലങ്ങളെയും പരിചയപ്പെടുത്തിയും സുധാമ്മ. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ മുക്കും മൂലയും ഏത് പാതിരാത്രിയിലും നടന്നുചെല്ലാനും കഴിയും സുധാമ്മക്ക്. കാൽനൂറ്റാണ്ടിനോടടുക്കുന്ന തന്റെ ജീവിതസപര്യയുടെ പ്രസരിപ്പാണ് ഈ പ്രായത്തിലും തളർത്താതെ കാട് കയറാൻ തന്നെ പ്രാപ്തയാക്കുന്നതെന്ന് സുധാമ്മ പറയുന്നു.
പക്ഷിസങ്കേതം ആരംഭിക്കുന്ന കാലത്ത് ഡോർമിറ്ററിയിൽ എത്തുന്ന സന്ദർശകർക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യവുമൊരുക്കി നൽകിവന്നതാണ് ഇവർക്ക് ജീവിതത്തിൽ വഴിത്തിരിവായത്. പക്ഷി നിരീക്ഷകനും സങ്കേതത്തിന്റെ ചുമതലക്കാരനുമായിരുന്ന ഡോ. ആർ. സുഗതന്റെ ക്ലാസുകളാണ് പ്രകൃതി നിരീക്ഷണത്തിലേക്കും പക്ഷികളുടെയും വന്യജീവികളുടെയും ജീവിതം അടുത്തറിയാനും പ്രാപ്തയാക്കിയത്.
പത്താം ക്ലാസ് വിദ്യാഭ്യാസവും തട്ടേക്കാട് ഗവ.യു.പി സ്കൂളിലെ പാർട്ട് ടൈം ജോലിയും മാത്രമായി കഴിഞ്ഞുകൂടുകയായിരുന്ന തന്നെ കേരളത്തിലെ ലൈസൻസുള്ള ഏക വനിതാ ഗൈഡ് എന്ന നിലയിൽ വളർത്തിയതിന് പക്ഷി സങ്കേതത്തിന്റെ പങ്ക് വളരെ വലുതാണ്. വർഷങ്ങൾക്കുമുമ്പ് ബോംബെ നാച്വറൽ സൊസൈറ്റി അംഗമായ പർവേശ് പാണ്ഡേ മലബാർ തീ കാക്കയെ കാണണമെന്ന ആഗ്രഹവുമായെത്തി. മൂന്ന് ദിവസം വനത്തിലൂടെ അലഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.
നിരീക്ഷണം അവസാനിപ്പിച്ച് മടങ്ങാനിരിക്കേ താൻ മനസ്സുരുകി പ്രാർഥിച്ചതും പക്ഷിയെ കാണാനായതും മറക്കാനാകാത്ത സംഭവമാണെന്ന് സുധാമ്മ പറയുന്നു. മാക്കാച്ചി കാടയെ കാണിച്ചുനൽകിയതിന് 3000 രൂപ വനം വകുപ്പ് ഉദ്യോഗസ്ഥൻ പാരിതോഷികമായി നൽകിയതും അതിനുള്ള യാത്രക്കിടെ ആനയുടെ മുന്നിൽനിന്ന് ഓടിരക്ഷപ്പെട്ടതും മറക്കാനാകില്ല.
പക്ഷികളെ അറിഞ്ഞും നിരീക്ഷകർക്ക് മുന്നിൽ പക്ഷികളെ പരിചയപ്പെടുത്തിയും കഴിഞ്ഞകാലങ്ങളെ അടയാളപ്പെടുത്തി സാങ്ച്വറി ഏഷ്യ വൈൽഡ് ലൈഫ് മാഗസിന്റെ വൈൽഡ് ലൈഫ് സർവിസ് അവാർഡ് കരസ്ഥമാക്കുകയുണ്ടായി. തട്ടേക്കാട് കുമ്പളക്കുടിയിൽ പരേതനായ കെ.കെ. ചന്ദ്രന്റെ ഭാര്യയാണ്. കോതമംഗലത്തെ അഭിഭാഷകൻ ഗിരീഷ് ചന്ദ്രനും എറണാകുളം ഗവ. മെഡിക്കൽ കോളജിലെ നഴ്സ് ശാലിനി ബാബുവുമാണ് മക്കൾ.
ത്രിവേണി സംഗമത്തിലെ ഓക്സിജൻ പാർക്ക് വിസ്മൃതിയിൽ
മൂവാറ്റുപുഴ: വനംവകുപ്പും നഗരസഭയും ചേർന്ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് ത്രിവേണി സംഗമത്തിലെ കിഴക്കേക്കര കടവിൽ തുടക്കമിട്ട ഓക്സിജൻ പാർക്ക് ഇതുവരെ യാഥാർഥ്യമായില്ല.
ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലത്ത് രണ്ടുവർഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയാണ് വിസ്മൃതിയിലായത്. തിരുവിതാംകൂർ രാജഭരണ കാലഘട്ടത്തിൽ വനം വകുപ്പിന്റെ പ്രധാന കാവൽപുര നിലനിന്നിരുന്ന അഞ്ചുസെൻറ് സ്ഥലത്താണ് വനംവകുപ്പും നഗരസഭയും ചേർന്ന് ഓക്സിജൻ പാർക്ക് ഒരുക്കാൻ പദ്ധതിയിട്ടത്. രണ്ടുവർഷം മുമ്പ് ഇവിടെ ബോർഡ് സ്ഥാപിക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു.
എന്നാൽ, തുടർനടപടി ഉണ്ടായില്ല. വാണിജ്യകേന്ദ്രമായിരുന്ന ചന്തക്കടവിന്റെ പ്രസക്തി പുതിയ തലമുറയെ ഓർമിപ്പിക്കാൻകൂടി ലക്ഷ്യമിട്ടാണ് ഇവിടെ ഓക്സിജൻ പാർക്ക് ഒരുക്കുമെന്ന് അന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന് നേതൃത്വം നൽകിയ ഡി.എഫ്.ഒ സ്ഥലം മാറിയതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഇവിടെ സ്ഥാപിച്ച ബോർഡുപോലും നിലം പൊത്താറായ സ്ഥിതിയിലാണ്. പദ്ധതി പ്രദേശം ഇപ്പോൾ കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.