കൊച്ചി: ‘ഭായി’മാരെ മലയാളം പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരത മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2018ൽ ആരംഭിച്ച പദ്ധതിയാണിത്. പദ്ധതി നാല് ഘട്ടം പൂർത്തിയാകുമ്പോൾ ജില്ലയിൽ മലയാളത്തിൽ വിജയഭേരി മുഴക്കുന്നത് 976 അന്തർ സംസ്ഥാനക്കാരാണ്. സംസ്ഥാനത്ത് ഏറ്റവുമധികം അന്തർ സംസ്ഥാനക്കാർ വിവിധ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നത് ജില്ലയിലാണ്. അതുകൊണ്ടുതന്നെ അടുത്ത ഘട്ടങ്ങളിൽ പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
പൂർത്തിയായത് നാല് ഘട്ടം വിവിധ തൊഴിലുകൾക്കായി സംസ്ഥാനത്തേക്ക് വൻതോതിൽ അന്തർ സംസ്ഥാന തൊഴിലാളികൾ എത്തിയതോടെയാണ് ആശയവിനിമയം തലവേദനയായത്. ഇതേതുടർന്നാണ് പ്രാഥമിക കാര്യങ്ങളെങ്കിലും ആശയവിനിമയം നടത്താൻ ഇവരെ മലയാളത്തിൽ സാക്ഷരരാക്കുകയെന്ന ആശയം ഉദിച്ചത്. ഇതിന്റെ ചുവടുപിടിച്ച് സാക്ഷരത മിഷൻ ‘ചങ്ങാതി’യെന്ന പേരിൽ സാക്ഷരത പരിപാടി ആരംഭിച്ചു.
സംസ്ഥാനതലത്തിൽ മാതൃക പദ്ധതിയായി പെരുമ്പാവൂർ നഗരസഭയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതൽ അന്തർസംസ്ഥാന തൊഴിലാളികൾ തിങ്ങിത്താമസിക്കുന്നയിടം എന്ന നിലയിലാണ് പെരുമ്പാവൂരിനെ തെരഞ്ഞെടുത്തത്. ആദ്യഘട്ട സാക്ഷരത പദ്ധതിയിലൂടെ 416 അന്തർ സംസ്ഥാനക്കാരാണ് ഇവിടെ മലയാളത്തിൽ സാക്ഷരരായത്. തുടർന്ന്, 2021-22ൽ നെടുമ്പാശ്ശേരി പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഇവിടെ 198 പേരാണ് മലയാളം പഠിച്ചത്. തുടർന്ന്, 2022-23ൽ കടുങ്ങല്ലൂർ പഞ്ചായത്തിൽ 260 പേരും 2023-24ൽ പായിപ്ര പഞ്ചായത്തിൽ 102 പേരും മലയാളത്തിൽ സാക്ഷരരായി.
വഴികാട്ടിയായി ‘ഹമാരി മലയാളം’
അന്തർസംസ്ഥാനക്കാർക്ക് മലയാളത്തിലേക്ക് വഴി കാണിക്കുന്നത് ‘ഹമാരി മലയാളം’ ഡിജിറ്റൽ കൈപ്പുസ്തകമാണ്. എസ്.ഇ.ആർ.ടി സഹായത്തോടെ സാക്ഷരത മിഷൻ തയാറാക്കിയതാണിത്. നിത്യജീവിതത്തിൽ ആവശ്യമായ വാക്കുകൾ പ്രത്യേകിച്ച് പേര് എഴുതൽ, ബോർഡുകൾ വായിക്കലടക്കം കാര്യങ്ങൾ ഹിന്ദി മാധ്യമം വഴിയാണ് ഇവരെ പഠിപ്പിച്ചെടുക്കുന്നത്.
പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരാണ് നേതൃത്വം. അന്തർസംസ്ഥാനക്കാർ കൂടുതലുള്ള തൊഴിലിടങ്ങളിലെ ഏതെങ്കിലും കേന്ദ്രമാകും ക്ലാസ് മുറികൾ. 30-40 പേർ വീതമുള്ള പഠിതാക്കൾക്ക് ഒരു ഇൻസ്ട്രക്ടർ എന്ന ക്രമത്തിലാണ് പരിശീലനം. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ്. മൂന്നുമാസത്തെ പഠനശേഷം ചങ്ങാതി മികവുത്സവം എന്ന പേരിൽ ഇവർക്ക് പരീക്ഷ നടത്തും. സാക്ഷരത മിഷൻ നടത്തുന്ന ഈ പരീക്ഷയിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.
ഒരുങ്ങുന്നത് വിപുലമായ കർമപദ്ധതികൾ
അന്തർ സംസ്ഥാനക്കാരെ മലയാളത്തിൽ സാക്ഷരരാക്കാൻ വിപുലമായ കർമപദ്ധതികളാണ് സാക്ഷരതമിഷൻ നടപ്പാക്കുന്നത്. തൊഴിലുടമകളുടെ സഹായത്തോടെ കൂടുതൽ പേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇതുവഴി ഇവരെ മലയാളത്തിൽ സാക്ഷരരാക്കുന്നതിനോടൊപ്പം വിവിധ ബോധവത്കരണ പരിപാടികൾക്കും ഗുണകരമാകുമെന്ന് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന സാക്ഷരത മിഷൻ ജില്ല അസി. കോഓഡിനേറ്റർ കെ.എം. സുബൈദ പറയുന്നു. ആരോഗ്യവകുപ്പും എക്സൈസ്-പൊലീസ് വകുപ്പുകളും ഇവർക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്.
ഭാഷാപരിമിതി ഇതിനെല്ലാം പ്രതിസന്ധിയാണ്. കൂടുതൽപേർ പദ്ധതിയുടെ ഭാഗമാകുന്നതോടെ ഇത് മറികടക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
പദ്ധതിയിലൂടെ ജില്ലയിൽ മലയാളത്തിൽ സാക്ഷരരായ അന്തർസംസ്ഥാനക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.