കൊച്ചി: റോഡ് വികസനം മുതൽ ചീനവലയും കനാൽ നവീകരണവും ടൂറിസം സംരക്ഷണവുമടക്കം ആവശ്യങ്ങളുയർത്തി ധനമന്ത്രിയുടെ മുന്നിൽ കൊച്ചി ജനത. സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാലിെൻറ നേതൃത്വത്തിൽ കൊച്ചി നഗരസഭ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചർച്ചയിലാണ് ആവശ്യങ്ങളുയർന്നത്. അടിയന്തര ശ്രദ്ധവേണ്ട റോഡുകളെക്കുറിച്ച് പറഞ്ഞാണ് ചർച്ചക്ക് മേയർ എം. അനിൽകുമാർ തുടക്കമിട്ടത്. നഗരത്തിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാൻ ഓപറേഷൻ ബ്രേക്ക് ത്രൂ അടക്കമുള്ള പദ്ധതികൾക്ക് ദീർഘകാല പരിഗണനയും ഫണ്ടും അനുവദിക്കണം.
ഇടപ്പള്ളി, പേരണ്ടൂർ, ചിലവന്നൂർ, മാർക്കറ്റ് കനാലുകളുടെ നവീകരണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രഹ്മപുരം പദ്ധതിക്ക് സ്ഥലമേറ്റെടുത്ത് നൽകിയതുമായി ബന്ധപ്പെട്ട് കൊച്ചിയുടെ പദ്ധതിത്തുകയിൽ വരുത്തിയ വെട്ടിക്കുറക്കൽ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉറപ്പ് നൽകി. എന്നാൽ, തനത് ധനസമാഹരണത്തിൽ കോർപറേഷൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കോവിഡിനെത്തുടർന്ന് ജീവിതശൈലിയിലും തൊഴിൽ രംഗത്തുമുണ്ടായ മാറ്റം കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോശ്രീ-മാമംഗലം റോഡ്, തേവര എലിവേറ്റഡ് റോഡ്, കെ.പി. വള്ളോൻ റോഡ് എന്നിവിടങ്ങളിലെ റോഡ് വികസന പദ്ധതികൾ പൂർത്തീകരിക്കണമെന്ന ആവശ്യം മേയറും ടി.ജെ. വിനോദ് എം.എൽ.എയും മുന്നോട്ടുവെച്ചു. വർഷങ്ങളായുള്ള തമ്മനം-പുല്ലേപ്പടി റോഡ് നവീകരണം, പള്ളുരുത്തിയിലെ റോഡ് എന്നിവ കെ. ബാബു എം.എൽ.എ ശ്രദ്ധയിൽപെടുത്തി.
വൈറ്റില-തൃപ്പൂണിത്തുറ റോഡിെൻറ ആദ്യഭാഗം കുപ്പിക്കഴുത്തുപോലെയാണെന്നും വീതി കൂട്ടണമെന്നും കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്സണും ആവശ്യമുന്നയിച്ചു. വൈറ്റില മൊബിലിറ്റി ഹബ് വികസനം യാഥാർഥ്യമായിട്ടില്ലെന്നും അവർ പറഞ്ഞു. അതിവേഗത്തിെല നഗരവത്കരണത്തിനൊപ്പം റോഡുകൾ അടക്കം പശ്ചാത്തല സൗകര്യങ്ങൾ കൂടുതൽ വികസിക്കേണ്ടതുണ്ടെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു. ഇതോടൊപ്പം മറൈൻ ഡ്രൈവ് വിപുലീകരണം, റെയിൽവേ മേൽപാല നിർമാണം തുടങ്ങിയവയും സജീവമായി പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
30 വർഷം കഴിയുമ്പോൾ കൊച്ചി വെള്ളത്തിലാകുമോ എന്ന ആശങ്ക പങ്കുവെച്ചത് മേയർ എം. അനിൽകുമാറാണ്. പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിലും നഗരത്തിെൻറ വൃത്തിയിലും ശ്രദ്ധവേണമെന്ന് ടൂറിസം മേഖലയെ പ്രതിനിധാനം ചെയ്ത് എത്തിയ ജോസ് ഡൊമിനിക് പറഞ്ഞു. കൊച്ചിയുടെ ടൂറിസം വികസനത്തിൽ ഏറെ പ്രാധാന്യമുള്ള ചീനവലകൾ സംരക്ഷിക്കണമെന്ന് കെ. ബാബു എം.എൽ.എ ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയായിരിക്കും വികസനങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. മലിനീകരണം ജീവിതം ദുസ്സഹമാക്കിയതിന് തെളിവാണ് ഡൽഹിയിലെ ഇന്നത്തെ അവസ്ഥ.
കൊല്ലം മൺറോതുരുത്തിൽ വെള്ളം കയറിയതുപോലുള്ള സാഹചര്യവും മുന്നിൽ കാണണം. സാധ്യതകൾ പ്രയോജനപ്പെടുത്തി കൊച്ചിയിൽ ജലഗതാഗതത്തിന് മുൻഗണന നൽകണം. സുഗമമായ ജലമൊഴുക്കിന് വർഷം മുഴുവൻ ശ്രമം വേണം. കശ്മീരിലെ ദാൽ തടാകവും ചെന്നൈയിലെ കൂവംനദിയും പുനരുദ്ധരിക്കുന്ന രീതി കൊച്ചിയിലും പിന്തുടരാൻ കഴിയും. ഓപറേഷൻ ബ്രേക്ക് ത്രൂവിന് ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മുസ്രിസ് പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കണമെന്ന് ടൂറിസം മേഖലയെ പ്രതിനിധാനം ചെയ്തെത്തിയ അശോക് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ലൈസൻസ് മുടങ്ങിയാൽ പിഴയീടാക്കുന്ന തുകയിൽ കുറവ് വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ് പറഞ്ഞു. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ബോർഡ് രൂപവത്കരിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നികുതിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് മർച്ചൻറ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ജി. കാർത്തികേയൻ പറഞ്ഞു. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥർ തങ്ങളെ സഹായിക്കുന്നവരാകണമെന്നും കട പൂട്ടിക്കുന്നവരാകരുതെന്നും അദ്ദേഹം പറഞ്ഞു.
മെട്രോെപാളിറ്റൻ സിറ്റി എന്ന നാമധേയത്തിൽ ജി.സി.ഡി.എ വിപുലീകരിക്കണമെന്ന് എഡ്രാക് പ്രസിഡൻറ് പി. രംഗദാസപ്രഭു ആവശ്യപ്പെട്ടു. സിറ്റി ഗ്യാസ് പദ്ധതിയുടെ പൂർത്തീകരണം, മെട്രോ നവീകരണം, ഗവ. ആശുപത്രികളിലെ ധന്വന്തരി മെഡിക്കൽ ഷോപ്പുകൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി സ്മാർട്ട് മിഷൻ സി.ഇ.ഒ എസ്. ഷാനവാസ്, സബ് കലക്ടർ പി. വിഷ്ണു രാജ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്ഥിരം സമിതി അധ്യക്ഷ പ്രിയ പ്രശാന്ത്, വിവിധ സംഘടനകളുടെയും മേഖലകളുടെയും പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.