കൊച്ചി: ട്രെയിനിൽനിന്ന് വീണ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റ ദാരുണ സംഭവത്തിനാണ് ചൊവ്വാഴ്ച എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്. ആലപ്പുഴ വയലാർ സ്വദേശി ശരുൺജിത്തിനാണ് പരിക്കേറ്റത്. നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോഴായിരുന്നു സംഭവം. ട്രാക്കിലും പ്ലാറ്റ്ഫോമിലുമൊക്കെയായി ഇത്തരം അപകടങ്ങൾ നാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധവേണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.
കൊച്ചിൻ ഹാർബർ ടെർമിനൽസിലേക്ക് വരുകയായിരുന്ന ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റ് ഇടിച്ച് കൊച്ചി വാത്തുരുത്തിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി മരിച്ചത് ഏതാനും ആഴ്ച മുമ്പാണ്. പഴയ മട്ടാഞ്ചേരി ഹാൾട്ട് സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. ട്രെയിൻ ഹോൺ മുഴക്കിയെങ്കിലും ചെവിയിൽ ഹെഡ്സെറ്റ് വെച്ച് യുവാവ് ഫോൺ വിളിയിൽ മുഴുകിയിരുന്നതിനാൽ ശ്രദ്ധിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് അധികൃതർ പറഞ്ഞത്.
ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവവുമുണ്ടായി. സെന്റ് സേവ്യേഴ്സ് കോളജിനടുത്തും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുമായിരുന്നു മൃതദേഹങ്ങൾ. എടയപ്പുറം ഹെൽത്ത് സെന്ററിന് സമീപം വയോധികനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
റെയിൽപാളങ്ങളിൽ ജീവൻപൊലിയുന്ന സംഭവങ്ങൾക്കുപിന്നിൽ അശ്രദ്ധമുതൽ നിയമലംഘനങ്ങൾവരെ വിവിധ കാരണങ്ങളുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ട്രെയിൻ വരുമ്പോൾ പാളം മുറിച്ചുകടക്കുക, ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുക, വാതിലിന് സമീപത്തുനിന്ന് യാത്രചെയ്യുക, പാളത്തിലൂടെ നടക്കുക തുടങ്ങിയവ അപകടങ്ങൾ വിളിച്ചുവരുത്തും. സ്വയം അപകടത്തിലേക്ക് ചാടുന്നവരുമുണ്ട്.
തീവണ്ടികളുടെ എണ്ണവും വേഗതയും മുൻകാലങ്ങളിലേതിനേക്കാൾ വർധിച്ചതും ശബ്ദം കുറഞ്ഞതും പെട്ടെന്ന് ശ്രദ്ധ ലഭിക്കാതിരിക്കാൻ കാരണമാകാറുണ്ടെന്ന് അധികൃതർ പറയുന്നു. ഡീസൽ എൻജിൻ ട്രെയിനുകളായിരുന്നപ്പോൾ ഉണ്ടായിരുന്ന അത്രയും ശബ്ദം ഇലക്ട്രിക് എൻജിനുകൾക്കില്ല. എങ്കിലും ശബ്ദത്തിൽ ഹോൺ മുഴക്കിയാണ് ട്രെയിനുകളെത്താറുള്ളതെന്ന് അവർ കൂട്ടിച്ചേർത്തു.
ഫോണിൽ സംസാരിച്ചും മറ്റും നടക്കുമ്പോഴാണ് അത്തരത്തിൽ അപകടമുണ്ടാകാറുള്ളത്. ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനുകളിലെ ട്രാക്കുകളില്‍ രണ്ടര വര്‍ഷത്തിനിടയിലുണ്ടായ അപകടങ്ങളില്‍ 2784 ജീവൻ നഷ്ടമായിട്ടുണ്ട്.
ഓടുന്ന ട്രെയിനിൽനിന്ന് ചാടിയിറങ്ങുക, ഓടിക്കയറുക എന്നിവ അപകടം വിളിച്ചുവരുത്തും. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾക്കും ട്രെയിനിനും ഇടയിൽ വീണുള്ള അപകടങ്ങൾ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് പോകുകയും അവ കൈയിൽപിടിച്ചുകൊണ്ട് തിരിച്ച് ഓടിക്കയറാൻ ശ്രമിക്കുകയും ചെയ്യുന്നത് അപകടത്തിലേക്ക് നയിക്കാറുണ്ട്. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ ഔട്ടറുകളിൽ ഓടുന്ന ട്രെയിനുകളിൽനിന്ന് ആളുകൾ ചാടിയിറങ്ങുന്ന സംഭവം ശ്രദ്ധയിൽപെട്ട് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പാളത്തിൽ അതിക്രമിച്ചുകയറൽ, ട്രാക്ക് മുറിച്ചുകടക്കൽ എന്നിവക്ക് ആയിരക്കണക്കിന് കേസുകളാണ് ഓരോ വർഷവും കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്നത്. ഫുട്ഓവർ ബ്രിഡ്ജുകൾ ഉപയോഗിക്കാതെ ട്രാക്കിലൂടെ നടന്ന് പ്ലാറ്റ് ഫോമുകളിലേക്ക് കയറുന്നവർക്കെതിരെ എറണാകുളത്തും നിരവധി കേസുകൾ എടുത്തിട്ടുണ്ട്. നിയമപ്രകാരം നൂറുകണക്കിന് ആളുകൾക്കെതിരെ പിഴയീടാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.