ഫോർട്ട്കൊച്ചി: നവീകരിച്ച ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്ക് കുട്ടികൾക്ക് തുറന്നുനൽകാതെ സിനിമ ഷൂട്ടിങ്ങിന് അനുമതി നൽകിയതിനെതിരെ നാട്ടുകാർ. സിനിമ ചിത്രീകരണത്തിനെത്തിയവരെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു.
ഔപചാരികമായി ഉദ്ഘാടനം ചെയ്യാത്തതിനാൽ ഫോർട്ട്കൊച്ചി നെഹ്റു പാർക്കിൽ കുട്ടികളെ പ്രവേശിപ്പിക്കാറില്ല. നവീകരിച്ച പാർക്ക് കഴിഞ്ഞ ഒരു മാസത്തോളമായി പൂട്ടിക്കിടക്കുകയാണ്. പാർക്ക് കുട്ടികൾക്ക് തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവികൊടുക്കാറില്ല. ഇതിനിടയിലാണ് സിനിമ ചിത്രീകരണത്തിന് ശനിയാഴ്ച പാർക്ക് അധികൃതർ അനുവദിച്ചത്. നടപടി വലിയ പ്രതിഷേധത്തിനിടയാക്കി. ഇതോടെ, നാട്ടുകാരിൽ ചിലർ ചേർന്ന് ചിത്രീകരണം തടഞ്ഞു. മന്ത്രിയുടെ തീയതി ലഭിക്കാത്തതിനാലാണ് നവീകരിച്ച പാർക്ക് ഉദ്ഘാടനം ചെയ്യാത്തതെന്നാണ് അധികൃതർ പറയുന്നത്. പാർക്കിന്റെ അവകാശികളായ കുട്ടികൾ കളിക്കാനാവാതെ മടങ്ങുമ്പോഴാണ് അധികൃതർ ചിത്രീകരണത്തിന് പാർക്ക് അനുവദിച്ച് നൽകിയത്.
കുട്ടികൾക്ക് അനുമതിയില്ലാത്ത പാർക്കിൽ ഷൂട്ടിംഗും അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ വാദം. പ്രതിഷേധവുമായി കൂടുതൽ പേരെത്തിയതോടെയാണ് സംഗതി പന്തിയല്ലെന്ന് കണ്ട് ചിത്രീകരണത്തിനെത്തിയവർ സ്ഥലംവിട്ടു. സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിലാണ് പാർക്കിന്റെ നവീകരണം നടത്തിയത്. നവീകരിച്ചപ്പോൾ നെഹ്റുവിന്റെ പേര് മാറ്റിയത് വലിയ വിമർശനത്തിന് ഇടനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.