കാക്കനാട്: വിവാദങ്ങളുടെയും കൂറുമാറ്റങ്ങളുടെയും പറുദീസയായ തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർ കൂട്ട അയോഗ്യതയിലേക്ക് നീങ്ങുന്നു.
നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒരു കോണ്‍ഗ്രസ് അംഗത്തെ അയോഗ്യയാക്കുകയും പിന്നീട് അയോഗ്യത പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെ രണ്ടുപേർക്കെതിരെ കൂടി അയോഗ്യത നടപടി വന്നു. തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍പേഴ്സനും സി.പി.എം. കൗണ്‍സിലറുമായ ഉഷ പ്രവീണ്‍, കോണ്‍ഗ്രസ് അംഗമായ രജനി ജീജന് എന്നിവരാണ് ഇവർ. ഇവരെ അയോഗ്യരാക്കിയ നോട്ടീസ് വ്യാഴാഴ്ച നല്‍കുമെന്ന് നഗരസഭ സെക്രട്ടറി ടി.കെ. സന്തോഷ് പറഞ്ഞു.
ഉഷ പ്രവീൺ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ തുടര്‍ച്ചയായി മൂന്ന് മാസം പങ്കെടുത്തില്ല. രജനി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തിട്ടില്ല. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കും അയോഗ്യത നോട്ടീസ് നല്‍കുന്നത്.
കോണ്‍ഗ്രസ് അംഗവും മുന്‍ നഗരസഭ ചെയര്‍പേഴ്സനുമായ അജിത തങ്കപ്പനെ ദിവസങ്ങള്‍ക്ക് മുമ്പാണ് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്തിന്റെ പേരില്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള നഗരസഭയില്‍ അജിതയുടെ അംഗത്വം പുനഃസ്ഥാപിച്ചുള്ള അപേക്ഷ ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ചിരുന്നുവെങ്കിലും പ്രതിപക്ഷം അംഗീകരിച്ചിരുന്നില്ല.
യു.ഡി.എഫിന് കൗണ്‍സിലില്‍ ഭൂരിപക്ഷമുള്ളതിനാല്‍ കോണ്‍ഗ്രസ് അംഗം രജനിക്ക് അയോഗ്യത വന്നാലും തിരികെ കയറാന്‍ സാധിക്കും. എന്നാല്‍ സി.പി.എമ്മിലെ ഉഷ പ്രവീണിന് കൗണ്‍സിലില്‍ ഭൂരിപക്ഷമില്ലാത്തിനാല്‍ അംഗത്വം പുനഃസ്ഥാപിക്കാൻ കോടതി കയറേണ്ടിവരും.
അതിനിടെ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്ത മറ്റു മൂന്ന് അംഗങ്ങളും അയോഗ്യത ഭീഷണിയിലാണ്.
സി.പി.എം അംഗം സുനി കൈലാസന്, സി.പി.ഐ അംഗം കെ.എക്സ്. സൈമണ്‍, കോണ്‍ഗ്രസ് അംഗം അഡ്വ. ലാലി ജോഫിന്‍ എന്നിവർക്കാണ് അയോഗ്യത ഭീഷണിയുള്ളത്.
ഇവരുടെ ഹാജര്‍ പുസ്തകം പരിശോധിച്ച് വരികയാണെന്നും ഇവര്‍ അവധി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കൗണ്‍സില്‍ യോഗത്തില്‍ ഇത് അംഗീകരിച്ചുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സെക്രട്ടറി പറഞ്ഞു. ഇതില്‍ വ്യക്തത വന്നതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.