കൊച്ചി: മധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ അടച്ചതോടെ കളിയും കാര്യവുമായി അടിച്ചുപൊളിക്കാനൊരുങ്ങുകയാണ് കുട്ടികൾ. പൊരിവെയിലാണെങ്കിലും രണ്ടു മാസത്തെ അവധിക്കാലം ആഘോഷമാക്കാനുള്ള തയാറെടുപ്പുകൾ അവർ ആരംഭിച്ചുകഴിഞ്ഞു.
പുഴകളിലും തോടുകളിലും കുളങ്ങളിലും നീന്തിയും കളിച്ചും തോർത്തു മുണ്ടുകളിലും വലയിലുമെല്ലാം ചെറുമീനുകളെ കോരി കുപ്പിയിലാക്കിയും കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കളിച്ചുല്ലസിച്ചുമുള്ള അവധിക്കാലമായിരുന്നു പോയ കാലത്തിന്റെ ഓർമത്തുടിപ്പുകൾ. എന്നാലിപ്പോൾ പഴമയോടൊപ്പം പുതുമയും കൂട്ടിച്ചേർത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ന്യൂജെൻ കുട്ടിക്കൂട്ടം. ഇവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കി നൽകാൻ രക്ഷിതാക്കളും ഒപ്പമുണ്ട്.
ക്ലാസ് മുറികളിലെ പിരിമുറുക്കങ്ങളൊഴിഞ്ഞ രണ്ട് മാസക്കാലമാണ് വിദ്യാർഥികളുടെ മധ്യവേനൽ അവധിക്കാലം. അതുകൊണ്ട് തന്നെ എഴുത്തുകൾക്കും വായനക്കും പരിപൂർണ വിശ്രമമാണ്. കൂട്ടുകാരോടൊന്നിച്ച് കളികളിലും പ്രാദേശിക മത്സരങ്ങളിലുമൊക്കെയാകും വിദ്യാർഥികളുടെ ശ്രദ്ധ.
ഇതോടൊപ്പം കൂട്ടുകാരും വീട്ടുകാരുമൊത്തുളള വിനോദയാത്രകളും ബന്ധുവീട് സന്ദർശനവും വിരുന്നുകളുമെല്ലാം നടക്കും. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ തുടങ്ങിയ കായിക ഇനങ്ങളിൽ താൽപര്യമുള്ള കുട്ടിക്കൂട്ടങ്ങൾ രാവിലെയും വൈകുന്നേരവും ഇത്തരം കളികളിൽ സജീവമാകും. ഇക്കൂട്ടത്തിൽ ലീഗ് മത്സരങ്ങളും മാച്ചുകളും സംഘടിപ്പിക്കുന്ന കൂട്ടായ്മകളുമുണ്ട്. എന്നാൽ, ഇത്തവണത്തെ കൊടുംവേനൽ ഇത്തരം മത്സരങ്ങൾക്കെല്ലാം തിരിച്ചടിയാണ്.
പാഠപുസ്തകങ്ങളുടെ ഭാരത്തിൽ നിന്നൊഴിയുന്ന രണ്ട് മാസം പരിശീലനങ്ങളുടെ സുവർണ കാലം കൂടിയാണ്. നീന്തൽ പരിശീലനത്തിൽ തുടങ്ങി കരാട്ടേ, കുങ്ഫു, ൈതക്വാൻഡോ തുടങ്ങി വിവിധ കലാകായിക ഇനങ്ങളുടെ പരിശീലന കാലം കൂടിയാണ് അവധിക്കാലം.
വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ഇത്തരം പരിശീലനങ്ങളുടെ പരസ്യവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. കൂടാതെ അടുത്തവര്‍ഷത്തെ ക്ലാസ് കയറ്റം ഉറപ്പിച്ചുകഴിഞ്ഞ വിദ്യാര്‍ഥികള്‍ പല വിഷയത്തിനും ട്യൂഷന് ആരംഭിക്കാനുള്ള നീക്കത്തിലാണ്. കമ്പ്യൂട്ടർ തൽപരര്ക്ക് വേണ്ടി കമ്പ്യൂട്ടര്‍ സെന്ററുകളും പരിശീലനങ്ങളും ആരംഭിച്ചിട്ടുണ്ട്.
കുട്ടികൾക്കിടയിൽ മുങ്ങി മരണം വ്യാപകമായതോടെ നീന്തൽ പരിശീനക്കളരികളിലാണ് ഇപ്പോൾ തിരക്കേറെ. ഇതോടൊപ്പം പെൺകുട്ടികളെ കായിക പരിശീലനത്തിനയക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. കലോത്സവങ്ങൾ ലക്ഷ്യമാക്കി കുട്ടികളെ കലാ പരിശീലനങ്ങൾക്കയക്കുന്നവരും കുറവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.