കൊച്ചി: ശബ്ദമുയർത്തി സംസാരിച്ചെന്ന്ആരോപിച്ച് അന്തർ സംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച സംഭവം ഒരുമാസം മുമ്പ് എറണാകുളം ജില്ലയിൽ നടന്നതാണ്. മദ്യലഹരിയിൽ ആക്രമണം നടത്തിയ പ്രതികളെ ഉടൻ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. സമീപകാലത്തായി നാട്ടിൽ അരങ്ങേറിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണിത്. വീടുകയറി ആക്രമണം, അക്രമിച്ച് പിടിച്ചുപറി തുടങ്ങിയവയൊക്കെ ലഹരിത്തണലിൽ വിഹരിക്കുന്ന ക്രിമിനൽ മനോഭാവക്കാരുടെ എണ്ണം വർധിക്കുന്നതിന്റെ സൂചനയാണ്. രാത്രി ജില്ലയിലെ പ്രധാന നഗരകേന്ദ്രങ്ങളൊക്കെ മദ്യപരും സാമൂഹിക വിരുദ്ധരും കീഴടക്കുന്നു.
പൊലീസ് നടപടികൾ ശക്തമാക്കുമ്പോഴും കുറ്റവാളികളുടെ മനോഭാവത്തിലെ വ്യതിയാനങ്ങൾ അപകടകരമായ നിലയിലാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇന്ധനം നിറക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരെ ആക്രമിച്ചത്, പാർസൽ വാങ്ങിയതിന്റെ പണം മുൻകൂറായി ആവശ്യപ്പെട്ടതിന്റെ വിരോധത്തിൽ തട്ടുകടക്കാരനെ ആക്രമിച്ചത്, ഹോട്ടലിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിച്ച് ഭക്ഷണത്തിൽ മണ്ണുവാരിയിട്ടത്, കാറുകൾ കൂട്ടിമുട്ടിയതിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടി ഉൾപ്പെട്ട കുടുംബത്തെ ആക്രമിച്ചത് എന്നിവയൊക്കെ സുരക്ഷിതമല്ലാത്ത പൊതുയിടങ്ങളെയും ക്രിമിനൽ സ്വഭാവക്കാരുടെ എണ്ണം വർധിക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്. ഭൂരിഭാഗം കേസുകളിലും പ്രതികൾ പിടിയിലായിട്ടുണ്ടെങ്കിലും അക്രമങ്ങളിലെ വർധന ആശങ്ക ഉയർത്തുന്നു.
ഭൂരിഭാഗം സാമൂഹിക വിരുദ്ധ അക്രമങ്ങൾക്ക് പിന്നിലും ലഹരിയുടെ സാന്നിധ്യം വ്യക്തമാണ്. രാത്രിയുടെ മറവിൽ നഗരങ്ങളിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലെല്ലാം ലഹരി സംഘങ്ങളുടെ ഇടപെടലുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. പ്രകോപനമില്ലാതെ തന്നെ ആളുകളെ അക്രമിക്കുന്നതടക്കം സംഭവങ്ങളിൽ ഇത്തരക്കാരാണ് കുറ്റവാളികൾ.
2023ൽ മാർച്ചുവരെ കൊച്ചി സിറ്റിയിൽ എട്ട്, ഏപ്രിൽവരെ എറണാകുളം റൂറലിൽ 68 എന്നിങ്ങനെ ഭവനഭേദന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വീടുകയറിയുള്ള അക്രമസംഭവങ്ങൾ നിരവധിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. മുൻവൈരാഗ്യം, സാമ്പത്തിക ഇടപാടുകൾ, ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നം എന്നിവയൊക്കെ കാരണമായിട്ടുണ്ട്. ഇടക്കൊച്ചി ഭാഗത്ത് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയിലായിരുന്നു.
മൂവാറ്റുപുഴയിലെ മൈലാടിമലയിൽ വീടുകയറി ആക്രമണത്തിൽ ഗൃഹനാഥൻ അടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. നെട്ടൂരില്‍ രാത്രി വീടുകയറിയുണ്ടായ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റിരുന്നു. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കാക്കനാട് തുതിയൂർ സ്വദേശിയായ മധ്യവയസ്കനെയും കുടുംബത്തെയും മർദിച്ചതും അടുത്തകാലത്തുണ്ടായ സംഭവമാണ്.
പ്രകോപിതരാകുമ്പോൾ അക്രമത്തിലേക്ക് പോകുന്ന ശൈലി സമൂഹത്തിൽ പടർന്നുപിടിക്കുന്നുണ്ട്. എന്തെങ്കിലും ഇച്ഛാഭംഗം വരുമ്പോൾ കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ എന്നിവരൊക്കെ പ്രതികരിക്കുന്നതിൽ കോപത്തിന്റെ അംശം കടന്നുകൂടുന്നു. ഇതിന്റെ തീവ്രത കൂടിയ രൂപമാണ് അക്രമത്തിലേക്ക് നീളുന്നത്. നേരിയ നൈരാശ്യമുണ്ടാകുമ്പോൾ പോലും കൈയേറ്റത്തിലേക്ക് നീങ്ങുന്നു. അക്രമത്തിലൂടെ പ്രതികരിക്കുന്നത് ശരിയായ രീതിയാണെന്ന സന്ദേശം സിനിമകളിലും മറ്റും വരുന്നുമുണ്ട്. അക്രമിക്കപ്പെടുന്നയാൾ അത് അർഹിക്കുന്നതാണെന്ന തരത്തിൽ ഒരു സ്വാഭാവികവത്കരണവുമുണ്ടാകുന്നു. അത്തരമൊരു മാറ്റത്തിന്റെ പ്രതിഫലനം നിസ്സാര കാര്യങ്ങളിൽപോലും കാണുന്നു. ചില ആളുകളുടെ ഉള്ളിൽ അടിച്ചമർത്തിയിരിക്കുന്ന അക്രമവാസനകൾ ലഹരിയുടെ സ്വാധീനത്താൽ വിലക്കുകളില്ലാതെ പുറത്തേക്ക് വരുന്ന സംഭവങ്ങളുമുണ്ട്. ഒരാളെ ആക്രമിക്കണമെന്ന് തോന്നുമ്പോൾ നമ്മുടെ വിവേകവും സമചിത്തതയുമാണ് അതിൽനിന്ന് അകറ്റുന്നത്. ഉത്കണ്ഠയുടെ രോഗം എന്നുപറയുന്നത് പോലെ കോപത്തിന്റെ രോഗം എന്നൊരു പ്രതിഭാസം ഉണ്ടാകുന്നുണ്ടോ എന്നൊരു സംശയമുണ്ട്. ചെറിയ സംഭവങ്ങളുടെ പേരിൽ മാതാപിതാക്കളെയോ സഹോദരങ്ങളെയോ സുഹൃത്തുക്കളേയോ ഒക്കെ അക്രമിക്കുക, സ്വയം മുറിവേൽപിക്കുക എന്നിവയൊക്കെയുണ്ടാകുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനുള്ള സന്ദേശങ്ങളുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.