പള്ളുരുത്തി: ചെല്ലാനം തീരസംരക്ഷണത്തിന് 344 കോടിയുടെ പദ്ധതി ജലവിഭവ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. അടുത്ത കാലവർഷത്തിൽ ചെല്ലാനം നിവാസികളെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥക്ക് വിരാമമിടുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും കാലതാമസം കൂടാതെ ചെല്ലാനത്ത് നിർമാണ പ്രവൃത്തികൾ തീർക്കുമെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബർ 15 ന് ടെൻഡർ നടപടികൾ ആരംഭിച്ച് നവംബറിൽ നടപടി ക്രമം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളിൽ ആദ്യ ഘട്ട നിർമാണം ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 5300 കോടി പൂർണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പൂർത്തിയാകുമ്പോൾ കൃത്രിമ ബീച്ച് നിർമാണ പ്രവൃത്തിയും നടത്തിയാൽ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാൻ സാധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. ചെല്ലാനം തീരത്ത് ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. കടലേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യ മത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പാക്കും. ചെെന്നെ ആസ്ഥാനമായ നാഷണല്‍ സെൻറര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തത്.
ചെല്ലാനം പഞ്ചായത്തിലെ ഹാര്‍ബറിന് തെക്കുവശം മുതല്‍ 10 കി.മീറ്റര്‍ നീളത്തിൽ കടല്‍ ഭിത്തിയുടെ പുനരുദ്ധാരണ പ്രവൃത്തികളും ബസാര്‍ - കണ്ണമാലി ഭാഗത്ത് ഒരു കി.മീറ്റര്‍ നീളത്തിൽ പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ പ്രവൃത്തികളുമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. കടലാക്രമണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കടവ് എന്നിവിടങ്ങളില്‍ കടല്‍ ഭിത്തിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഈ പ്രദേശങ്ങളിലെ കടല്‍കയറ്റത്തിന് ശമനമാകും.
കൂടാതെ ബസാറിൽ ആറും കണ്ണമാലിയിൽ ഒമ്പതും പുലിമുട്ട് ശൃംഖല തീർക്കുന്നതോടെ തീരശോഷണത്തിനു പരിഹാരമാവുകയും തീരം തിരിച്ചു പിടിക്കാന്‍ സാധിക്കുകയും ചെയ്യും.
ചടങ്ങിൽ ഹൈബി ഈഡൻ എം. പി, കെ. ജെ മാക്സി എം .എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ ജോസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേബി തമ്പി, ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. പ്രസാദ്, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.