കൊച്ചി: രണ്ട് മാസത്തിനിടെ ജില്ലയിലെ ജലാശയങ്ങൾ കവർന്നത് 25 ജീവനുകൾ. ജില്ലയിലെ പുഴകളിലും തോടുകളിലും കുളങ്ങളിലുമായാണ് ഇത്രയും പേരുടെ ജീവൻ നഷ്ടമായത്. മാർച്ച് 15 മുതലുളള കണക്കുകളനുസരിച്ചാണ് മുങ്ങി മരണങ്ങൾ വൻ തോതിലുയർന്നത്. ഫോർട്ട് കൊച്ചി ബീച്ച്, വൈപ്പിൻ ബീച്ച്, പെരിയാർ, മൂവാറ്റപുഴയാർ എന്നിവകൾക്കു പുറമേ പ്രാദേശിമായി കനാലുകളിലും തോടുകളിലും കുളങ്ങളിലുമെല്ലാം ഇക്കാലയളവിൽ മുങ്ങി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിണറിലും മുങ്ങിമരണം സംഭവിച്ചിട്ടുണ്ട്. മധ്യവേനലവധിക്കാലവും കൊടുംചൂടും മുങ്ങി മരണതോത് ഉയരുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
ജലാശയങ്ങളിൽ ജീവൻ പൊലിയുന്നതിൽ ഏറിയ പങ്കും യുവാക്കളും വിദ്യാർഥികളുമാണ്. രണ്ടുമാസത്തെ ജില്ലയിലെ കണക്കെടുക്കുമ്പോൾ മരിച്ച 25 പേരിൽ രണ്ടുപേർ മാത്രമാണ് മധ്യവയസ്കർ. ഇതിൽ ഒരാൾ കിണർ വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ചതാണ്. മറ്റൊരാളാൾ ചെറുമക്കളോടൊപ്പം മൂവാറ്റുപഴയാറിൽ കുളിക്കാനിറങ്ങിയ രണ്ടാർകര സ്വദേശിനിയായ വീട്ടമ്മയാണ്.
അപകടത്തിൽ ഇവരോടൊപ്പം രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചിരുന്നു. കൂട്ടുകാരോടൊപ്പം പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങിയാണ് സംഭവിച്ച അപകടങ്ങളിൽ ഭൂരിഭാഗവും. ജലാശയങ്ങളുടെ ആഴവും അപകടക്കെണികളും അറിയില്ലെന്നതിന് പുറമേ നീന്തൽ വശമില്ലാത്തതും അപകടങ്ങൾ വർധിക്കുന്നതിൽ പ്രധാന കാരണമാണ്. മധ്യവേനലവധിക്കാലത്തോടൊപ്പം ഇക്കുറി കൊടുംചൂടും എത്തിയതോടെ ആളുകൾ കൂട്ടത്തോടെ ജലാശയങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതും അപകട തോത് ഉയർത്തി.
വേനൽ മഴയും പിന്നാലെ കാലവർഷവും സജീവമാകുന്നതോടെ ആശങ്കകളുമുയരും. ഗ്രാമപ്രദേശങ്ങളിലെ കൈതോടുകളിലും കുളങ്ങളിലും പാറയിടുക്കുകളിലുമെല്ലാം വെള്ളക്കെട്ടും ജലനിരപ്പും ഉയരുന്നതാണ് അപകട ഭീതി ഉയരാൻ കാരണം.
ഇതിന് പുറമേയാണ് ജലാശയങ്ങളിൽ ജലനിരപ്പുയരുന്നതോടൊപ്പം ഒഴുക്കും ശക്തമാകുന്നത്. ഇതിൻന്റെ തീവ്രത അറിയാതെയിറങ്ങുന്നവർ അപകടത്തിൽപെടാൻ സാധ്യതയേറെയുമാണ്. പലയിടങ്ങളിലും അപകടമുന്നറിയിപ്പുകളും മറ്റുമുണ്ടെങ്കിലും ഇതവഗണിച്ചും അപകടം പതിയിരിക്കുന്ന ജലാശയങ്ങളിലിറങ്ങുന്നവരും കുറവല്ല. സഞ്ചാരികളായെത്തുന്നവരാണ് ഇങ്ങനെ വെള്ളത്തിലിറങ്ങി അപകടത്തിൽ പെടുന്നവരിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.