കൊച്ചി: ജി.എസ്.ടിയുടെ പേരിൽ എം.ആർ.പിയെക്കാൾ കൂടുതൽ തുക ഈടാക്കിയ ഷൂ നിർമാണ കമ്പനി ഉപഭോക്താവിന് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. കാസർകോട് കാനന്തൂർ സ്വദേശിയും എറണാകുളം ലോ കോളജ് വിദ്യാർഥിയുമായ സഞ്ജയ് രാജിന്റെ പരാതിയിലാണ് നടപടി.
എറണാകുളം ബ്രോഡ് വേയിലെ ബാറ്റാ ഷോറൂമും ഹരിയാന ആസ്ഥാനമായ ബാറ്റാ കമ്പനിയുമാണ് എതിർകക്ഷികൾ. 2022 മാർച്ചിൽ പരാതിക്കാരൻ ബാറ്റാ ഷോറൂമിൽനിന്ന് 1066 രൂപ നൽകി ഒരു ജോഡി ഷൂ വാങ്ങി. 999 രൂപയാണ് പ്രിന്റ് ചെയ്തിരുന്ന വില. പരമാവധി വിൽപന വിലയേക്കാൾ (എം.ആർ.പി) കൂടിയ തുകയാണ് ഈടാക്കിയത് എന്ന കാര്യം പരാതിക്കാരൻ എതിർകക്ഷിയുടെ ശ്രദ്ധയിൽപെടുത്തി.
ഈ വില നിയമപരമാണെന്നും വിൽപന നികുതി ഉൾപ്പെടെയാണ് ഈടാക്കിയതെന്നുമായിരുന്നു എതിർകക്ഷിയുടെ നിലപാട്. അധികം വാങ്ങിയ തുക തിരിച്ച് നൽകണമെന്ന ആവശ്യം നിരസിച്ച എതിർകക്ഷി വിദ്യാർഥിയെ അപമാനിച്ച് കടയിൽനിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി.
ജി.എസ്.ടി പരിഷ്കരിച്ചപ്പോൾ ഷൂവിന്റെ വിലയും വർധിച്ചുവെന്നും ഉപഭോക്തൃ കോടതിക്ക് ഇക്കാര്യം പരിഗണിക്കാൻ അധികാരമില്ല എന്നുമായിരുന്നു എതിർകക്ഷിയുടെ നിലപാട്. എം.ആർ.പിയെക്കാൾ കൂടുതൽ വില ഉൽപന്നത്തിന് ഈടാക്കരുതെന്ന വ്യവസ്ഥ എതിർകക്ഷികൾ ലംഘിച്ചെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
അധികമായി ഈടാക്കിയ 67 രൂപയും നഷ്ടപരിഹാരം, കോടതിച്ചെലവ് ഇനങ്ങളിൽ 15,000 രൂപയും 45 ദിവസത്തിനകം നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.