പള്ളുരുത്തി: ഇടക്കൊച്ചി വില്ലേജ് ഓഫിസിന്റെ മൂക്കിന് താഴെ രണ്ടരയേക്കറോളം തണ്ണീർത്തടം അനധികൃതമായി നികത്തുന്നത് കണ്ടില്ലെന്ന് നടിച്ച് അധികൃതർ. ഇടക്കൊച്ചി പാലമുറ്റം റോഡിൽ സബർമതി ജങ്ഷന് സമീപം പുലർച്ചയോടെ ടിപ്പർ ലോറികളിൽ പൂഴിമണൽ എത്തിച്ചാണ് നികത്തൽ. രണ്ടരയേക്കർ വരുന്ന തണ്ണീർത്തടത്തിൽ 50 സെന്റോളം സ്ഥലം പുരയിടമായാണ് റവന്യൂ രേഖകളിൽ കാണിച്ചിരിക്കുന്നതെങ്കിലും പൂർണമായും വെള്ളം നിറഞ്ഞ പ്രദേശമാണ്.
പുരയിടമായി രേഖകളിൽ കാണിച്ചിരിക്കുന്ന സ്ഥലത്തിന്റെ മറവിലാണ് തണ്ണീർത്തടം നികത്തുന്നത്. പഷ്ണിത്തോടിന് സമീപത്തുള്ള തണ്ണീർത്തടത്തിനോട് ചേർന്നുണ്ടായിരുന്ന പുറമ്പോക്ക് തോടും നിലവിൽ നികത്തിയിട്ടുണ്ട്. വൃശ്ചികവേലിയേറ്റത്തിൽ വലിയ വെള്ളക്കെട്ടാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. തണ്ണീർത്തടം നികത്തുന്നതോടെ പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലാകുമെന്ന് നാട്ടുകാർ പറയുന്നു.
ഏതാനും മാസം മുമ്പാണ് ഇവിടെ ഒരേക്കറോളം അപൂര്‍വയിനം കണ്ടല്‍ മരങ്ങൾ വെട്ടിനീക്കി സമീപത്തെ ചതുപ്പിൽ നിക്ഷേപിച്ചത്. സംഭവത്തിൽ പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. നികത്തിയ പ്രദേശം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡൻറ് വി.കെ. അരുൺകുമാർ ഇടക്കൊച്ചി വില്ലേജ് ഓഫിസർക്കും കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി വി.ഡി. മജീന്ദ്രൻ ജില്ല കലക്ടർക്കും റവന്യൂ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.