മട്ടാഞ്ചേരി: നവീകരണം പൂർത്തിയാക്കി ഒരു വർഷമാകുമ്പോഴും മട്ടാഞ്ചേരി ബോട്ട് ജെട്ടി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്ത നടപടിയിൽ ജനകീയ സംഘടനകൾ ചേർന്ന് പ്രതിഷേധത്തിനൊരുങ്ങുന്നു. ജെട്ടി തുറക്കുന്നതിന്റെ കാത്തിരിപ്പിൽ ക്ഷമകെട്ടാണ് നാട്ടുകാർ പ്രതിഷേധത്തിനിറങ്ങുന്നത്. കഴിഞ്ഞ ആറ് വർഷമായി മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ നിന്നുള്ള സർവിസ് നിർത്തി വെച്ചിരിക്കുകയാണ്. ജനങ്ങൾ യാത്രാക്ലേശത്തിൽ വലയുമ്പോഴും അധികൃതരും ജനപ്രതിനിധികളും ജില്ല ഭരണകൂടവുമെല്ലാം നിശബ്ദതയിലാണ്. 97 ലക്ഷം രൂപ ചെലവഴിച്ച് ജെട്ടി നവീകരണം പൂർത്തിയാക്കിയെങ്കിലും നാലരക്കോടി രൂപയുടെ എക്കൽ നീക്കൽ പ്രവർത്തനം എങ്ങുമെത്താതെ നിൽക്കുകയാണ്. ജെട്ടിയിലേക്ക് ബോട്ട് അടുക്കുന്നതിന് പ്രധാന തടസ്സമായ ഏക്കൽ നീക്കം പരിഹരിക്കപ്പെടാത്ത പ്രതിസന്ധിയായി തുടരുന്നതാണ് സർവിസ് തടസ്സത്തിന് പ്രധാന കാരണം.
2022 ഏപ്രിലിൽ ഡ്രഡ്ജിങ്ങ് പ്രവർത്തനം ആരംഭിച്ചെങ്കിലും ആദ്യം ചെളി നിക്ഷേപിക്കുന്ന സ്ഥലത്തെച്ചൊല്ലി തർക്കമായി, തുടർന്നുണ്ടായ പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് ഡ്രഡ്ജിങ്ങ് നിർത്തിവെച്ചു. പിന്നീട് പ്രതിസന്ധിക്ക് പരിഹാരവുമായി നീക്കം ചെയ്യുന്ന ചെളി പുറം കടലിൽ നിക്ഷേപിക്കാൻ തീരുമാനമാ യെങ്കിലും കാലാവസ്ഥ മാറ്റവും സാങ്കേതികത്വവും വീണ്ടും കാലതാമസത്തിനിടയാക്കി. ചെളി കോരി കായലിൽ തന്നെ നിക്ഷേപിക്കുന്ന കരാറുകാരന്റെ നടപടിയും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുതുവത്സര സമ്മാനമായി ജെട്ടി ഉദ്ഘാടനം നടക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചെങ്കിലും ഡ്രഡ്ജിങ്ങ് പ്രതിസന്ധി ഇന്നും അനിശ്ചിതമായി തുടരുകയാണ്.
കെ.ജെ. മാക്സി എം.എൽ.എ ജെട്ടി ഉദ്ഘാടന പ്രശ്നം സബ്മിഷനിലൂടെ നിയമസഭയിൽ ഉന്നയിച്ചെങ്കിലും ചെളി നീക്കി കഴിഞ്ഞാൽ ഉദ്ഘാടനം ചെയ്യുമെന്നാണ് വകുപ്പ് മന്ത്രി ഗണേശ് കുമാർ മറുപടി നൽകിയത്. നിലവിലെ സാഹചര്യത്തിൽ ചെളി എന്ന് കോരി തീരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
കൊച്ചി മഹാരാജാവിന്റെ പള്ളിയോടങ്ങൾ അടുപ്പിച്ചിരുന്ന സ്ഥലത്തിനടുത്ത് രാജാവ് നൽകിയ സ്ഥലത്ത് ജനങ്ങൾക്ക് ജലയാത്ര സൗകര്യമൊരുക്കാൻ 1930കളിൽ നിർമിച്ച മട്ടാഞ്ചേരി ജെട്ടി സംസ്ഥാനത്തെ ആദ്യകാല ജെട്ടികളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.