കളമശ്ശേരി :എച്ച്.എം.ടി കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം ഒക്ടോബർ രണ്ട് മുതൽ പ്രാബല്യത്തിൽ വരും. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരം വിജയകരമായാൽ പിന്നീട് സ്ഥിരമാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തിയും യോഗം ചേർന്നുമാണ് പരിഷ്കാരത്തിന് അന്തിമ രൂപം നൽകിയത്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു ഭാഗത്തേക്കുള്ള ഗതാഗതം വൺവേ ആയി ചുരുക്കി ഗതാഗതക്കുരുക്ക് അഴിക്കാനാണ് തീരുമാനം. എച്ച്.എം ടി കവല ഉൾപ്പെടുന്ന റൗണ്ട് എബൗട്ട് മാതൃകയിലാണ് ക്രമീകരണം.
ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശ്ശേരി ആര്യാസ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി കവല വഴി ടി.വി.എസ് കവലയിലെത്തി ദേശീയ പാതയിൽ പ്രവേശിക്കണം. എറണാകുളത്ത് നിന്ന് എച്ച്.എം.ടി ജങ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ടി.വി.എസ് കവലയിൽ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം ആര്യാസ് ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി കവലയിലെത്തണം. മെഡിക്കൽ കോളജ്, എൻ.എ.ഡി റോഡ് എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എച്ച്.എം.ടി കവലയിൽ നിന്ന് വലത്തേക്ക് തിരിയുന്നത് തടയും. ഈ വാഹനങ്ങൾ എച്ച്.എം.ടി കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ടി.വി.എസ് ജങ്ഷനിൽ എത്തി തിരിഞ്ഞുപോകണം.
സൗത്ത് കളമശ്ശേരി ഭാഗത്ത് നിന്ന് എച്ച്.എം.ടി ജങ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ടി.വി.എസ് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ആര്യാസ് ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് റെയിൽവേ മേൽപാലത്തിലൂടെ പോകണം. ആര്യാസ് ജങ്ഷൻ മുതൽ ടി.വി. എസ് കവല വരെ ഒരു റൗണ്ട് ആയി ഒരു ദിശ ഗതാഗതം നടപ്പാക്കുന്നതിലൂടെ സിഗ്നൽ ക്രോസിംഗ് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തിരിയേണ്ട ഭാഗങ്ങളിൽ വീതികൂട്ടി ടൈൽ വിരിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ടി.വി.എസ് ജങ്ഷൻ മുതൽ ആര്യാസ് ജങ്ഷൻ വരെയുള്ള ദേശീയപാതയിലെ മീഡിയനും പുന:ക്രമീകരിച്ചു. എച്ച്.എം.ടി. ജംഗ്ഷൻ വികസനത്തിന് വേണ്ടി 10 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതോടെ കൂടുതൽ സുഗമമായ ഗതാഗതം സാധ്യമാകുമെന്നും പി.രാജീവ് പറഞ്ഞു.
മറ്റ് ക്രമീകരണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.