കൊച്ചി: കോടികളുടെ വികന പദ്ധതികൾ അണിയറയിലൊരുങ്ങുമ്പോഴും പൊതുഗതാഗത സൗകര്യങ്ങളുടെ അഭാവം കളമശ്ശേരി മെഡിക്കൽ കോളജിന്റെ നിറംകെടുത്തുന്നു. ജില്ലയിലെ നൂറുകണക്കിന് രോഗികൾ ദിവസേന ആശ്രയിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളജിനാണീ ദുർഗതി. മെഡിക്കൽ കോളജ് സ്ഥാപിച്ച് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും യാത്രാദുരിതം പരിഹരിക്കാനുള്ള നീക്കങ്ങൾ ഇഴയുകയാണ്.
മെഡിക്കൽ കോളജിനൊപ്പം ആധുനിക നിലവാരത്തിലുള്ള കാൻസർ സെന്ററും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കുകളുമാണ് ഇവിടെ ഒരുങ്ങുന്നത് നവംബറിൽ കാൻസർ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. ഇത്തരം സൗകര്യങ്ങൾ യാഥാർഥ്യമാകുന്നതോടെ ഇവിടേക്കുള്ള രോഗികളുടെ ഒഴുക്കും വർധിക്കും. എന്നാൽ, ഇതിനനുസരിച്ചുള്ള ഗതാഗത സൗകര്യങ്ങളില്ലാത്തത് തിരിച്ചടിയാകുന്നത്.
ദേശീയപാതയിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ മാത്രം മാറിയാണ് മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടേക്ക് എത്തിച്ചേരൽ സാധാരണക്കാർക്ക് അത്ര എളുപ്പമല്ല. കോതമംഗലം ഭാഗത്തേക്കും തിരിച്ചുമുളള ഏതാനും ചില ദീർഘദൂര ബസുകളും ചില കെ.എസ്.ആർ.ടി.സി ബസുകളുമാണ് ഇവരുടെ ആശ്രയം. ഇതിനായി ഏറെ സമയം കാത്തിരിക്കേണ്ടി വരുമെന്നതിനാൽ എച്ച്.എം.ടി കവലയിൽനിന്നടക്കമുള്ള ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളാണ് പലപ്പോഴും ആശ്രയം. ഇതിന് വലിയ തുക നൽകേണ്ടി വരും. പൊതുവെ ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങളിവിടെ പാർക്ക് ചെയ്യുന്നതും കുറവാണ്.
പൊതുഗതാഗതം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളജിന് സമീപം കളമശ്ശേരി നഗരസഭ ബസ് ടെർമിനൽ നിർമിച്ചിരുന്നു. എന്നാൽ, വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ടെർമിനൽ അനാഥമാണ്. ഒദ്യോഗിക അനുമതികൾ ലഭിക്കാത്തതാണത്രേ ബസ് ടെർമിനലിലേക്ക് ബസുകൾ എത്താൻ വൈകാൻ കാരണം. കെ.എസ്.ആർ.ടി.സി ബസുകളെയെങ്കിലും എത്തിക്കാൻ നീക്കം നടന്നെങ്കിലും അതും ഫലവത്തായില്ല. ദേശീയപാത വഴിയുള്ള ദീർഘദൂര ബസുകൾക്ക് കളമശ്ശേരിയിൽനിന്ന് മെഡിക്കൽ കോളജ് ചുറ്റി പോകാൻ കഴിയും. അതുപോലെതന്നെ സീപോർട്ട് എയർപോർട്ട് റോഡ് വഴിയുള്ള ബസുകൾക്കും മെഡിക്കൽ കോളജ് വഴി എളുപ്പത്തിൽ ആലുവയിൽ എത്താൻ കഴിയും. ഇത് നടപ്പായാലും ഗതാഗത ക്ലേശത്തിന് ഒരുപരിധിവരെ പരിഹാരമാകും. എന്നാൽ, ഈ നീക്കങ്ങൾക്ക് ചുക്കാൻപിടിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
മെഡിക്കൽ കോളജിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ കളമശ്ശേരി മെട്രോ സ്റ്റേഷനിൽനിന്നും ഫീഡർ ബസ് സർവിസ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനിൽനിന്നും മെഡിക്കൽ കോളജ് വഴി ഇൻഫോ പാർക്കിലേക്കിലേക്കാണ് സർവിസ്.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവിസ് വിജയം കണ്ടതോടെയാണ് കൂടുതൽ സർവിസ് നടത്താൻ കൊച്ചി മെട്രോ തയാറായത്. മെഡിക്കൽ കോളജിലേക്കുള്ള പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ കെ.എസ്.ആർ.ടി.സിയും കൂടുതൽ വണ്ടി ഓടിക്കാനുളള നീക്കം നടത്തുന്നുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളജിലേക്കുള്ള പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കണമെന്ന് കൃഷ്ണയ്യർ മൂവ്മെന്റ് ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽനിന്നും ഇവിടേക്ക് സർവിസ് ആരംഭിക്കണം. മെട്രോ ഫീഡർ ബസ് സർവിസ് ആരംഭിക്കുന്നതുപോലെതന്നെ കാക്കനാട് വാട്ടർ മെട്രോയിൽനിന്നും ഫീഡർ ബസ് സർവിസ് ആരംഭിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന വക്താവ് ഡോ. എൻ.കെ. സനിൽകുമാർ ഗതാഗത മന്ത്രി, ആരോഗ്യ മന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.