കൊച്ചി: കിഫ്ബി ധനാനുമതി നൽകിയ പദ്ധതികളിൽ ഗിഫ്റ്റ് സിറ്റി സ്ഥലമേറ്റെടുപ്പുൾപ്പെടെ ജില്ലയിലെ അഞ്ച് പ്രധാന പദ്ധതിയും. ഗിഫ്റ്റ് സിറ്റിയുൾപ്പെടെ അഞ്ച് പദ്ധതിക്ക് ആകെ 2112.86 കോടി രൂപയുടെ പദ്ധതികൾക്കാണ് ജില്ലയിൽ അനുമതി നൽകിയത്. കൊച്ചി-ബംഗളൂരു വ്യവസായിക ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിന് 850 കോടി രൂപയുടെ ധനാനുമതിയാണ് നൽകിയത്, കിൻഫ്രക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല(സ്പെഷൽ പർപ്പസ് വെഹിക്കിൾ).
കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി) ചുമതലയുള്ള ആലുവ-മൂന്നാർ റോഡിന്റെയും അനുബന്ധ ബൈപാസിന്റെയും നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിന് 653.06 കോടി രൂപയുടെ അനുമതി നൽകി.
മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് നവീകരണ-വികസന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന് 450.33 കോടിയുടെ അനുമതിയാണ് കിഫ്ബി നൽകിയത്. കെ.ആർ.എഫ്.ബിക്ക് കീഴിലെ കൊച്ചി നഗരത്തിലെ പ്രധാന വികസന പദ്ധതികളിലൊന്നായ തമ്മനം-പുല്ലേപ്പടി റോഡ് നവീകരണത്തിനും അനുമതിയായി. 93.90 കോടി രൂപയുടെ ധനാനുമതിയാണ് പദ്ധതിക്ക് നൽകിയത്. മലയോര ഹൈവേ പദ്ധതിയായ ചെറങ്ങനാൽ-നേര്യമംഗലം പദ്ധതിയുടെ ഒന്നാംഘട്ട നവീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്, 65.57 കോടിയുടെ അനുമതിയാണ് നൽകിയത്. കെ.ആർ.എഫ്.ബിതന്നെയാണ് ഈ പദ്ധതിയുടെയും നടത്തിപ്പു ചുമതലയുള്ള ഏജൻസി.
1600 കോടി രൂപ മുതൽ മുടക്കിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കപ്പെടുന്ന ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ്) സിറ്റിക്ക് അയ്യമ്പുഴയിലെ 500 ഏക്കറാണ് ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.