മട്ടാഞ്ചേരി: സാമുദായികവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ അഗസ്റ്റസ് സിറിൾ രാജിവെച്ചു. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളിൽനിന്നും പൊതു സമൂഹത്തിനിടയിൽനിന്നും പരാമർശത്തിനെതിരെ ഉയർന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നേതൃത്വം ഇടപെട്ട് രാജി എഴുതിവാങ്ങിയത്.
മുസ്ലിം സമുദായത്തിനെതിരെയുള്ള ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ പൊതു സമൂഹത്തിനിടയിലും കോൺഗ്രസ്, ലീഗ് ഉൾപ്പെടെയുള്ള മുന്നണി കക്ഷികൾക്കിടയിലും വലിയ പ്രതിഷേധമാണുയർന്നത്. അഗസ്റ്റസിെൻറ പരാമർശത്തിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാറിനെതിരെ കഴിഞ്ഞ ദിവസം യു.ഡി.എഫ് ആഹ്വാനംചെയ്ത സമരം കൊച്ചിയിൽ പലയിടങ്ങളിലും നടന്നില്ല.
മുസ്ലിം ലീഗും കോൺഗ്രസിലെ വലിയൊരു വിഭാഗവും പരിപാടി ബഹിഷ്കരിച്ചു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയെയും മുസ്ലിം ലീഗിനെയും വെല്ലുവിളിച്ച് അഗസ്റ്റസിെൻറ നേതൃത്വത്തിൽ ചിലയിടങ്ങളിൽ സമരം നടത്തിയത് കൂടുതൽ പ്രകോപനത്തിനും ഇടയാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേതൃത്വത്തെ മുൾമുനയിൽ നിർത്തിയാണ് അഗസ്റ്റസ് ചെയർമാൻ സ്ഥാനത്തേക്ക് എത്തിയത്.
അന്ന് ജോൺ പഴേരിയുടെ പേരാണ് പ്രാദേശിക നേതൃത്വം നൽകിയതെങ്കിലും മുൻ എം.എൽ.എ കൂടിയായ നേതാവ് ഇടപെട്ട് ഇദ്ദേഹത്തെ ആ സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. സ്ഥാനം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽതന്നെ വിവാദ പരാമർശംവഴി പുറത്തുപോകേണ്ട അവസ്ഥയും സംജാതമായി.
ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറികൂടിയായ ജോൺ പഴേരിയെ കൊച്ചി മണ്ഡലത്തിലെ പുതിയ യു.ഡി.എഫ് ചെയർമാനായി തെരഞ്ഞെടുത്തു. അതേസമയം വിവാദ പരാമർശത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇവർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.