കൊച്ചി: കൊച്ചി കായലിലെ ഓളപ്പരപ്പുകളിൽ പുതുചരിത്രമെഴുതി ജല മെട്രോ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ നഗരത്തിന് പുതിയ അടയാളം സമ്മാനിക്കുന്ന ജല മെട്രോ യാത്ര ബുധനാഴ്ച രാവിലെ ഏഴുമുതൽ ഹൈകോർട്ട്-ബോൾഗാട്ടി- വൈപ്പിൻ റൂട്ടിലാണ് ആരംഭിക്കുക. മെട്രോ റെയിലിനൊപ്പം ജല മെട്രോ സർവിസുള്ള രാജ്യത്തെ ഏക നഗരമായും ഇതോടെ കൊച്ചി മാറി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ കൊച്ചിയിൽ മന്ത്രി പി.രാജീവ് ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം, നീലേശ്വരം, അഴീക്കൽ എന്നീ പേരുകളുള്ള മൂന്ന് ബോട്ടുകൾ ഹോൺ മുഴക്കി സർവിസിനെ സ്വാഗതം ചെയ്തു. 10 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഉദ്ഘാടനയാത്രയിൽ പങ്കെടുത്തു. എറണാകുളത്തെ സെൻറർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെൻറിലെ കുട്ടികളായിരുന്നു ഇവർ. ബോട്ട് മാസ്റ്റർ ജലീഷ് ചന്ദ്രൻ, അസി. ബോട്ട് മാസ്റ്റർമാരായ ഗ്ലാഡ്സൺ, എസ്. കിരൺ എന്നിവരാണ് ആദ്യ ബോട്ട് യാത്രക്ക് ചുക്കാൻ പിടിച്ചത്. ഇതോടൊപ്പം മറ്റ് രണ്ട് ബോട്ടും കായൽപരപ്പിലൂടെ കുതിച്ചു. കായലിന്റെയും നഗരത്തിന്റെയും കാഴ്ച ആസ്വദിക്കാവുന്ന വിധമാണ് ബോട്ടിന്റെ രൂപകൽപന. ഉച്ചക്ക് 1.08ന് ഹൈകോർട്ട് ടെർമിനലിൽനിന്ന് യാത്ര ആരംഭിച്ച ബോട്ട് 1.14ന് ബോൾഗാട്ടിയിലെത്തി. അവിടെനിന്ന് 1.20ന് ഹൈകോർട്ടിൽ തിരിച്ചെത്തി. പാട്ടുപാടിയും കൗതുകക്കാഴ്ചകൾ ആസ്വദിച്ചും ഭിന്നശേഷിക്കാരായ കുട്ടികൾ ജല മെട്രോ യാത്രയെ ആഘോഷമാക്കി.
കൊച്ചി: ജലമെട്രോ വിപ്ലവകരമായ പദ്ധതിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൊച്ചി ജലമെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൈകോർട്ട് ടെർമിനലിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഈ പദ്ധതി ഇന്ത്യക്കാകെ മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് അഭിമാനകരമാണ്. ഇത്രയും ബോട്ടുകളുടെ ഒരുമിച്ചുള്ള ഓർഡർ കൊച്ചി കപ്പൽശാലക്ക് ലഭിച്ചത് ജലമെട്രോക്ക് വേണ്ടിയാണെന്നതും ശ്രദ്ധേയമാണ്. ജലമെട്രോ കൊച്ചിയിൽതന്നെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നതായിരുന്നു ആഗ്രഹമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. പ്രധാനമന്ത്രി തിങ്കളാഴ്ച നഗരത്തിലുണ്ടായിരുന്നിട്ടും ദൗർഭാഗ്യവശാൽ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: 10 ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൊച്ചി ജല മെട്രോ യഥാർഥ്യമാകുന്നത്. 38 ടെർമിനലുകളുണ്ടാകും. 1136.83 കോടി രൂപയാണ് ചെലവ്. ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിക്കും. ലോകത്തിൽ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല.
• ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് ജല മെട്രോയിൽ സഞ്ചരിക്കാം.
• ഹൈകോർട്ട് ടെർമിനലിൽനിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവിസ്.
• വൈറ്റില-കാക്കനാട് റൂട്ടിൽ വ്യാഴാഴ്ച മുതൽ സർവിസ് തുടങ്ങും.
• യാത്രാസമയം രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ
• തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ സർവിസ്
ഹൈകോർട്ട്-വൈപ്പിൻ റൂട്ടിൽ 20 രൂപ, വൈറ്റില- കാക്കനാട് റൂട്ടിൽ 30 രൂപ, മിനിമം നിരക്ക് 20 രൂപ, ആഴ്ചതോറുമുള്ള പാസിന് 180 രൂപ, പ്രതിമാസ പാസ് - 600 രൂപ, ത്രൈമാസ പാസ് -1500 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.