ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ ആധുനിക സംവിധാനങ്ങൾ ഒരുങ്ങുന്നു. പ്രതിമാസം മുപ്പതിലേറെ പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയിൽ പ്രസവ ശേഷം അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.
കൊച്ചി നഗരസഭയുടെ അധീനതയിലുള്ള ആശുപത്രിയിൽ ബി.പി.സി.എല്ലിന്റെ സി.എസ്.ആർ.ഫണ്ട് വിനിയോഗിച്ച് നാല് പുതിയ ഡയാലിസിസ് യന്ത്രങ്ങൾകൂടി സ്ഥാപിക്കുകയാണ്. യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് ഡയാലിസിസ് യൂനിറ്റിന്റെ വിപുലീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. നിലവിൽ എട്ട് ഡയാലിസിസ് യന്ത്രങ്ങളാണ് ആശുപത്രിയിൽ ഉള്ളത്. നഗരസഭ ഫണ്ട് വിനിയോഗിച്ച് അൾട്രാ സൗണ്ട് സ്കാനർ വാങ്ങിയിട്ടുണ്ട്.
ഐസൊലേഷൻ നിർമാണജോലികളും ആരംഭിച്ചു. 12 മുറികളുള്ള വാർഡിന്റെ നവീകരണജോലികളും അവസാനഘട്ടത്തിലാണ്. ഹൈബി ഈഡന്റെ എം.പി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന എം.ആർ.ഐ, സി.ടി സ്കാൻ ലാബിന്റെ നിർമാണം ഉടൻ ആരംഭിക്കും.
അത്യാഹിതവിഭാഗം അറ്റകുറ്റപ്പണി, ഒ.പി വാർഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എന്നിവയും നടക്കുന്നുണ്ട്. ആശുപത്രി നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും ഡിവിഷൻ കൗൺസിലറുമായ ടി.കെ. അഷ്റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.