നഹീമ പൂന്തോട്ടത്തിൽ
കൊച്ചി: കൊട്ട, മുറം, ഓടക്കുഴൽ... മുള ഉൽപന്നങ്ങളെന്ന് പറഞ്ഞാൽ കുറച്ചു സാധനങ്ങളേ മുമ്പൊക്കെ നമ്മുടെ മനസ്സിലെത്തുമായിരുന്നുള്ളൂ. എന്നാലിന്ന് ഇതിനൊക്കെ പറ്റുമോ എന്ന് അമ്പരക്കുന്നയത്രയും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മുളയിൽനിന്ന് ഉണ്ടാക്കുന്നവരുണ്ട്. അത്തരം മുളയുൽപന്നങ്ങൾ കണ്ട് ആസ്വദിക്കാനും സ്വന്തമാക്കാനും കൊച്ചി മറൈൻഡ്രൈവിലൊന്നു വന്നാൽ മതി. വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന് സംഘടിപ്പിക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റിലാണ് മുളയുൽപന്നങ്ങളും വിഭവങ്ങളും അനുബന്ധ വസ്തുക്കളും നിരന്നിരിക്കുന്നത്.
40 രൂപയുടെ ബ്രഷ്, പേന, കീ ചെയിൻ, 60 രൂപയുടെ മുള ലോക്കറ്റ് മാല, വള, പിന്നെ ചീപ്പ്, കണ്ണാടി, കമ്മൽ, എന്നിങ്ങനെ മുള കൊണ്ടും ഈറ്റ കൊണ്ടുമുള്ള ആഭരണങ്ങൾ, തവി, സ്പൂൺ, കൊട്ട, മുറം, നാഴി, പുട്ടുകുറ്റി, ചായക്കപ്പ്, ജഗ്, ഗ്ലാസ് സ്റ്റാൻഡ്, പ്ലേറ്റ് സ്റ്റാൻഡ് എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങൾ, പ്ലാൻറ് ഹോൾഡർ, ലാംപ്ഷേഡ്, മുളയുടെ കാൻവാസിൽ തീർത്ത പെയിൻറിങ്ങുകൾ, കൊച്ചുവീടുകൾ, ഫ്ലവർ വേസ്, ടിഷ്യൂ ഹോൾഡർ, കാർഡ് ഹോൾഡർ, തുടങ്ങിയ അലങ്കാര വസ്തുക്കൾ, സ്പൈസ് ബോക്സ്, വിഗ്രഹങ്ങൾ തുടങ്ങിയ ഗിഫ്റ്റിനങ്ങൾ തുടങ്ങി മുളയുടെ പ്രത്യേകതകളിഷ്ടപ്പെടുന്ന ആർക്കും ഒന്നു വാങ്ങാൻ തോന്നുന്ന വിവിധയിനങ്ങളാണ് വിവിധ സ്റ്റാളുകളിൽ ക്രമീകരിച്ചിട്ടുള്ളത്. കസേര, ടീപോയ്, ചെറിയ സോഫ തുടങ്ങിയ ഈറ്റ ഫർണിച്ചറുകളുമുണ്ട്. പാട്ടു പ്ലേ ചെയ്ത് ഫോൺ വെച്ചാൽ ശബ്ദം കൂടുന്ന ഗ്രാമഫോൺ ആണ് മറ്റൊരാകർഷണം.
വയനാട്ടിലെ മുളഗ്രാമമാണ് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ. ഉരുൾദുരന്തം നടന്ന ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലം. ഈ മുളഗ്രാമത്തിൽനിന്ന് ഒട്ടേറെ സംരംഭകർ കൊച്ചിയിലെ ബാംബൂ ഫെസ്റ്റിനെത്തിയിട്ടുണ്ട്. മുള പോലുള്ള പ്രാദേശിക പ്രകൃതി വിഭവങ്ങളുപയോഗിച്ചുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉറവ് എന്ന എൻ.ജി.ഒക്കു കീഴിലായി മാത്രം പത്തിലേറെ സ്റ്റാൾ ഫെസ്റ്റിലുണ്ട്. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഉറവ് ഇടക്കാലത്ത് പൂട്ടിപ്പോകുന്ന സ്ഥിതിയിലെത്തിയിരുന്നു. എന്നാലിന്ന് പ്രകൃതിദുരന്തത്തിൽ തകർന്ന വയനാട് എന്ന നാടിനെപ്പോലെ തന്നെ അതിജീവനത്തിന്റെ പാതയിലാണ് തങ്ങളുമെന്ന് ഉറവ് ചീഫ് ഓപറേഷൻസ് ഓഫിസർ ഹെന്ന പോൾ പറയുന്നു. സുസ്ഥിര സാമ്പത്തിക വികാസം ലക്ഷ്യമിട്ടുള്ള ഇൻഡിജിനസ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ ആയാണ് ഉറവ് പ്രവർത്തിക്കുന്നത്. മനോഹരമായ, പ്രകാശം പരത്തുന്ന ലാംപ്ഷേഡുകൾ ഉറവിലെ സ്റ്റാളുകളുടെ പ്രത്യേക ആകർഷണമാണ്. 600 രൂപ മുതൽ 11,000 രൂപ വരെയുള്ളവ ഇക്കൂട്ടത്തിലുണ്ട്.
ഒന്നും രണ്ടുമല്ല, 26 വ്യത്യസ്ത ഇനം മുളത്തടികൾ... ദ്വാരമുള്ളതും ദ്വാരമില്ലാത്തതുമുണ്ട്, എസ് പോലെ വളഞ്ഞതുണ്ട്, ചെറിയ ചെറിയ വളവുകൾ നിരവധിയുള്ളവയുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) സ്റ്റാളിലാണ് നമ്മളിൽ പലരും കാണാത്ത മുളയിനങ്ങൾ കാഴ്ചക്കുള്ളത്. കൂടാതെ മുളവിത്ത്, തൈ, വേര്, മുളക്കരി എന്നിവയും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. തൊട്ടുതാഴെയായി ഈറ്റകൊണ്ടുള്ള കണ്ണാടിപ്പായ നെയ്ത്തും തത്സമയം കാണാം. ഇടുക്കിയിലെ ആദിവാസി ഗോത്രവിഭാഗത്തിൽപെട്ട തങ്കമ്മ, നീലി എന്നിവരാണ് നെയ്യുന്നത്. വെളിച്ചം തട്ടിയാൽ കണ്ണാടിപോലെ തിളങ്ങുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഡപ്പ എന്ന് അറിയപ്പെടുന്ന കൊട്ട, ലാങ്ചുങ് എന്ന പഴക്കൂട, പലാങ് എന്ന വൈൻബോട്ടിൽ, ജഷം എന്ന തൊപ്പി, ബയ്കൂർ എന്ന വലിയ കൊട്ട... ഭൂട്ടാനില്‍നിന്നുള്ള കരകൗശല വിദഗ്ധരുടെ സ്റ്റാളിലെ ഇനങ്ങളിൽ ചിലതാണിവ. ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവിലെ തരായണ ഫൗണ്ടേഷന് കീഴിലുള്ള സോനം ഗീൽറ്റ്ഷെൻ, നാംഗായ് ഷെറിങ്, സംഗ ദോർജി എന്നിവരാണ് ഭൂട്ടാനിലെ പരമ്പരാഗത മുളയുൽപന്നങ്ങളുമായി അറബിക്കടലിന്റെ റാണിയെത്തേടിയെത്തിയിരിക്കുന്നത്. മെഷീനുകളുടെ സഹായമില്ലാതെ കൈകൊണ്ടാണ് എല്ലാം നിര്‍മിച്ചതെന്നും ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലെ മേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് വരുന്നതെന്നും സോനം പറഞ്ഞു.
ബാംബൂ ഫെസ്റ്റിലെ സ്റ്റാളുകൾ കണ്ടുനടക്കുമ്പോൾ ഇടക്ക് മനോഹരമായ ഓടക്കുഴൽ വായന കേൾക്കാം. എവിടെനിന്നെന്ന് തിരഞ്ഞുപോകുമ്പോൾ ഓടക്കുഴലുകൾ നിറഞ്ഞ ഒരു സ്റ്റാളും കാണാം. ഇവിടെയുണ്ട് കെ.വി. മുരളിയെന്ന ഓടക്കുഴൽവാദകൻ. ഓടക്കുഴൽ നിർമാണത്തിനൊപ്പം ചെറുപ്പത്തിൽ പഠിച്ച വായനയും അദ്ദേഹം തുടരുകയാണ്. ഇടക്ക് പരിപാടികൾക്കൊക്കെ പോവാറുണ്ടെന്ന് മുരളി പറയുന്നു. കുട്ടികൾക്കായുള്ള 200 രൂപയുടെ ചെറിയ ഓടക്കുഴൽ മുതൽ 1500 രൂപയുടെ ബാംസൂരി വരെ സ്റ്റാളിലുണ്ട്. കർണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതങ്ങൾക്കനുയോജ്യമായ വ്യത്യസ്തതരം ഓടക്കുഴലുകൾ വിൽപനക്കുണ്ട്.
ബാംബൂ ഫെസ്റ്റ് തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ നിരവധിപേരാണ് കാണാനും ഉൽപന്നങ്ങൾ വാങ്ങാനുമെത്തുന്നത്. ആകെ 180 സ്റ്റാൾ ഇവിടെയുണ്ട്. ആന്ധ്രപ്രദേശ്, അസം, മണിപ്പൂർ, തമിഴ്നാട്, മഹാരാഷ്ട്ര, മേഘാലയ, ഒഡിഷ, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, അരുണാചൽ പ്രദേശ് എന്നീ 10 സംസ്ഥാനങ്ങളിൽനിന്നുള്ള 50ഓളം കരകൗശല പ്രവർത്തകരും സ്റ്റാളുകളിലുണ്ടെന്ന് ബാംബൂ മിഷൻ സി.ഇ.ഒ എസ്. സൂരജ് പറഞ്ഞു.
രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെ സൗജന്യമായി പ്രവേശിക്കാം. ഫെസ്റ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുളവാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. കൂടാതെ മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മിച്ച വിവിധ ഭക്ഷ്യോൽപന്ന സ്റ്റാളുകളും മുള നഴ്സറികളും ഫെസ്റ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.