കാക്കനാട്: തൃക്കാക്കര ദേശീയകവലക്ക് സമീപം ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന അണച്ചത് അഞ്ചു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിലൂടെ. എട്ട് ഫയർഫോഴ്സ് യൂനിറ്റ് പ്രവർത്തിച്ചാണ് തീയണച്ചത്. രാവിലെ 9.30ന് തുടങ്ങിയ തീപിടിത്തം സംബന്ധിച്ച് 10.20നാണ് തൃക്കാക്കര അഗ്നി രക്ഷ നിലയത്തിൽ വിവരമെത്തിത്. തുടർന്ന് തൃക്കാക്കര, ഗാന്ധിനഗർ, ആലുവ, തൃപ്പൂണിത്തുറ, ക്ലബ്ബ് റോഡ്, ഏലൂർ, പട്ടിമറ്റം അഗ്നി രക്ഷ നിലയങ്ങളിൽ നിന്നായി ഫയർ യൂനിറ്റ് എത്തുകയും മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
വിവിധ ഫയർ നിലയങ്ങളിളിലെ 24 സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കളും ടെക്സ്റ്റയിൽസ് ഷോപ്പുകളിൽ ഉപയോഗിക്കുന്ന ബൊമ്മകളും ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. പ്രദേശത്ത് വലിയ തോതിൽ പുക വ്യാപിച്ചത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി. കുട്ടികൾക്കും പ്രായമായവർക്കും യാത്രക്കാർക്കും ശ്വാസതടസവും അനുഭവപ്പെട്ടു. ആക്രിക്കടയുടെ സമീപത്തെ തെങ്ങുകൾ ഉൾപ്പെടെ കത്തിനശിച്ചു. തീപിടിത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാഗം പൂർണമായി തകർന്ന് വീണു. ആക്രിസാധനങ്ങൾ ആയതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. സമീപത്ത് വീടിന്റെ മേൽക്കൂരകളുടെ വശങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. തീപിടിത്തമുണ്ടായ പ്രദേശത്തെ റോഡുകളിലെ വാഹന ഗതാഗതം പൊലീസ് അടച്ചു. മറ്റുവഴികളിലൂടെയാണ് മണിക്കൂറോളം വാഹനങ്ങൾ കടത്തിവിട്ടത്.
45 ലക്ഷം നഷ്ടം; ലൈസൻസ് ഇല്ല
ഏഴ് വര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആക്രി ഗോഡൗണിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോ ഫയര്‍ ആന്റ് സേഫ്റ്റിയുടെ എന്‍.ഒ.സിയോ ഉണ്ടായിരുന്നില്ല. ഗോഡൗണിന് സമീപം ഇവരുടെ രണ്ടാം തരം ഇലക്ട്രോണിക്സ്, ഫർണിച്ചർ സാധനങ്ങൾ വിൽപന നടത്തുന്ന ഷോപ്പിന് ലൈസൻസുണ്ട്. ഗോഡൗണിനായും ഈ ലൈസൻസാണ് ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. തൊഴിലാളികൾ, ഫാഷൻ എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നതിനുള്ള ബൊമ്മകളുടെ ഇരുമ്പ് സ്റ്റാന്റ് ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾകൊണ്ട് തയ്യാറാക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപിടിത്തമുണ്ടായതെന്ന് ഗോഡൗൺ നടത്തിപ്പുകാരൻ നിസാർ പറഞ്ഞു. 45ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഴയ സാധനങ്ങൾ വാങ്ങി വിൽക്കുന്നതിനുള്ള ലൈസൻസ് സ്ഥാപനത്തിനുണ്ടെന്നും നടത്തിപ്പുകാരൻ വ്യക്തമാക്കി.
ലൈസൻസ് ഇല്ലാത്തവയുടെ പട്ടിക തയാറാക്കും
നഗരസഭ ലൈസൻസ് ഇല്ലാതെയാണ് അഗ്നിബാധയുണ്ടായ ആക്രി ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള പറഞ്ഞു. പരാതികളൊന്നും ലഭിക്കാത്തതിനാൽ ഗോഡൗൺ പ്രവർത്തിക്കുന്ന കാര്യം നഗരസഭക്ക് അറിയില്ലായിരുന്നുവെന്നും രാധാമണി പിള്ള പറഞ്ഞു. അഗ്നിബാധയുണ്ടായ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഗോഡൗണുകളുടെ പട്ടിക തയ്യാറാക്കി നടപടി സ്വീകരിക്കാൻ നഗരസഭ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി നഗരസഭ അധ്യക്ഷ പറഞ്ഞു.
ആകെ വിഴുങ്ങിയ അഗ്നി...
കൊച്ചി: ജില്ലയിൽ ഒരുമാസത്തിനിടെ ആക്രിക്കടകളിലുണ്ടായത് രണ്ടാമത്തെ വൻ തീപിടിത്തം. ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് പുലർച്ചെയാണ് എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് കീഴെ ആക്രി ഗോഡൗണിൽ സമാനമായ തീപിടിത്തമുണ്ടായത്. അന്ന് കട പൂർണമായും കത്തിച്ചാമ്പലായി, സമീപത്തെ വീടും ഭാഗികമായി കത്തിനശിച്ചിരുന്നു. ആക്രിക്കടയിൽ അന്തർസംസ്ഥാന തൊഴിലാളികൾ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവരെ വിളിച്ചുണർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്ത റെയിൽവേ ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന മൂന്ന് ട്രെയിനുകൾ വൈകിയാണ് ഓടിയത്. ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നായി 17 യൂനിറ്റ് അഗ്നിരക്ഷാ സേന എത്തി, മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്.
കാക്കനാട് ചെമ്പുമുക്കിനടുത്ത് മേരിമാത സ്കൂളിന് സമീപത്തെ ആക്രിക്കടയിൽ ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സൗത്ത് മേൽപാലത്തിന് സമീപത്തെ പോലെ നിമിഷങ്ങൾക്കുള്ളിൽ തീ നിയന്ത്രണാതീതവുകയായിരുന്നു. ആക്രിസാധനങ്ങൾ കുന്നുകൂടിക്കിടന്നത് തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
ജില്ലയിൽ ആക്രിക്കടകളിലെ തീപിടിത്തങ്ങൾ വീണ്ടും ആവർത്തിക്കുമ്പോൾ സുരക്ഷ മുൻകരുതലുകൾ ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് അഗ്നിരക്ഷ സേന നൽകുന്നത്.
മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) എന്ന വിഭാഗത്തിലാണ് ഇത്തരം കടകൾ വരുന്നത്. ഇവയിൽ ചിലത് അടിസ്ഥാനപരമായ മുൻകരുതലുകൾ പോലും എടുക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഫയർലൈൻ ഒരുക്കണം, 25,000 ലിറ്റർ വെള്ളം സംഭരിച്ചുവെക്കണം, ഫയർ എൻജിന് സുഗമമായി എത്താനാവുന്നിടത്തായിരിക്കണം കട പ്രവർത്തിക്കേണ്ടത് തുടങ്ങിയ മാനദണ്ഡങ്ങൾ ഏറെയുണ്ടെങ്കിലും ഇതൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് ഗാന്ധിനഗർ ഫയർ സ്റ്റേഷൻ ഓഫിസർ രാജേഷ് കുമാർ വ്യക്തമാക്കി. ആവശ്യത്തിന് വെള്ളം സംഭരിച്ചു വെക്കുകയാണെങ്കിൽ തീപിടിത്തം തുടക്കത്തിലേ നിയന്ത്രണ വിധേയമാക്കാൻ നാട്ടുകാർക്കും ജീവനക്കാർക്കും കഴിഞ്ഞേനേ.
അഗ്നി രക്ഷ സേനയിൽ വിളിയെത്തിയ ശേഷം ഉദ്യോഗസ്ഥർ ഫയർ എൻജിനും മറ്റുമായി ഇടുങ്ങിയ വഴികളിലൂടെ എത്തുമ്പോഴേക്ക് തീ ആളിപ്പടരുന്ന സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.