കൊച്ചി: ജില്ലയിൽ 42,000 കടന്ന് സിറ്റി ഗ്യാസ് കണക്ഷൻ. കളമശ്ശേരി, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, ആലുവ നിയമസഭാ മണ്ഡലങ്ങളിലും ഏലൂർ, മരട് നഗരസഭകളിലുമായാണ് 42,030 കണക്ഷൻ നൽകിയത്. ഇതിൽ എറണാകുളം മണ്ഡലത്തിൽ മാത്രം 15,868 കണക്ഷൻ നൽകിയിട്ടുണ്ട്. നഗരങ്ങളിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് വിതരണം നടപ്പാക്കുന്നതിന് ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് കമ്പനിക്ക് 2015 ഒക്ടോബറിലാണ് കേന്ദ്ര പെട്രോളിയം ആൻഡ് പ്രകൃതിവാതക നിയന്ത്രണ ബോർഡ് അംഗീകാരം നൽകിയത്. തുടർന്നാണ് കൊച്ചിയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ആറ് വർഷം; ഇഴഞ്ഞുനീങ്ങി പ്രവൃത്തികൾ
വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി പാചകവാതകമെത്തിക്കുന്നതിന് 2016ലാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, പലവിധ സാങ്കേതികത്വത്തിൽ കുരുങ്ങി പദ്ധതി ഇഴഞ്ഞുനീങ്ങി. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കുഴിക്കലായിരുന്നു പ്രധാന തലവേദന. പലയിടങ്ങളിലും പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നു. ഇതോടെ അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾ വൈമനസ്യം കാണിച്ചു. ഇതാണ് തുടർപ്രവൃത്തികൾ ഇഴയാൻ കാരണം. കളമശ്ശേരി നഗരസഭാ പരിധിയിലായിരുന്നു ആദ്യഘട്ടത്തിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കാലതാമസം ഇവിടെയും വില്ലനായി. 2016 ജനുവരിയിൽ ആരംഭിച്ച നിർമാണ പ്രവൃത്തികൾ ഇടക്ക് കരാർ നീട്ടി നൽകിയശേഷം 2021 സെപ്റ്റംബറിലാണ് പൂർത്തീകരിച്ചത്.
ലക്ഷ്യം നേടുന്നത് മൂന്നുവർഷത്തിനുശേഷം
2021 സെപ്റ്റംബറിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയായി. ആദ്യഘട്ടത്തിൽതന്നെ 40,701 ഗാർഹിക ഉപഭോക്താക്കൾക്ക് കണക്ഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, സാങ്കേതികത്വം വില്ലനായതോടെ ഈ ലക്ഷ്യം നേടാനായില്ല. ഒടുവിൽ സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഗസ്റ്റിലാണ് ഗാർഹിക കണക്ഷൻ 42,000 കടന്നത്. മുഴുസമയവും ലഭ്യത, ചെലവ് കുറവ് എന്നിവ ചൂണ്ടിക്കാണിച്ചാണ് പദ്ധതിയെ സർക്കാർ പ്രോത്സാഹിപ്പിച്ചത്. ആദ്യഘട്ടത്തിൽ നടപ്പാക്കിയ ഇടങ്ങളിൽ ജനങ്ങളിൽനിന്ന് അനുകൂല പ്രതികരണവും ലഭിച്ചിരുന്നു. എന്നാൽ, എൽ.പി.ജി സിലിണ്ടറിനെക്കാൾ വില ഈടാക്കുകയാണെന്ന ആക്ഷേപവും ഇതോടൊപ്പം ഇടക്കാലത്തുയർന്നു. സുവിധ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം മൊബൈൽ നമ്പറും ആധാർ കാർഡിന്റെ പകർപ്പും അപ്ലോഡ് ചെയ്ത് അപേക്ഷിച്ചാൽ പുതിയ പൈപ് ലൈൻ ഗ്യാസ് കണക്ഷൻ ലഭിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.