കൊച്ചി: സബ്സിഡി തുക ലഭിച്ചിട്ട് മാസങ്ങളായതോടെ എറണാകുളം ജില്ലയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ നിലനിൽപ് ഭീഷണിയിൽ. സർക്കാർ കുടുംബശ്രീ മുഖേന കോവിഡ് കാലം മുതൽ ആരംഭിച്ച ജനകീയ ഹോട്ടലുകളാണ് സബ്സിഡി തുക ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായത്.
ഇതോടെ ജില്ലയിൽ മാത്രം 10 ഹോട്ടൽ പ്രവർത്തനം നിർത്തിയതായാണ് വിവരം. 116 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്ന ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്നത് 96 എണ്ണം മാത്രമാണ്. ആറ് മാസത്തിലധികമായി സർക്കാർ നൽകുന്ന സബ്സിഡി തുക കുടിശ്ശികയായതാണ് ഇവർക്ക് തിരിച്ചടിയായത്. ഊണൊന്നിന് 10 രൂപയാണ് സർക്കാർ നൽകുന്ന സബ്സിഡി.
ഉപഭോക്താവിൽനിന്ന് ഊണിന് 20 രൂപയാണ് ഈടാക്കുന്നത്. ഇതടക്കം 30 രൂപയാണ് ഒരു ഊണിന് ഇവർക്ക് ലഭിക്കുന്നത്. എന്നാൽ, അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസിന്റെയും അടിക്കടിയുള്ള വിലക്കയറ്റത്തിനൊപ്പം നാമമാത്രമായ സബ്സിഡി കൂടി മുടങ്ങുന്നതാണ് നടത്തിപ്പുകാരെ വലക്കുന്നത്. ഇതേസമയം ബജറ്റിൽ അനുവദിച്ച തുകയെക്കാൾ സബ്സിഡിയായി നൽകേണ്ടി വന്നതാണ് ഇത് മുടങ്ങാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം അവസാനത്തോടെ സബ്സിഡി തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറയുന്നു.
സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകളുള്ളത് ജില്ലയിലാണ്. കോലഞ്ചേരി തോന്നിക്കയിലെ ജനകീയ ഹോട്ടലിന് അവാർഡും ലഭിച്ചിരുന്നു. ഇതോടൊപ്പം കൊച്ചിൻ കോർപറേഷൻ നടത്തുന്ന ജനകീയ ഹോട്ടലിൽ ഒരു ദിവസം രണ്ടായിരത്തോളം ഊണാണ് ചെലവാകുന്നത്. എന്നാൽ, ഈ മാസവും സബ്സിഡി തുക കുടിശ്ശികയായാൽ ഭൂരിഭാഗം ഹോട്ടലുകളും അടക്കേണ്ട അവസ്ഥയാകുമെന്നാണ് നടത്തിപ്പുകാർ പറയുന്നത്.
ചെറിയ വിലയ്ക്ക് ഊണ് ലഭിക്കുന്നുവെന്നതിനാൽ സാധാരണക്കാരുടെയും ചെറിയ വരുമാനക്കാരുടെയും ആശ്രയമെന്നതിനൊപ്പം ഒരു വിഭാഗത്തിന്റെ വരുമാന മാർഗം കൂടിയാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.