കൊച്ചി: ആത്മവിശ്വാസവും ഇച്ഛാശക്തിയും കൈമുതലാക്കി പരിമിതികളെ മറികടക്കാൻ പ്രാപ്തരാകുന്നത് 8523 കുരുന്നുകൾ. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലാണ് എലെമന്ററി, സെക്കൻഡറി വിഭാഗങ്ങളിലായി ഇവരുടെ പോരാട്ടം. ഇക്കൂട്ടത്തിൽ തീർത്തും കിടപ്പിലായ 381 കുരുന്നുകളുമുണ്ട്. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സ്പെഷൽ എജുക്കേറ്റർമാരും അധ്യാപകരുമാണ് ശാരീരിക പരിമിതികളെ അതിജീവിക്കാൻ ഇവർക്ക് കരുത്തേകുന്നത്.
കൈത്താങ്ങായി സേവനപദ്ധതികൾ
മെഡിക്കൽ ക്യാമ്പുകൾ, വീൽചെയർ, ക്രച്ചസ്, ശ്രവണ സഹായി അടക്കമുള്ള സഹായ ഉപകരണങ്ങളുടെ വിതരണം, കലോത്സവങ്ങൾ, കായികമേളകൾ, വിനോദയാത്രകൾ അടക്കം ശാരീരിക പരിമിതിയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കുന്ന സേവന പദ്ധതികൾ നിരവധിയാണ്. കിടപ്പിലായ വിദ്യാർഥികൾക്കുവേണ്ടി നടപ്പാക്കുന്ന ഡയപർ ബാങ്ക് പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇവരുടെ മാതാപിതാക്കൾക്കായി ബോധവത്കരണ ക്ലാസുകൾ, കൗൺസലിങ്, തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയ സേവന പദ്ധതികളും നടപ്പാക്കുന്നു.
കരുത്തുപകർന്ന് ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ
സമഗ്രശിക്ഷ കേരളയുടെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെൻററുകൾ കേന്ദ്രീകരിച്ചാണ് ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ജില്ലയിൽ 15 ബ്ലോക്ക് റിസോഴ്സ് െസന്ററുകൾക്ക് കീഴിലുള്ള വിവിധ വിദ്യാലയങ്ങളിലായി 8142 ഭിന്നശേഷി വിദ്യാർഥികളാണുള്ളത്. ഇതിനുപുറമെയാണ് ഇതേ ബി.ആർ.സി പരിധികളിലായി പൂർണമായും കിടപ്പിലായ 381 വിദ്യാർഥികൾ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നത്.
പരിശീലനം ലഭിച്ച സ്പെഷൽ എജുക്കേറ്റർമാർ ബുധനാഴ്ചകളിൽ വീടുകളിലെത്തിയാണ് ഇവരെ അക്ഷരലോകത്തേക്ക് നയിക്കുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള 236 സ്പെഷൽ എജുക്കേറ്റർമാരാണുള്ളത്.
മുഖ്യധാരയിെലത്തിക്കുക ലക്ഷ്യം -ജില്ല പ്രോഗ്രാം ഓഫിസർ
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സമഗ്രശിക്ഷ കേരളം ജില്ല പ്രോഗ്രാം ഓഫിസർ എം. ജോസഫ് വർഗീസ് പറയുന്നു.
ഇവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അതിൽ പ്രാവീണ്യമുള്ളവരാക്കത്തക്കവിധമാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ നടത്തിയ ഇൻക്ലൂസിവ് കായികമേള ഈ ലക്ഷ്യത്തോടെയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വിദ്യാർഥികൾ എറണാകുളത്ത്; കുറവ് കൂവപ്പടിയിൽ
ജില്ലയിൽ കൂടുതൽ പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർഥികൾ അധ്യയനം നടത്തുന്നത് എറണാകുളം ബി.ആർ.സി പരിധിയിലാണ് - 1255 പേർ. കുറവ് കൂവപ്പടിയിലാണ്.
ഇവിടെ 182 പേരാണുള്ളത്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നവർ ഏറ്റവും കൂടുതലുള്ളത് അങ്കമാലിയിലാണ് -61 പേർ. കുറവ് കൂവപ്പടിയിലാണ്- 11 പേർ.
വർഷവും ഏപ്രിൽ-മേയ് മാസങ്ങളിൽ തദ്ദേശ സ്ഥാപന വാർഡുകളിലെ അംഗൻവാടികൾ കേന്ദ്രീകരിച്ച് ആശവർക്കർമാരുടെ സഹകരണത്തോടെ നടത്തുന്ന സർവേയിലൂടെയാണ് നാല് വയസ്സിന് മുകളിലുള്ള വിദ്യാർഥികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.