കൊച്ചി: കേരളീയ സ്ത്രീജീവിതത്തെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിർണായകമെന്ന് മന്ത്രി എം.ബി. രാജേഷ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പത്താമത് ദേശീയ സരസ് മേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓൺലൈനായി മന്ത്രി പി. രാജീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഉൽപന്ന സ്റ്റാൾ ഉദ്ഘാടനം കോർപറേഷൻ മേയർ എം. അനിൽകുമാർ നിർവഹിച്ചു. ഇന്ത്യൻ ഫുഡ് കോർട്ട് ടി.ജെ. വിനോദ് എം.എൽ.എയും തീം സ്റ്റാൾ കെ. ബാബു എം.എൽ.എയും ഉദ്ഘാടനം ചെയ്തു. സരസ് ടാഗ് ലൈൻ സമ്മാനദാനം പി.വി. ശ്രീനിജിൻ എം.എൽ.എയും സരസ് ലോഗോ സമ്മാനദാനം കെ.ജെ. മാക്സി എം.എൽ.എയും കലാസന്ധ്യ ഉദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും നിർവഹിച്ചു.
സരസ് തീം ഗാനരചന സമ്മാനദാനം രചയിതാവായ കെ.വി. അനിൽ കുമാറിന് നൽകി കെ.എം.ആർ.എൽ എം.ഡി ലോകനാഥ് ബെഹ്റ നിർവഹിച്ചു. ഫോട്ടോഗ്രഫി സമ്മാനദാനം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് നിർവഹിച്ചു. നടി നിഖില വിമൽ വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ്, കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി: ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളക്ക് വർണശബളമായ വിളംബരജാഥയോടെ തുടക്കം. കലൂർ മണപ്പാട്ടി പറമ്പിൽനിന്ന് ആരംഭിച്ച ജാഥയിൽ നൂറിലധികം പ്രാദേശിക കലാകാരന്മാരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.
മേളയുടെ പ്രചാരണാർഥം ജില്ലയിലെ എല്ലാ പഞ്ചായത്തിലും സഞ്ചരിച്ചുവന്ന ദീപശിഖ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്ററും ജനറൽ കൺവീനറുമായ ടി.എം. റെജീന മേളയുടെ പ്രധാന വേദിയിൽ എത്തിച്ചു. ഘോഷയാത്രയിൽ തെയ്യം, പടയണി, പൂക്കാവടി, പ്ലോട്ടുകൾ, രാമംഗലം സി.ഡി.എസിന്റെ മിന്നൽസേന, ധീരം കരാട്ടേ സംഘത്തിന്റെ പ്രകടനം എന്നിവ അണിനിരന്നു. ജില്ലയിലെ 101 സി.ഡി.എസ് ഗ്രൂപ്പുകളിലെ മുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.ആദ്യമായാണ് ജില്ലയിൽ സരസ് മേള സംഘടിപ്പിക്കുന്നത്. ജനുവരി ഒന്നുവരെയാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.