കൊച്ചി: പോയവർഷം ജില്ലയിൽ നിരത്തിലിറങ്ങിയത് ലക്ഷത്തിനടുത്ത് വാഹനങ്ങൾ. ആകെ 97,022 വാഹനമാണ് 2024ൽ ജില്ലയിലെ വിവിധ ആർ.ടി.ഒ, സബ് ആർ.ടി.ഓഫിസുകളിലൂടെ രജിസ്റ്റർ ചെയ്യപ്പെട്ടത്.
സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ആർ.ടി ഓഫിസുകളിലൊന്നായ എറണാകുളത്തിന് കീഴിൽ മാത്രം 2024ൽ കാൽലക്ഷത്തോളം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്; കൃത്യമായി പറഞ്ഞാൽ 24,797. സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്റെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് എറണാകുളത്തിന്. എന്നാൽ, സാമ്പത്തിക ഇടപാടുകളുടെ കാര്യത്തിൽ കെ.എൽ 07 ഒന്നാം നമ്പറാണ്. സംസ്ഥാന ഖജനാവിന് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന കാര്യത്തിലും എറണാകുളമാണ് ഒന്നാംസ്ഥാനത്ത്. 2024ൽ ആകെ 4,11,657 ഇടപാടുകളാണ് നടന്നത്.
എറണാകുളം, മൂവാറ്റുപുഴ എന്നീ ആർ.ടി ഓഫിസുകളും ആലുവ, അങ്കമാലി, കോതമംഗലം, മട്ടാഞ്ചേരി, നോർത്ത് പറവൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ എന്നീ സബ് ആർ.ടി ഓഫിസുകളുമാണ് ജില്ലയിലുള്ളത്. പ്രതിവർഷം ആയിരക്കണക്കിന് വാഹന രജിസ്ട്രേഷനുകളാണ് ഇവിടങ്ങളിൽ നടക്കുന്നത്. കൊച്ചി നഗരം, കാക്കനാട് തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നതാണ് എറണാകുളം രജിസ്ട്രേഷൻ.
രണ്ടാം സ്ഥാനം ആലുവക്ക്
എറണാകുളം കഴിഞ്ഞാൽ 2024ൽ ഏറ്റവുമധികം വാഹനങ്ങൾ റോഡുകളിലെത്തിയത് ആലുവ സബ് ആർ.ടി ഓഫിസ് മുഖാന്തരമാണ്. 11,040 വാഹനം 12 മാസത്തിനിടെ ഇവിടെ രജിസ്റ്റർ ചെയ്തു. തൃപ്പൂണിത്തുറ ആർ.ടി ഓഫിസിനാണ് മൂന്നാം സ്ഥാനമുള്ളത്. കഴിഞ്ഞ വർഷം ഏറ്റവും കുറവ് വാഹനങ്ങൾ ഇറങ്ങിയത് കോതമംഗലത്താണ് -4823 എണ്ണം.
ഒരാഴ്ച; 986 വാഹനം
പുതുവർഷം പിറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ജില്ലയിലാകെ നിരത്തിലിറങ്ങിയത് 986 വാഹനം. ഇതിൽ 235 എണ്ണം എറണാകുളത്ത് വരുന്നു. ആലുവ - 121, അങ്കമാലി - 86, കോതമംഗലം - 34, മട്ടാഞ്ചേരി - 91, നോർത്ത് പറവൂർ - 132, പെരുമ്പാവൂർ - 91, തൃപ്പൂണിത്തുറ - 125, മൂവാറ്റുപുഴ - 71 എന്നിങ്ങനെയാണ് ഈ വർഷത്തെ മറ്റിടങ്ങളിലെ രജിസ്ട്രേഷനുകൾ.
വില കുതിച്ചിട്ടും പെട്രോളിൽ തന്നെ...
സി.എൻ.ജി, ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഓരോ വർഷവും കുതിപ്പുണ്ടാവുമ്പോഴും പെട്രോൾ വാഹനങ്ങളുടെ കുത്തക അതുപോലെതന്നെ തുടരുകയാണ്. എറണാകുളം ആർ.ടി ഓഫിസിനുകീഴിൽ കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്ത 24,797 വാഹനത്തിൽ 14,664 എണ്ണവും പെട്രോൾ വണ്ടികളാണ്. ഡീസൽ വണ്ടികൾ -2906. സി.എൻ.ജി മാത്രമായി 325 വാഹനം രജിസ്റ്റർ ചെയ്തു. ബാറ്ററി ഓപറേറ്റഡ് വെഹിക്കിൾ വിഭാഗത്തിൽ വരുന്ന ഇലക്ട്രിക് വാഹനങ്ങൾ - 2284, പ്യുവർ ഇ.വി 898, സ്ട്രോങ് ഹൈബ്രിഡ് ഇ.വി - 361 തുടങ്ങിയവയാണ് മറ്റ് വാഹനങ്ങളുടെ രജിസ്ട്രേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.