ചൂർണിക്കര: പഞ്ചായത്തിലെ മാധവപുരം പെരിയാർവാലി കനാൽ തകർന്നിട്ട് രണ്ട് വർഷമായി. തകർന്ന സംരക്ഷണ ഭിത്തി കെട്ടാത്തതിനാൽ കനാലിനോട് ചേർന്ന റോഡും വീടുകളും എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലാണ്. നഗരത്തോട് ചേർന്ന എസ്.സി കോളനിക്ക് സമീപമാണ് ആഴവും വീതിയുമേറിയ കനാൽഭിത്തി വലിയതോതിൽ തകർന്നത്. കോളനി നവീകരണ ഭാഗമായി എഫ്.ഐ.ടിയാണ് ഈ കനാൽ സംരക്ഷണ ഭിത്തി കെട്ടിയിരുന്നത്.
എന്നാൽ, പണികഴിഞ്ഞ് അഞ്ച് വർഷം പൂർത്തിയാവുന്നതിനു മുമ്പേ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. പണിയിലെ അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുനർനിർമിക്കാൻ പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. അതുപ്രകാരം 54 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ, പഞ്ചായത്തിന് അത്രയും തുക മാറ്റിവെക്കാൻ കഴിയാതെവന്നു. ഈ സാഹചര്യത്തിൽ നിർമാണം നടത്തുന്നതിനായി പെരിയാർ വാലിയെ സമീപിച്ചു. എന്നാൽ, അവർക്ക് ഫണ്ടില്ലെന്നാണ് പറഞ്ഞത്. തുടർന്ന് പഞ്ചായത്ത്, സ്ഥലം എം.എൽ.എയെയും എം.പിയെയും സമീപിച്ചു. ബെന്നി ബഹനാൻ എം.പി നിലവിലെ എസ്.സി ഫണ്ടിനുള്ള പദ്ധതികൾ അതിനു മുന്നേ ഏറ്റെടുത്തിരുന്നു. എസ്.സി ഫണ്ട് എം.പിമാർക്ക് എവിടെ വേണമെങ്കിലും ചെലവഴിക്കാമെന്ന് ഉത്തരവുള്ളതുകൊണ്ട് മറ്റു എം.പിമാരോട് ചോദിച്ചാൽ നന്നായിരിക്കുമെന്ന് അദ്ദേഹം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഈ സാഹചര്യത്തിൽ എറണാകുളത്ത് കെ. സുധാകരൻ എം.പിയെ കണ്ടപ്പോൾ പഞ്ചായത്ത് അധികൃതർ, അടിയന്തര പ്രാധാന്യമുള്ള ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. എന്നാൽ, കോവിഡ് സാഹചര്യത്തിൽ എം.പിമാരുടെ ഫണ്ട് നിർത്തിവെച്ചിരിക്കുകയാണെന്നും ഉടനെ തന്നെ അത് റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നും എം.പി അവരെ അറിയിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ ആ വാർഡിലെ അംഗം ഉൾപ്പെടെ അഞ്ച് പഞ്ചായത്ത് അംഗങ്ങൾ എം.പിക്ക് എസ്റ്റിമേറ്റ് നൽകാനും നേരിൽകണ്ട് വിവരങ്ങൾ വിശദീകരിക്കാനുമായി കണ്ണൂരിലേക്ക് പോയിരുന്നു. എന്നാൽ, യാത്ര ചിലർ വിവാദമാക്കിയതോടെ പിന്നീട് ഫണ്ടിനായുള്ള ശ്രമം പഞ്ചായത്ത് തുടർന്നില്ല.
പിന്നീട് കോർപസ് ഫണ്ടിനുവേണ്ടി ശ്രമം നടത്തിയതിന്റെ ഭാഗമായി എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിലേക്ക് കൊടുത്തിട്ടുണ്ട്. അത് അനുവദിച്ചുകിട്ടുന്നതിനായുള്ള ശ്രമങ്ങൾ ജനപ്രതിനിധികൾ നടത്തുമ്പോൾ നിർമാണ പ്രവൃത്തി നടത്തിയ എഫ്.ഐ.ടിയും പെരിയാർ വാലിയും ഉറക്കം നടിക്കുകയാണെന്ന് പഞ്ചായത്ത് അധികൃതർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.