കൊച്ചി: മെട്രോയുടെ പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ്.എന്‍ ജങ്ഷൻ എന്നിവയിലേക്കുള്ള പരീക്ഷണ ഓട്ടം വെള്ളിയാഴ്ച ആരംഭിച്ചു. സ്ഥിരം സര്‍വിസ് മാതൃകയില്‍ യാത്രക്കാരില്ലാതെ നടത്തുന്ന സര്‍വിസാണ് ട്രയല്‍ റൺ. പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ്.എന്‍ ജങ്ഷന്‍ വരെ സര്‍വിസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍ ഏതാനും ദിവസങ്ങള്‍ തുടരും. പേട്ടയില്‍നിന്ന് എസ്.എന്‍ ജങ്ഷൻവരെയുള്ള 1.8 കിലോമീറ്റര്‍ പാതനിര്‍മാണവും സിഗ്നലിങ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രാക്ക് ട്രെയല്‍, സ്പീഡ് ട്രെയല്‍ തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയായതോടെയാണ് സർവിസ് ട്രെയലിന് തുടക്കം കുറിച്ചത്.
സർവിസ് ട്രെയല്‍ പൂര്‍ത്തീകരിക്കുന്നതോടെ പുതിയപാത യാത്രക്ക് പൂര്‍ണ തോതില്‍ സജ്ജമാകും. തുടര്‍ന്ന് റെയിൽവേ സേഫ്റ്റി കമീഷണറുടെ പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ യാത്ര സർവിസ് ആരംഭിക്കും. രണ്ട് സ്റ്റേഷനുകളിലെയും അവശേഷിക്കുന്ന ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
രണ്ട് സ്റ്റേഷനുകളിലേക്ക് കൂടി മെട്രോ ട്രെയിന്‍ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും. നിലവിലെ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം.
ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്.എന്‍. ജങ്ഷന്‍ പൂര്‍ത്തിയാകുന്നത്. 95,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ സ്റ്റേഷനില്‍ 29,300 ചതുരശ്രയടി സ്ഥലം സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കും.
വിവിധതരം ഓഫിസുകള്‍, കോഫി ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ആര്‍ട്ട് ഗാലറി തുടങ്ങിയവ ആരംഭിക്കാന്‍ ഉചിതമാണ്. ഇവയുടെ പ്രീലൈസന്‍സിങും ആരംഭിച്ചിട്ടുണ്ട്. എസ്.എന്‍. ജങ്ഷെൻറ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന സൗകര്യങ്ങളുമാണ് ഏര്‍പ്പെടുത്തുന്നതെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജങ്ഷൻവരെയുള്ളത്. 2019 ഒക്ടോബറിലാണ് നിര്‍മാണം ആരംഭിച്ചത്.
കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി. 453 കോടിരൂപയാണ് മൊത്തം നിര്‍മാണ ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.