കടുങ്ങല്ലൂർ: ജലക്ഷാമം രൂക്ഷമായ കടുങ്ങല്ലൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക ആശ്വാസം. കലക്ടറുടെ ഇടപെടലിനെ തുടർന്നാണ് ജലവിതരണത്തിന് നടപടിയായത്. ഇതിനെ തുടർന്ന് ജലവിതരണത്തിന് കൂടുതൽ വണ്ടികളെത്തി. പൈപ്പുകളിൽ ഭാഗികമായി ജലവിതരണം ആരംഭിച്ചിട്ടുമുണ്ട്. മൂന്ന് ആഴ്ചയായി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ഇതിനെതിരെ ജനങ്ങളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് പ്രശ്നങ്ങൾ വിലയിരുത്താൻ കലക്ടർ നേരിട്ടെത്തുകയായിരുന്നു. ജൽജീവൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിക്കാൻ റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ആസൂത്രണമില്ലാതെ പണി ആരംഭിച്ചതിനാൽ നിശ്ചയിച്ച സമയത്ത് പണി പൂർത്തീകരിക്കാനായില്ല.
ഇതുമൂലം ജലക്ഷാമം രൂക്ഷമാകുകയായിരുന്നു. ജനുവരി 16 മുതൽ നാലുദിവസം മാത്രമാണ് കുടിവെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്നത്. ദിവസവും ടാങ്കറിൽ വെള്ളമെത്തിക്കാമെന്ന് പറഞ്ഞിരുന്ന ഉറപ്പും പാലിക്കപ്പെട്ടിരുന്നില്ല. 21 വാർഡുള്ള പഞ്ചായത്തിൽ 14 വണ്ടിയിൽ മാത്രമാണ് വെള്ളം വിതരണം ചെയ്തിരുന്നത്.
പണി പൂർത്തിയാകുന്നതുവരെ 10 വണ്ടികളിൽകൂടി വെള്ളം എത്തിക്കാമെന്ന് കലക്ടർ ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ 24 വണ്ടികളിൽ വെള്ളം വിതരണം ആരംഭിച്ചതായി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. 18 വാർഡിലാണ് ജലക്ഷാമം രൂക്ഷമായിരുന്നത്.
കിഴക്കേ കടുങ്ങല്ലൂർ, പടിഞ്ഞാറെ കടുങ്ങല്ലൂർ, കയന്റിക്കര, ഏലൂക്കര, എരമം, മുപ്പത്തടം, എടയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് പൈപ്പ് വഴിയുള്ള ജലവിതരണം ഭാഗികമായി ആരംഭിച്ചത്. ഇതോടെ ജലക്ഷാമത്തിന് ചെറിയ തോതിൽ പരിഹാരമായിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.