കൊച്ചി: ഇന്ത്യയുടെ വൈവിധ്യങ്ങൾ കൊച്ചിയുടെ മണ്ണിൽ ഒരുക്കിയ ദേശീയ സരസ് മേള നാല് ദിനങ്ങൾ കൂടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിത്യോപയോഗ സാധനങ്ങൾ മുതൽ അലങ്കാരവസ്തുക്കൾ വരെ ഒരു കുടക്കീഴിൽ ഒരുക്കി ആഘോഷങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും കലാസാംസ്കാരിക പരിപാടികളുമായി സരസ് കൊച്ചിയുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. 250ലധികം വിപണന സ്റ്റാളുകളും 40 ഭക്ഷ്യ സ്റ്റാളുകളുമാണ് മേളയിലുള്ളത്.
കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽനിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഇവിടെ ലഭ്യമാണ്. കുടുംബശ്രീ യൂനിറ്റുകൾ ഉല്പാദിപ്പിക്കുന്ന കറിപൗഡറുകൾ, ചിപ്പ്സ്, അച്ചാറുകൾ, ക്വാഷ്, കേക്ക്, സോപ്പ്, ക്ലീനിങ് ലോഷൻ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവയും മേളയിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വസ്ത്ര വൈവിധ്യങ്ങളാണ് മറ്റൊരു ആകർഷണം. തറിയിൽ നെയ്തെടുത്ത കേരളത്തിന്റെ സ്വന്തം കൈത്തറി മുതൽ കമ്പിളിയിൽ തീർത്ത കാശ്മീരിന്റെ പശ്മിന ഷാൾ വരെ ലഭ്യമാണ്.
ഉത്തരാഖണ്ഡിന്റെ മനോഹരമായ നിറങ്ങളിൽ കല്ലുകളും മുത്തുകളും പതിപ്പിച്ച് കൈകൾ കൊണ്ട് നിർമിച്ച കോലാപ്പൂരി ചെരുപ്പുകൾ സ്വന്തമാക്കാൻ നിരവധി പേരാണ് എത്തുന്നത്. നാൽപതോളം സ്റ്റാളുകളാണ് രുചി വൈവിധ്യങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കാൻ ഭക്ഷ്യമേളയിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി ഒന്ന് വരെ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മേള തുടരും. പ്രവേശനം സൗജന്യം.
കൊച്ചി: പറമ്പിൽ വീണ് പോകുന്ന ജാതിക്ക തൊണ്ട് കൊണ്ട് എന്ത് ഉപയോഗം എന്നാണോ? ജെസിയും മായയും പറയും ജാതിക്കയിൽ ഒത്തിരി വൈവിധ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്. ജാതിക്ക സിറപ്പ് മുതൽ ചമ്മന്തി പൊടി വരെയുള്ള രുചി വൈവിധ്യങ്ങളുമായി സരസിൽ ശ്രദ്ധ നേടുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ ജെസ്സി മാത്യുവും മായ തോമസും. ജാതിക്കയുടെ കുരു മുതൽ തൊണ്ട് വരെയുള്ളവകൊണ്ട് മൂല്യ വർധിത ഉൽപന്നങ്ങൾ ഇവർ നിർമിക്കുന്നുണ്ട്.
ഒമ്പത് വർഷമായുള്ള പരീക്ഷണത്തിനും പ്രയത്നത്തിനും ഒടുവിൽ ‘അലിയ നട്ട് മഗ് പ്രോജാക്റ്റ്’ എന്ന തങ്ങളുടെ സംരംഭം ശ്രദ്ധ നേടിയ സന്തോഷത്തിലാണ് ഇവർ. തിരുവനന്തപുരത്ത് നടന്ന കേരളീയത്തിൽ ജാതിക്ക രുചികൾ പരിചയപ്പെടുത്തി ശ്രദ്ധ നേടിയ ആത്മവിശ്വാസത്തിലാണ് കൊച്ചിയിലെത്തിയത്. വിപണിയിൽ ഉയർന്ന മൂല്യവും വലിയ ഔഷധഗുണവുമുള്ള ജാതിക്കയുടെ പരിപ്പും തോടും ജാതിപത്രിയും ഉപയോഗിച്ച് നിരവധി ഭക്ഷ്യോൽപന്നങ്ങളാണ് ഇവർ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.