കൊച്ചി: ഗുണ്ട ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ലഹരി മരുന്നുമായി വീണ്ടും പിടിയിൽ. കൊച്ചി ഗാന്ധിനഗർ ഉദയ കോളനി നമ്പർ 102ൽ നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലനാണ് (38) എറണാകുളം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 22.405 ഗ്രാം തൂക്കംവരുന്ന നൈട്രോസെപാം സെഡേറ്റിവ് ഗുളികകൾ കണ്ടെടുത്തു.
നാലുരൂപ വിലയുള്ള ലഹരിഗുളിക 200 രൂപക്കാണ് ഇയാൾ വിറ്റിരുന്നത്. രണ്ടുമാസം മുമ്പ് കാക്കനാട് തുതിയൂരിൽനിന്ന് 56 നൈട്രോസെപാം ഗുളികയുമായി ഒരാളെ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളജ് വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് എത്തിച്ചുനൽകുന്ന നീഗ്രോ സുരേഷിനെക്കുറിച്ച വിവരം ലഭിച്ചത്. നേരത്തേ നൂറിലേറെ ലഹരിമരുന്ന് ഇഞ്ചക്ഷൻ ഐ.പി ആംപ്യൂളുകളുമായി എക്സൈസ് പിടികൂടി ജയിലിൽ കഴിഞ്ഞയാളാണ്. മോഷണം, അടിപിടി, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ, ലഹരിക്കടത്ത് കുറ്റകൃത്യങ്ങൾക്ക് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുണ്ട്. ഗുണ്ട ലിസ്റ്റിൽപെടുത്തി തടവിൽ പാർപ്പിച്ചിരുന്ന സുരേഷ് അടുത്തിടെയാണ് ജയിലിൽനിന്ന് ഇറങ്ങിയത്.
ഇടപാടുകാരെക്കാത്ത് കടവന്ത്ര മാതാനഗർ റോഡിൽ നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. അമിതമായി ലഹരിഗുളിക കഴിച്ച പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.