കൊച്ചി: മുൻനിര ഇന്ത്യൻ ടഗ് ഓപറേറ്ററായ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിൽനിന്ന് (ഒ.എസ്.എൽ) മൂന്ന് അസിമൂത്തിങ് സ്റ്റെൺ ഡ്രൈവ് (എ.എസ്.ഡി) ടഗുകൾ നിർമിക്കാനുള്ള കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് (യു.സി.എസ്.എൽ). 70 ടി ബൊള്ളാർഡ് പുൾ ടഗുകളാണ് കമ്പനി നിർമിക്കുക. ഇതുമായി ബന്ധപ്പെട്ട കരാർ സി.ഇ.ഒ എ. ഹരികുമാറും ഒ.എസ്.എൽ എം.ഡിയും സി.ഇ.ഒയുമായ ഹിരേൻ ഷായും ഒപ്പുവെച്ചു.
ഒ.എസ്.എൽ കമ്പനിക്കായി യു.സി.എസ്.എൽ നേരത്തേ രണ്ട് 62 ടൺ ബൊള്ളാർഡ് പുൾ എ.എസ്.ഡി ടഗുകളുടെ നിർമാണത്തിന് കരാർ ഏറ്റെടുക്കുകയും പറഞ്ഞ ദിവസത്തിനു മുമ്പ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. അദാനി ഹാർബർ സർവിസസ് ലിമിറ്റഡ് കമ്പനിയുടെ ഉപകമ്പനിയായ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിനായി നിലവിൽ കരാർ ലഭിച്ചിരിക്കുന്ന 70 ടൺ ബൊള്ളാർഡ് പുൾ ടഗുകൾക്ക് 33 മീറ്റർ നീളവും 12.2 മീറ്റർ ബീമും 4.2 മീറ്റർ ഡ്രാഫ്റ്റും ഉണ്ടാകും.
1838 കിലോ വാട്ടിന്റെ രണ്ട് പ്രധാന എൻജിനുണ്ട്. 70 ടൺ ബൊള്ളാർഡ് പുള്ളിന്റെ രണ്ട് എ.എസ്.ഡി ടഗുകളുടെ നിർമാണത്തിനായി പോൾസ്റ്റാർ മാരിടൈം ലിമിറ്റഡുമായി യു.സി.എസ്.എൽ നേരത്തേ കരാർ ഒപ്പിട്ടിരുന്നു.
കരാർ പ്രകാരമുള്ള ഡെലിവറി തീയതിക്ക് മുമ്പ് ആദ്യ കപ്പൽ ഉടമകൾക്ക് കൈമാറി. ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡുൾപ്പെടെ തങ്ങളുടെ കപ്പൽ ശേഖരം വർധിപ്പിക്കാനുള്ള ടഗുകളുടെ നിർമാണത്തിനായി കൊച്ചി കപ്പൽശാലയെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് സി.എസ്.എൽ സി.എം.ഡി മധു എസ്. നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.