കോതമംഗലം: കൗമാര താരങ്ങള്‍ ട്രാക്കുവാണ ജില്ല സ്കൂള്‍ കായിക മേള രണ്ടു ദിനം പിന്നിടുമ്പോൾ കിരീടമുറപ്പിച്ച് ആതിഥേയർ. ആതിഥേയരായ കോതമംഗലം ഉപജില്ല മെഡൽ വേട്ടയിലും പോയന്റ് നിലയിലും ബഹുദൂരം മുന്നിലാണ്. രണ്ടാം ദിനം 11 സ്വര്‍ണം കൂടി നേടിയ ആതിഥേയർ 249 പോയന്റുകള്‍ നേടി കിരീടമുറപ്പിക്കുകയാണ്. ആകെ 28 സ്വര്‍ണവും 29 വെള്ളിയും 16 വെങ്കലവും ഉപജില്ലയുടെ അക്കൗണ്ടിലുണ്ട്. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ഒമ്പത് വെങ്കലവുമായി രണ്ടാം സ്ഥാനത്തുള്ള അങ്കമാലിക്ക് 65 പോയന്റാണുള്ളത്. 50 പോയന്റുള്ള വൈപ്പിന്‍ ഉപജില്ല മൂന്നാം സ്ഥാനത്ത് തുടരുകയാണ്- നാല് വീതം സ്വര്‍ണവും വെങ്കലവും അഞ്ച് വെള്ളിയും.
നോര്‍ത്ത് പറവൂരിന്റെ (40) നാലാം സ്ഥാനത്തിന് ഇളക്കമില്ല. ആദ്യദിനം അഞ്ചാം സ്ഥാനത്തായിരുന്ന ആലുവയെ (37) പിന്നിലാക്കി പെരുമ്പാവൂര്‍ (37) ഒരുപടി കൂടി മുന്നിലെത്തി. തൃപ്പൂണിത്തുറ ഉപജില്ല ഒഴികെ 13 ടീമുകളും സ്വര്ണപട്ടികയിലുണ്ട്.
സ്കൂള്‍ പോയന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായ മാര്‍ബേസില്‍ എച്ച്.എസ്.എസിന്റെയും (121) കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസി.ന്റെയും (67) ചിറകിലേറിയാണ് കോതമംഗലം ഉപജില്ലയുടെ തേരോട്ടം. 15 സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമാണ് മാര്‍ബേസിലിന്റെ സമ്പാദ്യം. സെന്റ് സ്റ്റീഫന്‍സിന് എട്ട് വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. അങ്കമാലി മൂക്കന്നൂര്‍ േസക്രഡ് ഹേര്‍ട്ട് ഓര്‍ഫനേജ് എച്ച്.എസാണ് മൂന്നാം സ്ഥാനത്ത്. നാല് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 29 പോയന്റ്. വൈപ്പിന്‍ നായരമ്പലം ബി.വി.എച്ച്.എസ് 26, പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസ് 14, ഗവ. ജി.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി 14, കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് എച്ച്എസ് 12, മൂവാറ്റുപുഴ നിര്‍മല എച്ച്.എസ്.എസ് 12, നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് 11, നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളാണ് യഥാക്രമം നാലുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.
വൈകീട്ട് പെയ്ത കനത്ത മഴയില്‍ ഇന്നലെ നിശ്ചയിച്ച എല്ലാ ഫൈനലുകളും പൂര്‍ത്തിയാക്കാനായില്ല. സീനിയര്‍ ആണ്-പെണ് വിഭാഗങ്ങളുടെ 400 മീറ്റര്‍ ഫൈനല്‍ ഉള്‍പ്പെടെ 39 ഇനങ്ങളില്‍ ഇന്നാണ് ഫൈനല്‍. നിശ്ചയിച്ചതിലും വൈകിയാണ് വെള്ളിയാഴ്ച മത്സരങ്ങള്‍ ആരംഭിച്ചത്. 100 മീറ്റര്‍ ഹീറ്റ്സിന് തൊട്ടുപിന്നാലെ ഫൈനല്‍ മത്സരങ്ങള്‍ നടത്തിയത് പല താരങ്ങളെയും ബാധിച്ചു. പലരും പരിക്കോടെയാണ് ട്രാക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.