മട്ടാഞ്ചേരി: സ്രഷ്ടാവിനും മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും ഒരു പോലെ നന്ദി പറയുകയാണ് ഫോർട്ട്കൊച്ചി സ്വദേശിനി കെ.എസ്. ഫർഹീൻ. അധികൃതരുടെ വിചിത്ര വാദം മൂലം നഷ്ടപ്പെട്ടെന്ന് കരുതിയ എയിംസ് മെഡിക്കൽ കോളജ് പ്രവേശനം ലഭിച്ച സന്തോഷത്തിലാണ് ഫർഹീൻ. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 66ഉം സംസ്ഥാനത്ത് എട്ടും റാങ്കാണ് ഫോർട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപം കിഴക്കേവീട്ടിൽ ഫർഹീന് ലഭിച്ചത്. എയിംസ് പ്രവേശനത്തിന് അപേക്ഷിച്ചപ്പോൾ ഒ.ബി.സി ക്വാട്ടയിൽ പത്താം റാങ്ക് ഉണ്ടായിരുന്നെങ്കിലും പ്രോസ്പെക്ടസിൽ പറയാത്ത മുടന്തൻ ന്യായം ഉയർത്തി സീറ്റ് നിഷേധിച്ചു. ഒരു വർഷത്തിനുള്ളിൽ ലഭിച്ച ഒ.ബി.സി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടത്തിലുള്ളത്.
നവംബർ പത്തിന് ലഭിച്ച ഒ.ബി.സി സർട്ടിഫിക്കറ്റുമായി നവംബർ 11നാണ് ഫർഹീൻ പ്രവേശനത്തിന് ചെന്നത്. ഒ.ബി.സി സർട്ടിഫിക്കറ്റ് തലേ ദിവസത്തേതാണെന്നും അംഗീകരിക്കാനാവുന്നില്ലെന്നുമുള്ള വാദമാണ് അധികൃതർ ഉന്നയിച്ചത്.
നവംബർ അഞ്ചിന് മുമ്പായിരുന്നെങ്കിൽ പരിഗണിക്കാമായിരുന്നുവെന്നും പറഞ്ഞു. പ്രോസ്പെക്ടസിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പരിഗണിച്ചില്ല. സീറ്റ് റദ്ദാക്കണമെന്ന അപേക്ഷയും അധികൃതർ എഴുതി വാങ്ങിയതോടെ സങ്കടത്തോടെയാണ് ഫർഹീൻ മടങ്ങിയത്. ചില സുഹൃത്തുക്കൾ വഴിയാണ് അൽഫോൺസ് കണ്ണന്താനവുമായി ബന്ധപ്പെട്ടത്. കണ്ണന്താനം കേന്ദ്ര മന്ത്രി ഹർഷ വർധനുമായി സംസാരിച്ചു.
അധികൃതരുടെ പിഴവ് ചൂണ്ടിക്കാട്ടി. മന്ത്രി എയിംസ് അധികൃതരുമായി ചർച്ച നടത്തി പ്രവേശനത്തിന് വഴിയൊരുക്കുകയും കണ്ണന്താനത്തെ അറിയിക്കുകയും ചെയ്തു.
കണ്ണന്താനം സന്തോഷ വാർത്തക്കൊപ്പം ഫർഹീനും സഹോദരൻ മുഹമ്മദ് റാഷിദിനും ഉടനെ ഡൽഹിയിലേക്ക് പറക്കാൻ രണ്ടു വിമാന ടിക്കറ്റും അയച്ചുകൊടുത്തു. ചൊവ്വാഴ്ച രാത്രി 10 ന് ഇരുവരും നെടുമ്പാശ്ശേരിയിൽനിന്ന് ഡൽഹിക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.