കൊച്ചി: നഗരത്തിരക്കുകൾക്കിടയിലെ ഉല്ലാസകേന്ദ്രമായ സുഭാഷ് പാർക്കിന്റെ കവാടങ്ങൾ നീണ്ട ഒരു വർഷത്തെ ഇടവേളക്കുശേഷം തുറന്നു. നടൻ മമ്മൂട്ടിയാണ് പാർക്കും ഇൻററാക്ട് ബയോ ജൈവവൈവിധ്യ പദ്ധതിയുടെ ഭാഗമായി പുതുതായി തയാറാക്കിയ ചിത്രശലഭോദ്യാനവും ഔഷധസസ്യ ഉദ്യാനവും ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടി തന്നെയായിരുന്നു ആദ്യസന്ദർശകനും.
ഉദ്ഘാടനശേഷം ഇലക്ട്രിക് ഓട്ടോയിൽ കയറിയാണ് മമ്മൂട്ടിയും മേയർ എം. അനിൽകുമാറും ഉദ്യാനത്തിലേക്ക് എത്തിയത്. ആസ്ക് കലാപരിപാടികളുടെ സ്ഥിരം വേദിയായി പാർക്കിനെ പ്രഖ്യാപിച്ച് ആദ്യപരിപാടിയായ നൃത്തസന്ധ്യക്കും മമ്മൂട്ടി തിരികൊളുത്തി. സൗമ്യ സതീഷിെൻറ നേതൃത്വത്തിൽ ഭരത കലാമന്ദിരത്തിെൻറ നൃത്തസന്ധ്യയാണ് തിങ്കളാഴ്ച അരങ്ങേറിയത്.
ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജെ. സനിൽമോൻ, പി.ആർ. റെനീഷ്, ഷീബ ലാൽ, ടി.കെ. അഷറഫ്, സുനിത ഡിക്സൻ, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്, പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ, മുൻ മേയർ സൗമിനി ജയിൻ, കൗൺസിലർ മിനി ആർ. മേനോൻ, മധു എസ്. നായർ, ഇമാനി കുമാർ എന്നിവർ പങ്കെടുത്തു.
ദേശീയ പരിസ്ഥിതി മന്ത്രാലയം, ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇൻററാക്ട് ബയോ ജൈവവൈവിധ്യ പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി സുഭാഷ് പാർക്കിൽ 20 സെൻറിലാണ് ശലഭോദ്യാനം ഒരുക്കിയത്. പരാഗകാരി ജീവികളായ തേനീച്ച, ചിത്രശലഭം, നിശാശലഭം, വണ്ട് ഉൾപ്പെടെയുള്ളവയുടെ ഭക്ഷണത്തിനും പ്രജനനത്തിനും കൂട്ടംചേരലിനും ആവശ്യമായ അന്തരീക്ഷമൊരുക്കുകയാണ് ഇതിലൂടെ. 217 ഇനത്തിൽപെട്ട സസ്യങ്ങളാണ് ഔഷധോദ്യാനത്തിൽ നട്ടുപിടിപ്പിച്ചത്. ഇതോടൊപ്പം ഔഷധവൃക്ഷം എന്ന ശിൽപവും ഒരുക്കി. വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം. ഞായറാഴ്ചകളിലും ഉത്സവദിവസങ്ങളിലും രാവിലെ 11 മുതൽ രാത്രി എട്ടുവരെ പ്രവേശനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.