കൊച്ചി: കരാർ ഏറ്റെടുത്ത വീട് നിർമാണം പൂർത്തിയാക്കാതിരുന്ന കരാറുകാരന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി. എറണാകുളം, കൂവപ്പാടം സ്വദേശി രാജേശ്വരിയുടെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുടെ വീടിനോട് ചേർന്നുള്ള മുറിയും അടുക്കള ഭാഗവും വലുതാക്കാൻ എറണാകുളം സ്വദേശിയായ കരാറുകാരൻ കെന്നി ഫർണാണ്ടസിനെ സമീപിച്ചു. 3.69 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. 1.10 ലക്ഷം രൂപ പരാതിക്കാരി നിർമാണത്തിനായി നൽകുകയും ചെയ്തു. എന്നാൽ വീടിന്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതായാണ് പരാതി.
പലപ്രാവശ്യം ഫോൺ ചെയ്തിട്ടും പൊലീസിൽ പരാതി നൽകിയിട്ടും നിർമാണം പൂർത്തിയാക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് വനിതാ കമീഷനിൽ പരാതി സമർപ്പിച്ചപ്പോൾ 35,000 രൂപ പലതവണകളായി തിരികെ നൽകി. ബാക്കി ലഭിക്കേണ്ട 65,000 രൂപ ഈടാക്കി നൽകണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
പരാതിക്കാരി അനുഭവിച്ച മന:ക്ലേശത്തിനും ബുദ്ധിമുട്ടുകൾക്കും എതിർക്ഷി ഉത്തരവാദിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
ബാക്കി നൽകാനുള്ള 65,000 രൂപ 5,000 രൂപ നഷ്ടപരിഹാരം, 3000 രൂപ കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം എതിർകക്ഷി പരാതികാരിക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. ഉപഭോക്തൃ തർക്ക പരിഹാര കമീഷനുകളുടെ ഉത്തരവുകൾ പരമാവധി മലയാളത്തിൽ പുറപ്പെടുവിക്കുന്നത് സാധാരണക്കാർക്ക് ഉപകാരപ്രദമാവുമെന്ന സർക്കാർ നിർദേശത്തിന്റെ ഭാഗമായി കേരള പിറവി ദിനത്തിൽ മലയാളത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.