കളമശ്ശേരി: കേന്ദ്ര പൊതുമേഖല കമ്പനിയായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കാൻ കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി. കളമശ്ശേരി യൂണിറ്റ് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു കാരണവശാലും ജീവനക്കാർ പരിഭ്രാന്തരാവേണ്ടെന്നും എച്ച്.എം.ടിയുടെ പൂർവകാല പ്രതാപം വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അധികം വൈകാതെ പുനരുദ്ധാരണ നടപടികൾക്ക് തുടക്കം കുറിക്കും. ഈ വിവരം തൊഴിലാളികളെ അറിയിക്കണമെന്ന് കമ്പനി ജനറൽ മാനേജർമാർക്ക് മന്ത്രി നിർദേശം നൽകി. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാൻ സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എച്ച്.എം.ടിയെ ആശ്രയിക്കുന്ന വിരമിച്ച ജീവനക്കാർ ഉൾപ്പെടെ വലിയൊരു വിഭാഗത്തെ പരിഗണിച്ചുകൊണ്ടായിരിക്കും പദ്ധതി എന്നും മന്ത്രി പറഞ്ഞു.
എച്ച്.എം.ടി ജീവനക്കാരും ഓഫിസേഴ്സ് അസോസിയേഷനും മന്ത്രിക്ക് നിവേദനം നൽകി. വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, ജി.സി.ഡി.എ. ചെയർമാൻ കെ.ചന്ദ്രൻ പിള്ള, വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കമ്പനി ജനറൽ മാനേജർ എം.ആർ.വി രാജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.