ബോൾഗാട്ടി കൊട്ടാരത്തിന് ഇനി കാരവൻ പാർക്കിന്റെ പ്രൗഢിയും
text_fieldsകൊച്ചി: വിനോദസഞ്ചാരികൾക്ക് യാത്രക്കും വിശ്രമത്തിനും താമസത്തിനുമായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന കാരവൻ പാർക്ക് പദ്ധതി കൊച്ചി ബോൾഗാട്ടി പാലസിലും വരുന്നു. സംസ്ഥാനത്താദ്യമായി, സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായ വാഗമണിൽ തുടക്കമിട്ട ടൂറിസം പദ്ധതിയാണ് ബോൾഗാട്ടിയിലും നടപ്പാക്കുന്നത്. ഇതിനുള്ള ഭരണാനുമതിയായി. കേരള ടൂറിസം വികസന കോർപറേഷൻ (കെ.ടി.ഡി.സി) ആണ് കാരവൻ പാർക്ക് സ്ഥാപിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള നിർവഹണ ഏജൻസി. ഇതിന്റെ ഭാഗമായി റീടെൻഡർ നടപടികൾ കെ.ടി.ഡി.സി തുടങ്ങി. 1.25 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ബോൾഗാട്ടി പാലസിൽ കാരവൻ പാർക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി സൗകര്യങ്ങളും സംവിധാനങ്ങളും തയാറാക്കുന്നതിനായാണ് 1.25 കോടി. 50 സെൻറ് ഭൂമിയെങ്കിലും പദ്ധതി നടപ്പാക്കുന്നതിനായി വേണം. അഞ്ച് കാരവനെങ്കിലും നിർത്തിയിടാനുള്ള സൗകര്യം വേണമെന്നതാണ് മറ്റൊരു മാനദണ്ഡം.
എന്താണ് കാരവൻ പാർക്ക്
കോവിഡിനെ തുടർന്നുണ്ടായ മാന്ദ്യത്തിൽനിന്ന് വിനോദസഞ്ചാരമേഖലയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച പദ്ധതിയാണ് കാരവൻ ടൂറിസം. കേരളത്തിന്റെ പ്രകൃതിരമണീയമായ ഉൾഗ്രാമങ്ങളിൽ പ്രകൃതിയോടിണങ്ങി കഴിയാനുള്ള അവസരമാണ് ഇതിലൂടെ വകുപ്പ് മുന്നോട്ടുവെക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോവുകയും അവരുടെ യാത്ര, താമസമുൾപ്പെടെ കാരവനിൽ തന്നെ ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതി. വിനോദസഞ്ചാരികൾക്കായി ഹോട്ടലുകളും റിസോർട്ടുകളും നിർമിക്കാനുള്ള തടസം നേരിടുന്ന പാരിസ്ഥിതിക ലോല പ്രദേശങ്ങളിലും വിനോദസഞ്ചാര സാധ്യതകൾ ഉപയോഗിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022 ഫെബ്രുവരിയിൽ വാഗമണിൽ ആരംഭിച്ച കാരവൻ മെഡോസ് പാർക്കിൽ 15ഓളം കാരവനുകൾ നിർത്തിയിടാനാവും.
ഫണ്ട് അനുവദിച്ചത് ഇങ്ങനെ
- കാരവൻ പാർക്ക്-ഭൂമി ഒരുക്കൽ-6.1 ലക്ഷം
- റൂം സൗകര്യം, ടേക് എവേ കോഫി ഷോപ്, അടുക്കള, ശുചിമുറി - 26 ലക്ഷം
- ക്യാമറ സംവിധാനം, വൈഫൈ -1.5 ലക്ഷം
- ജലവിതരണം -2.75 ലക്ഷം
- സാനിറ്ററി ഫിറ്റിങ്, മറ്റുപകരണങ്ങൾ -1.80 ലക്ഷം
- ചുറ്റുമതിൽ-4.89 ലക്ഷം
- സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്-5.46 ലക്ഷം
- ഫർണിച്ചർ- രണ്ട് ലക്ഷം
- ടാറിങ് -4.80 ലക്ഷം
- വൈദ്യുതീകരണം, ചാർജിങ് സ്റ്റേഷൻ-20 ലക്ഷം
- ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ-92,000
- പഗോഡ ടെൻറ്, ബെഞ്ച് -1.80 ലക്ഷം
- ടേക് എവേക്ക് വേണ്ടിയുള്ള അടുക്കള ഉപകരണങ്ങൾ -91,163
- അടുക്കള ഉപകരണങ്ങൾ -5.34 ലക്ഷം
- 41.71 സ്ക്വർ മീറ്റർ റൂം, അടുക്കള, ശുചിമുറി, സിറ്റ്ഔട്ട് എന്നിവ രണ്ടെണ്ണം-18 ലക്ഷം
- ഇതുകൂടാതെ കൺസൾട്ടൻസി ഫീ, മണ്ണ് പരിശോധന, രൂപകൽപന ഫീസ്, ജി.എസ്.ടി തുടങ്ങിയ ഇനങ്ങളിലും ലക്ഷങ്ങളുടെ ചിലവ് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.