ചെങ്ങമനാട്: ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം പാലം മുതൽ കോട്ടായി ബസ് സ്റ്റോപ്പുവരെ വഴിയോരം വാഹനങ്ങൾ കൈയേറുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതായി പരാതി. ഇരുവശത്തും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങുണ്ടെങ്കിലും ദേശീയ പാതയുടെ പടിഞ്ഞാറ് വശത്താണ് കൈയേറ്റം രൂക്ഷം. പറമ്പയം ബസ് സ്റ്റോപ് മുതൽ മസ്ജിദ് കവാടംവരെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതിനാൽ അപകടങ്ങൾ നിത്യസംഭവമാണ്. അടുത്തിടെയാണ് സഹപാഠിയോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് ആലുവ സ്വദേശിനിയായ എൻട്രൻസ് കോച്ചിങ് വിദ്യാർഥിനി മരിച്ചത്.
ചെങ്ങമനാട് പഞ്ചായത്ത് ഓഫിസിലും കപ്രശ്ശേരിയിലെ സ്കൂളുകളിലും പറമ്പയം ജുമാമസ്ജിദിലും വന്ന് പോകുന്നവർക്കെല്ലാം അനധികൃത പാർക്കിങ് ദുരിതമായി മാറിയിരിക്കുകയാണ്. പറമ്പയം ഭാഗത്ത് സമീപവാസികളും ദുരിതത്തിലാണ്. വഴിയോരത്ത് വാഹനങ്ങൾ തിങ്ങിനിറയുന്നതിനാൽ കാൽനടക്കാർ റോഡിലേക്കിറങ്ങി സഞ്ചരിക്കേണ്ടി വരുന്നു. ട്രാഫിക് നിയമം ലംഘിച്ച് യു ടേൺ തിരിയുന്നതും അപകടങ്ങൾക്ക് ഇടയാകുന്നുണ്ട്. നെടുമ്പാശ്ശേരി പൊലീസിന്റെ അധീനതയിലുള്ള പ്രദേശമാണിവിടം.
മൂന്നര വർഷത്തിനിടെ വാഹനാപകടങ്ങളിൽ 11 പേർക്ക് ഇവിടെ ജീവഹാനി സംഭവിച്ചിട്ടുണ്ട്. പൊലീസ് കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റൂറൽ എസ്.പി, വകുപ്പ് മന്ത്രി അടക്കമുള്ള അധികാരികൾക്ക് നാട്ടുകാരും വിവിധ സംഘടനകളും പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. പറമ്പയത്തെ ദുരിതക്കാഴ്ച കണ്ട് സഹികെട്ട സംസ്കൃത അധ്യാപകനായ ഡോ. വിനോവിൻ ഏകാംഗ ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.