കൊച്ചി: കെ-റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന സർവേക്കല്ലുകൾ ആവശ്യം കഴിഞ്ഞാൽ നീക്കുമോയെന്ന് ഹൈകോടതി. കെ-റെയിൽ കല്ലുകൾ സ്ഥാപിച്ച ഭൂമി ഈടുവെച്ച് വായ്പയെടുക്കാൻ ഭൂവുടമക്ക് ഭാവിയിൽ സാധിക്കുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിനോട് ആരാഞ്ഞു.
സർവേക്കല്ലുകൾ സ്ഥാപിച്ച ഭൂമി ഈടുവെച്ച് വായ‌്‌പ നൽകാനാകുമെന്ന് സഹകരണ രജിസ്ട്രാർ സർക്കുലർ ഇറക്കുമോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാൻ കോടതി സർക്കാറിന് നിർദേശം നൽകി. കെ-റെയിൽ എന്നെഴുതിയ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെ നൽകിയ ഹരജികൾ പരിഗണിക്കവെയാണ് സിംഗിൾബെഞ്ച് ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത തേടിയത്. കെ-റെയിൽ പദ്ധതിക്കുവേണ്ടി സർവേ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയതായി ഹരജി പരിഗണിക്കവെ സീനിയർ ഗവ. പ്ലീഡർ അറിയിച്ചു. ഹരജിക്കാർ ആവശ്യപ്പെടാത്ത കാര്യങ്ങളിലേക്ക് കടന്ന് കോടതി പ്രസ്‌താവന നടത്തുന്നത് ശരിയല്ല. ഹരജിയിലെ ആരോപണങ്ങൾക്ക് മാത്രമേ വിശദീകരണം നൽകാനാവൂ. ഹരജിയിലെ ആശങ്കകളിൽ ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തിയതാണ്. കോടതി നടപടികൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നത് സർവേയെ ബാധിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ജനങ്ങളുടെ ആശങ്കയാണ് കോടതി ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുപടി. പദ്ധതിക്കോ സർവേക്കോ കോടതി എതിരല്ല. നടപടി നിയമപ്രകാരമാകണമെന്ന് മാത്രം.
നോട്ടീസ് നൽകാതെയാണ് സർവേക്കെത്തുന്നതെന്നും ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഹരജികളിൽ പറയുന്നുണ്ട്. ഇതു ചോദിക്കുമ്പോൾ കോടതി എതിരാണെന്ന് ധരിക്കേണ്ട. ഒരു പദ്ധതിയും കോടതി തടഞ്ഞിട്ടില്ല. ഹരജിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ ഉത്തരവ് തെറ്റാണെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. വികസന പദ്ധതികളെ തടസ്സപ്പെടുത്തരുതെന്ന് സുപ്രീം കോടതി ഒരാഴ്ച മുമ്പ് നൽകിയ ഉത്തരവ് കേരളത്തിന് മാത്രമല്ല, മറ്റു സംസ്ഥാനങ്ങൾക്കും ബാധകമാണ്. കെ-റെയിലിനു മാത്രമല്ല, ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ വൻകിട പദ്ധതികൾക്കും ബാധകമാണ്. ഇതിനെ ചിലർ ജയിച്ചെന്നും മറ്റു ചിലർ തോറ്റെന്നുമുള്ള നിലയിൽ കാണേണ്ടതില്ലെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഹരജികളിലെ തുടർനടപടികൾ അവസാനിപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി വ്യക്തതക്കായി ഏപ്രിൽ ആറിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.