കൊച്ചി: അനുവദനീയമല്ലാത്ത ലൈറ്റുകളും വയറിങ്ങുകളുമടക്കം നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് നാല് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്.
വിദ്യാർഥികളുമായി വിനോദ യാത്രക്ക് പുറപ്പെടാൻ ഒരുങ്ങി നിൽക്കെയായിരുന്നു നടപടി. എളമക്കരയില്‍ വ്യാഴാഴ്ച രാവിലെയാണ് ബസുകൾ പിടിച്ചെടുത്തത്. ബസുകളിലെ ലൊക്കേഷൻ നാവിഗേഷൻ സിസ്റ്റത്തിന് ഉൾപ്പെടെ തകരാറുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
എളമക്കര ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചത്.
വിനോദ യാത്ര പോകുന്നതിന് മുമ്പ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധിച്ച് ഫിറ്റ്നസ് നല്‍കണമെന്നാണ് നിബന്ധന. എന്നാല്‍, നാലു ബസുകളും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കിയിരുന്നില്ലെന്നാണ് പറയുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും വാഹന ഉടമകളാണ് അനുമതി വാങ്ങേണ്ടിയിരുന്നതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുനൂറോളം വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടീസും നൽകിയിട്ടുണ്ട്.
ബസുകളിൽ വേഗപ്പൂട്ടില്ല, എയർഹോൺ, സൈഡ് കർട്ടൻ അടക്കം 15 ഓളം കുറ്റങ്ങൾ കണ്ടെത്തി. നിബന്ധനകൾ പാലിക്കാതെ വിദ്യാർഥികളെ വിനോദയാത്രക്ക് തയ്യാറാക്കിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെതിരെ ഹയർസെക്കൻഡറി ഡയറക്ടർക്ക് പരാതി നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.