കൊച്ചി: വിനോദസഞ്ചാരികൾക്ക് യാത്രക്കും വിശ്രമത്തിനും താമസത്തിനുമായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന കാരവൻ പാർക്ക് പദ്ധതി കൊച്ചി ബോൾഗാട്ടി പാലസിലും വരുന്നു. സംസ്ഥാനത്താദ്യമായി, സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായ വാഗമണിൽ തുടക്കമിട്ട ടൂറിസം പദ്ധതിയാണ് ബോൾഗാട്ടിയിലും നടപ്പാക്കുന്നത്. ഇതിനുള്ള ഭരണാനുമതിയായി. കേരള ടൂറിസം വികസന കോർപറേഷൻ (കെ.ടി.ഡി.സി) ആണ് കാരവൻ പാർക്ക് സ്ഥാപിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള നിർവഹണ ഏജൻസി. ഇതിന്റെ ഭാഗമായി റീടെൻഡർ നടപടികൾ കെ.ടി.ഡി.സി തുടങ്ങി. 1.25 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ബോൾഗാട്ടി പാലസിൽ കാരവൻ പാർക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി സൗകര്യങ്ങളും സംവിധാനങ്ങളും തയാറാക്കുന്നതിനായാണ് 1.25 കോടി. 50 സെൻറ് ഭൂമിയെങ്കിലും പദ്ധതി നടപ്പാക്കുന്നതിനായി വേണം. അഞ്ച് കാരവനെങ്കിലും നിർത്തിയിടാനുള്ള സൗകര്യം വേണമെന്നതാണ് മറ്റൊരു മാനദണ്ഡം.
കോവിഡിനെ തുടർന്നുണ്ടായ മാന്ദ്യത്തിൽനിന്ന് വിനോദസഞ്ചാരമേഖലയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച പദ്ധതിയാണ് കാരവൻ ടൂറിസം. കേരളത്തിന്റെ പ്രകൃതിരമണീയമായ ഉൾഗ്രാമങ്ങളിൽ പ്രകൃതിയോടിണങ്ങി കഴിയാനുള്ള അവസരമാണ് ഇതിലൂടെ വകുപ്പ് മുന്നോട്ടുവെക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോവുകയും അവരുടെ യാത്ര, താമസമുൾപ്പെടെ കാരവനിൽ തന്നെ ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതി. വിനോദസഞ്ചാരികൾക്കായി ഹോട്ടലുകളും റിസോർട്ടുകളും നിർമിക്കാനുള്ള തടസം നേരിടുന്ന പാരിസ്ഥിതിക ലോല പ്രദേശങ്ങളിലും വിനോദസഞ്ചാര സാധ്യതകൾ ഉപയോഗിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022 ഫെബ്രുവരിയിൽ വാഗമണിൽ ആരംഭിച്ച കാരവൻ മെഡോസ് പാർക്കിൽ 15ഓളം കാരവനുകൾ നിർത്തിയിടാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.