കൊച്ചി: ചെല്ലാനമെന്ന സ്ഥലനാമത്തിന് സമരമെന്നായിരുന്നു ഒരുകാലത്ത് പര്യായം. ഓരോ വർഷവും കടൽ കയറി ദുരിതത്തിലാകുന്ന ജനതയുടെ കണ്ണീരിൽ നിന്ന് ഉയർന്നുവന്ന പ്രതിഷേധങ്ങളായിരുന്നു അതിലേക്ക് വഴിവെച്ചത്. കാലവർഷം ശക്തി പ്രാപിക്കുകയും കടൽ പ്രക്ഷുബ്ധമാകുകയും ചെയ്യുമ്പോൾ ഇന്ന് ചെല്ലാനം ശാന്തമാണ്. ആഞ്ഞടിക്കുന്ന തിരമാലകൾ ജനതയെ ഭയപ്പെടുത്തുന്നില്ല.
ശക്തമായ കടൽകയറ്റത്തെ തടഞ്ഞുനിർത്താൻ പര്യാപ്തമായ ടെട്രാപോഡ് കടൽഭിത്തി യാഥാർഥ്യമായതോടെയാണ് അവിടെ ഒരു നിശ്ചിത പ്രദേശമെങ്കിലും സുരക്ഷിതകേന്ദ്രമായി മാറിയത്. രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്ന ചെല്ലാനത്തെ പുത്തൻതോട്, കണ്ടക്കടവ്, ചാളക്കടവ്, മറുവാക്കാട്, വേളാങ്കണ്ണി, ബസാർ, മാലാഖപ്പടി, കമ്പനിപ്പടി, ഗൊണ്ടുപറമ്പ്, വാച്ചാക്കൽ കടപ്പുറം, ആലുങ്കൽ കടപ്പുറം എന്നിവിടങ്ങിൽ കൂറ്റൻ തിരമാലകളെ ടെട്രാപോഡ് കടൽഭിത്തി പിടിച്ചുകെട്ടി. കാലവർഷം കനക്കുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരുന്ന ചെല്ലാനത്തുകാർക്ക് ഇന്ന് സ്വന്തം വീടുകളിൽ സുഖമായി അന്തിയുറങ്ങാനാകുന്നു. ഈ മാതൃകാപദ്ധതി കടൽകയറ്റ ദുരിതം രൂക്ഷമായ പുത്തൻതോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, കൈതവേലി, മാനാശ്ശേരി, സൗദി, ബീച്ച് റോഡ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ചെല്ലാനം മാതൃകയിലുള്ള ടെട്രാപോഡ് കടൽഭിത്തി നിർമാണം സംസ്ഥാനത്തെ വിവിധ തീരദേശങ്ങളിൽ നടപ്പാക്കുമെന്ന് അധികൃതർ മുമ്പേ അറിയിച്ചിട്ടുള്ളതാണ്. ഇത് നടപ്പിൽ വന്നാൽ തീരദേശത്തെ കടൽകയറ്റ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ചെല്ലാനത്തെ ബാക്കിയുള്ള പ്രദേശത്തും വൈപ്പിൻ മേഖലയിലും ഇത് യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം. ഇതിലൂടെ ശക്തമായ തിരമാലയെ തടഞ്ഞ് നിർത്തി ജില്ലയുടെ തീരത്തിന് സംരക്ഷണമേകാനാകും.
വൻ തുക ആവശ്യമായ പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുകയാണ് അധികൃതർ ഇതിന് നേരിടുന്ന പ്രതിസന്ധി. വൈപ്പിൻ ഉൾപ്പെടെ പല മേഖലയിലെയും കടൽകയറ്റവുമായി ബന്ധപ്പെട്ട് പഠനങ്ങളുണ്ട്. എന്നാൽ പദ്ധതികൾ നടപ്പാക്കാനാകുന്നില്ല. വലിയ ബജറ്റിൽ നടപ്പാക്കേണ്ട പദ്ധതികളാണ് ഇവയൊക്കെ. അതിനുള്ള ഫണ്ട് കേന്ദ്രത്തിൽ ലഭ്യമാകുന്നില്ലെന്നതാണ് അധികൃതർ വ്യക്തമാക്കുന്നത്. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയുടെ ഭാഗമായി അടിയന്തിരമായി നടപ്പാക്കേണ്ട ഇത്തരം പദ്ധതികളും വൈകുകയാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.