കൊച്ചി: തുടക്കം മുതൽ വിജയക്കുതിപ്പ് ഉയർത്തി ഹൈബി ഈഡൻ എം.പിയുടെ തേരോട്ടം തുടരുമ്പോൾ ആഘോഷത്തിലായിരുന്നു കോൺഗ്രസ് ക്യാമ്പും വോട്ടെണ്ണൽ കേന്ദ്ര പരിസരവും. വോട്ടെണ്ണൽ കേന്ദ്രമായിരുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സോഫ്റ്റ് വെയർ ബ്ലോക്ക്, ലബോറട്ടറി കോംപ്ലക്സ്, കളമശ്ശേരി സെന്റ് ജോസഫ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലൊക്കെ കോൺഗ്രസ് പ്രവർത്തകർ രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു. ഹൈബിയുടെ ലീഡ് നില ഉയരുന്നതിനൊപ്പം പ്രദേശത്ത് സന്തോഷ പ്രകടനങ്ങൾ അരങ്ങേറുന്നതായിരുന്നു കാഴ്ച.
ഹൈബി ഈഡനും ജില്ലയിലെ പാർട്ടിയുടെ മുതിർന്ന നേതാക്കളും ഡി.സി.സി ഓഫിസിലിരുന്നാണ് തെരഞ്ഞെടുപ്പുഫലം വീക്ഷിച്ചത്.
ഹൈബിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, വി.പി. സജീന്ദ്രൻ തുടങ്ങിയ നേതാക്കൾ ഓരോ നിമിഷവും വോട്ടുനില നിരീക്ഷിച്ചുകൊണ്ടിരുന്നു. ആശങ്കകൾക്കിടമില്ലാതെ ലീഡ് നില ഉയരുമ്പോൾ സന്തോഷം ഇരട്ടിയാക്കുന്ന കാഴ്ചയായിരുന്നു യു.ഡി.എഫ് ക്യാമ്പിൽ. ഇടക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ സന്ദർശനം നടത്തി.
പോസ്റ്റൽ വോട്ട് മുതൽ പടിപടിയായി ഹൈബിയുടെ ലീഡ് ഉയർന്നുകൊണ്ടേയിരുന്നു. ലീഡ് 20,000ത്തിന് മുകളിലേക്ക് ഉയർന്നതോടെ ഹൈബി ക്യാമ്പിൽ സന്തോഷം അണപൊട്ടി. വോട്ടെണ്ണൽ രണ്ടാം റൗണ്ടിലേക്ക് കടന്നതോടെ ലീഡ് വൻതോതിൽ ഉയർന്നു. കോൺഗ്രസ് പതാക ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു സന്തോഷ പ്രകടനം. ഘടക കക്ഷികളുടെ നേതാക്കളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രത്തിന് പരിസരത്തെത്തി രംഗം കൊഴുപ്പിച്ചു.
കോൺഗ്രസ് പതാകയുടെ നിറം ശരീരത്തിൽ വരച്ച് കൊടിയുമേന്തി വന്ന വാത്തുരുത്തി സ്വദേശി ഷെൽഡൻ ആഘോഷത്തിൽ ശ്രദ്ധാകേന്ദ്രമായി. ഓരോ തവണ ലീഡ് ഉയരുമ്പോഴും പ്രവർത്തകരുടെ ആവേശം ഇരട്ടിയായിക്കൊണ്ടിരുന്നു. പ്ലക്കാർഡുകളും ഹൈബി ഈഡന്റെ കട്ടൗട്ടും ഉയർത്തി കൂടുതൽ പ്രവർത്തകർ രംഗത്തെത്തി. ഡി.സി.സി ഓഫിസിന് മുന്നിൽ പടക്കം പൊട്ടിച്ചും മേളമൊരുക്കിയും പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു. ലീഡ് ഒരു ലക്ഷത്തിന് മുകളിൽ പോയതോടെ ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി.ജെ. വിനോദ് എം.എൽ.എക്കുമൊപ്പം ഹൈബി ഈഡൻ വാർത്തസമ്മേളനം നടത്തി. തുടർന്ന് ആഹ്ലാദ പ്രകടനം ആരംഭിച്ചു. കളമശ്ശേരി, തൃക്കാക്കര, പാലാരിവട്ടം, വൈറ്റില, തൃപ്പൂണിത്തുറ ടൗൺ, മരട്, ബി.ഒ.ടി പാലം, ഫോർട്ട് കൊച്ചി, മരട്, വൈപ്പിൻ, പറവൂർ എന്നിവിടങ്ങളിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിച്ചായിരുന്നു പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.