കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ സമാനമായ നിയന്ത്രണങ്ങളിൽ ജില്ല സ്തംഭിച്ചു. അവശ്യ സർവിസുകളൊഴികെ മറ്റൊന്നും പ്രവർത്തിച്ചില്ല. ഏതാനും കെ.എസ്.ആർ.ടി.സി സർവിസുകളും അത്യാവശ്യ സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.
ഇരുചക്ര വാഹന യാത്രികരും ഓട്ടോ- ടാക്സി സേവനങ്ങളും വിരളമായിരുന്നു. ശക്തമായ പരിശോധനയാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയത്. എല്ലാവരെയും തടഞ്ഞ് പരിശോധിച്ച ഉദ്യോഗസ്ഥർ കൃത്യമായ രേഖകളുമായി എത്തിയവർക്കാണ് യാത്രാനുമതി നൽകിയത്.
എറണാകുളം നഗരത്തിൽ മേനക, കച്ചേരിപ്പടി, കലൂർ, കടവന്ത്ര, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനയുണ്ടായിരുന്നു. തിരക്കുള്ള വ്യാപാര കേന്ദ്രങ്ങളായ എറണാകുളം ബ്രോഡ്വേ, മാർക്കറ്റ്, എം.ജി റോഡ് എന്നിവിടങ്ങൾ വിജനമായിരുന്നു. പച്ചക്കറിയടക്കമുള്ള അവശ്യസാധനങ്ങൾ, പാൽ വിതരണം, മെഡിക്കൽ ഷോപ്പുകൾ എന്നിവയൊഴികെയുള്ള കടകൾ പൂർണമായി അടഞ്ഞുകിടന്നു. എറണാകുളം മാർക്കറ്റിലും തിരക്ക് കുറവായിരുന്നു. പാർസൽ അനുവദനീയമായിരുന്നെങ്കിലും ഭൂരിഭാഗം ഹോട്ടലുകളും പ്രവർത്തിച്ചില്ല. തുണിക്കടകൾ, ബാർബർ ഷോപ്പുകൾ, ജ്വല്ലറികൾ തുടങ്ങിയവയും പ്രവർത്തിച്ചില്ല.
പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാൻ പാടില്ലെന്ന നിബന്ധനയോട് ജനം സഹകരിച്ച കാഴ്ചയായിരുന്നു എവിടെയും. അനാവശ്യമായി ആളുകൾ പുറത്തിറങ്ങിയില്ല. വിവിധ ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടിവന്നവർ സത്യപ്രസ്താവനയുമായാണ് എത്തിയത്. വലിയൊരു വിഭാഗം സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല.
മട്ടാഞ്ചേരി: നിയന്ത്രണങ്ങൾ പശ്ചിമ കൊച്ചിയിൽ ജനജീവിതത്തെ ബാധിച്ചില്ല. അവശ്യവസ്തു വിൽപന കേന്ദ്രങ്ങളായ മട്ടാഞ്ചേരി ബസാർ, പാലസ്റോഡ് പച്ചക്കറി മാർക്കറ്റ്, തോപ്പുംപടി, പള്ളുരുത്തി മാർക്കറ്റ്, ചെല്ലാനം, ഫോർട്ട്കൊച്ചി മത്സ്യമാർക്കറ്റ് എന്നിവ പ്രവർത്തിച്ചു. ആറ് സ്വകാര്യ ബസുകൾ സർവിസ് നടത്തി. റോ-റോ ജങ്കാർ, ബോട്ട് സർവിസുകൾ പ്രവർത്തിച്ചു. ഓട്ടോ- ടാക്സി സർവിസ് ഭാഗികമായിരുന്നു. കവലകളിലും പ്രധാന ഇടങ്ങളിലും പൊലീസ് വാഹന പരിശോധന നടത്തി. തുറമുഖത്തും വല്ലാർപാടത്തും ഭാഗിക പ്രവർത്തനം നടന്നു.
പെരുമ്പാവൂര്‍: കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടന്നതോടെ ടൗൺ ഹര്‍ത്താലിെൻറ പ്രതീതിയിലായിരുന്നു. ചെറിയ ബേക്കറികളും മരുന്നു കടകളും ഒഴികെ മറ്റെല്ലാം അടഞ്ഞുകിടന്നു. സൂപ്പര്‍ മാര്ക്കറ്റുകളൊഴികെ പലചരക്കു കടകളും തുറന്നില്ല. പഴക്കടകളും പ്രവര്‍ത്തിച്ചില്ല.
അത്യാവശ്യത്തിന് മാത്രം വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇടക്കിടെ ഓടിയ സ്വകാര്യ ബസുകളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് യാത്ര ചെയ്തത്. ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ബസുകളിലും യാത്രക്കാരുണ്ടായില്ല. ജനങ്ങള്‍ സ്വയം നിയന്ത്രണം ഏറ്റെടുത്തതോടെ പൊലീസിന് സമ്മര്‍ദം കുറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച വെങ്ങോല പഞ്ചായത്തില്‍ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളായിരുന്നു. വാഴക്കുളം, രായമംഗലം, കൂവപ്പടി, ഒക്കല്‍, അശമന്നൂര്‍, മുടക്കുഴ, വേങ്ങൂര്‍ പഞ്ചായത്തുകളിലും നിയന്ത്രണങ്ങളുടെ ഭാഗമായ അടച്ചുപൂട്ടല്‍ പാലിച്ചു.
കോതമംഗലം: അവശ്യവസ്തു വിൽപന സ്ഥാപനങ്ങൾ മാത്രമാണ് തുറന്നത്. ഇരുചക്രവാഹനങ്ങളുമായാണ് അധികപേരും നിരത്തിലിറങ്ങിയത്. ആലുവ-മൂന്നാർ റോഡിൽ നെല്ലിക്കുഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചു. കോതമംഗലം മാർക്കറ്റ് ഉൾപ്പെടെ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ വെട്ടിക്കുറച്ചു. ഗ്രാമീണ മേഖലകളായ വടാട്ടുപാറ, കുട്ടമ്പുഴ, വെറ്റിലപ്പാറ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.
അങ്കമാലി: ലോക്ഡൗണിന് തുല്യമായ കർശന നിയന്ത്രണം പാലിച്ച് അങ്കമാലിയും. സ്വകാര്യ വാഹനങ്ങളിലെ അനാവശ്യയാത്രകൾക്കെതിരെ പലയിടത്തും പൊലീസ് നടപടി സ്വീകരിച്ചു. അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ദീർഘദൂര സർവിസുകൾ ഉൾപ്പെടെ ഭൂരിഭാഗവും മുടക്കമില്ലാതെ നടന്നു. വാഹനങ്ങളിലും ബസ്സ്റ്റാൻഡിലും യാത്രക്കാർ വളരെ കുറവായിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിച്ചെങ്കിലും തിരക്ക് കുറവായിരുന്നു.
ആലുവ: ടൗണിൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് നേരിട്ട് നിരത്തിലിറങ്ങി. ബൈപാസിലൂടെ നിയന്ത്രണം ലംഘിച്ചെത്തിയ വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കൃത്യമായ രേഖകൾ കാണിച്ചവരെ കടത്തിവിട്ടു. വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റിലും പരിശോധ നടത്തി. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിച്ചു. പെരുമ്പാവൂർ, മുവാറ്റുപുഴ മേഖലയിലും പരിശോധന ഉണ്ടായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 110 കേസെടുത്തു. 30 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 3200 പേർക്കെതിരെയും സമൂഹഅകലം പാലിക്കാത്തതിന് 3350 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
മൂവാറ്റുപുഴ: വാരാന്ത്യ നിയന്ത്രണം കടുപ്പിച്ച് പൊലീസ് രംഗത്തിറങ്ങിയതോടെ ടൗണിൽ ചുറ്റാനിറങ്ങിയവർ അടക്കം കുടുങ്ങി. അഞ്ചു കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തു. എം.സി റോഡിലും കൊച്ചി-ധനുഷ്കോടി റോഡിലും മൂവാറ്റുപുഴ- പുനലൂർ റോഡിലും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. കണ്ടെയ്ൻമെൻറ് സോണുകളിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി.
കെ.എസ്.ആർ.ടി.സി മൂന്നിലൊന്ന് സർവിസ് മാത്രമാണ് നടത്തിയത്. സ്വകാര്യ ബസുകളും നാമമാത്ര സർവിസ് നടത്തി. എന്നാൽ, യാത്രക്കാർ കുറവായിരുന്നു. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. മൂവാറ്റുപുഴ മാർക്കറ്റും പ്രവർത്തിച്ചില്ല. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ വ്യാപാരം ശുഷ്കമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.